സംഘ്പരിവാര്‍ വാദം പൊളിയുന്നു; നോട്ടുകള്‍ പിന്‍വലിച്ച നടപടിയെ വിമര്‍ശിച്ച് ലോക മാധ്യമങ്ങള്‍

Posted on: November 19, 2016 9:32 am | Last updated: November 19, 2016 at 11:33 am

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ നോട്ടുപിന്‍വലിക്കല്‍ നടപടിയെ ഇന്ത്യന്‍ മാധ്യമങ്ങള്‍ മാത്രമാണ് എതിര്‍ക്കുന്നതെന്നും വിദേശ മാധ്യമങ്ങള്‍ പുകഴ്ത്തുകയാണെന്നുമുള്ള സംഘ്പരിവാര്‍ സംഘനകളുടെ വാദം പൊളിയുന്നു. ലോകത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം നടപടിയെ രൂക്ഷമായി വിമര്‍ശച്ചാണ് റിപ്പോര്‍ട്ട് ചെയ്തത്.
ന്യൂയോര്‍ക്ക് ടൈംസ്: നോട്ടുകള്‍ അസാധുവാക്കിയ ഞെട്ടിപ്പിക്കുന്ന നടപടി ജനങ്ങളില്‍ രോഷമുണ്ടാക്കിയെന്നും ജനങ്ങള്‍ അരക്ഷിതാവസ്ഥയിലാണെന്നും പ്രമുഖ അമേരിക്കന്‍ പത്രമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ബേങ്കുകള്‍ക്ക് മുന്നില്‍ ആളുകള്‍ നില്‍ക്കുന്ന ചിത്രത്തോടെ നല്‍കിയ വാര്‍ത്തയില്‍ ബേങ്കുകള്‍ക്ക് മുന്നില്‍ അര്‍ധ സൈനിക വിഭാഗത്തെ വിന്യസിച്ചതും തിക്കിലും തിരക്കിലുമുള്ള അപകടവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ബി ബി സി: കള്ളപ്പണം ഇല്ലാതാക്കാനുള്ള സര്‍ക്കാഖളന്റെ നീക്കം പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗത്തിനും ദുസ്സ്വപ്‌നമായി മാറിയെന്നായിരുന്ന പ്രമുഖ ബ്രിട്ടീഷ് വാര്‍ത്താ ചാനലായ ബി ബി സിയുടെ വിലയിരുത്തല്‍. പരിഭ്രാന്തരായ ജനക്കൂട്ടം ദിവസങ്ങളോളം ബേങ്കിലും എ ടി എമ്മിനും മുന്നില്‍ പണത്തിനായി കാത്തു നില്‍ക്കുന്നു. മോശം സാമ്പത്തിക ശാസ്ത്രമെന്നാണെന്നാണ് നോട്ടുപിന്‍വലിക്കലിനെ ബി ബി സി വിശേഷിപ്പിച്ചത്.
ദി ഗാര്‍ഡിയന്‍: കള്ളപ്പണക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞാണ് അധികാരത്തിലെത്തിയത്. മൂന്നര വര്‍ഷം കഴിഞ്ഞിട്ടും വമ്പന്‍ വാഗ്ദാനങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് കഴിയാത്തതിനാല്‍ ജനം മുറുമുറുത്ത് തുടങ്ങി. പുകപടര്‍ത്തുന്ന നടപടികളില്‍ വിദഗ്ധനായ മോദി അതു കൊണ്ട് കഴിഞ്ഞയാഴ്ച ഒരു കാര്യം ചെയ്തു, എന്നാണ് ദ ഗാര്‍ഡിയന്‍ നോട്ട് നിരോധനത്തിന് നല്‍കുന്ന ആമുഖം.
ഹഫിംഗ്ടണ്‍ പോസ്റ്റ്: മോദിയുടെ നടപടിയില്‍ ഇപ്പോള്‍ തന്നെ നിരവധി പേര്‍ മരിച്ചതായും സ്ഥിതി സാധാരണ നിലയിലെത്താന്‍ മാസങ്ങളെടുക്കുമെന്നും അമേരിക്കന്‍ ഓണ്‍ലൈന്‍ പത്രമായ ഹഫിഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
അല്‍ ജസീറ: ഞെട്ടിപ്പിക്കുന്ന നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തില്‍ ജനം വലഞ്ഞിരിക്കുകയാണെന്നും പണത്തിനായി ജനം കാത്തുനില്‍ക്കുമ്പോള്‍ എ ടി എമ്മുകള്‍ അടഞ്ഞു കിടക്കുകയാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
വാഷിംഗ്ടണ്‍ പോസ്റ്റ്: നോട്ട് മാറാന്‍ ലക്ഷക്കണക്കിന് പേര്‍ ബേങ്കിന് മുന്നിലെത്തിയപ്പോള്‍ ഇന്ത്യ പിടയുകയാണെന്നും സര്‍ക്കാറിനെ അനുകൂലിക്കുന്നവരെ അമേരിക്കയില്‍ ട്രംപിനെ അനുകൂലിക്കുന്നവരുടെ അതേ ഗതിയാണുളളതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു.
ഡെയ്‌ലി മെയില്‍: ’56 ഇഞ്ചിന്റെ നെഞ്ചളവ് മോദി ഉയര്‍ത്തിക്കാട്ടുന്നുണ്ടല്ലോ, എങ്ങനെയുള്ള മകനാണ് അമ്മക്ക് ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോകാന്‍ അവസ്ഥയുണ്ടാക്കുക?’; പ്രധാനമന്ത്രിയുടെ 96 വയസ്സുള്ള അമ്മ നോട്ടുമാറാന്‍ ബാങ്കിലെ ക്യൂവില്‍ നിന്നു.
നല്ല മക്കളാരും 96 വയസായ അമ്മയ്ക്ക് ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകാന്‍ അനുവദിക്കില്ലെന്നും എന്നിട്ടാണ് 56 ഇഞ്ചിന്റെ വിരിവ് പറയുന്നതെന്നുമുള്ള കോണ്‍ഗ്രസ് വക്താവ് കപില്‍ സിബലിന്റെ വാക്കുകളില്‍ ഊന്നിയാണ് ഡെയ്‌ലി മെയില്‍ വാര്‍ത്ത നല്‍കിയത്