ഹൈക്കോടതി പരിസരത്ത് ഉച്ചഭാഷിണി നിരോധം

Posted on: November 19, 2016 10:21 am | Last updated: November 19, 2016 at 10:21 am

കൊച്ചി: ഹൈക്കോടതിയുടെ 200 മീറ്റര്‍ ചുറ്റളവില്‍ പ്രകടനം, യോഗം, സംഘം ചേരല്‍, ഉച്ചഭാഷിണി ഉപയോഗം എന്നിവ നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ക്രിമിനല്‍ നടപടി ചട്ടത്തിലെ 144 (3) വകുപ്പ് പ്രകാരമുള്ള ഉത്തരവ് വ്യാഴാഴ്ച മുതല്‍ രണ്ട് മാസത്തേക്ക് പ്രാബല്യത്തിലുണ്ടായിരിക്കും. കേരള ഹൈക്കോടതിയുടെ ജൂലൈ 27ലെ ഇടക്കാല ഉത്തരവിന്റെയും അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ നല്‍കിയ കത്തിന്റെയും അടിസ്ഥാനത്തിലാണ് ജില്ലാ മജിസ്‌ട്രേറ്റ് എന്ന നിലയില്‍ കലക്ടറുടെ ഉത്തരവ്. കൊച്ചി സിറ്റി പോലീസ് മേധാവിക്കും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ കണയന്നൂര്‍ തഹസില്‍ദാര്‍ക്കുമാണ് ഉത്തരവ് നടപ്പാക്കാനുള്ള ചുമതല. ഉത്തരവ് സംബന്ധിച്ച വിശദാംശങ്ങള്‍ നിയമ വകുപ്പ് സെക്രട്ടറിക്കും കൈമാറിയിട്ടുണ്ട്.