കൊല്‍ക്കത്ത പ്ലീനം തീരുമാനങ്ങള്‍ നടപ്പാക്കല്‍; സി പി എമ്മില്‍ ചര്‍ച്ച തുടങ്ങി

Posted on: November 19, 2016 6:00 am | Last updated: November 19, 2016 at 12:44 am

തിരുവനന്തപുരം: സി പി എമ്മിന്റെ സംഘടനാ സംവിധാനത്തില്‍ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് കൊല്‍ക്കത്താ പ്ലീനത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളിന്മേല്‍ സി പി എം സംസ്ഥാന സമിതിയില്‍ ചര്‍ച്ച തുടങ്ങി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച. പാര്‍ട്ടിയെ അടിമുടി ശുദ്ധീകരിക്കാനുള്ള തീരുമാനങ്ങളാണ് കൊല്‍ക്കത്താ പ്ലീനത്തില്‍ ഉണ്ടായത്.

പാര്‍ട്ടി കോണ്‍ഗ്രസ് കാലാകാലങ്ങളില്‍ കൈക്കൊണ്ട തീരുമാനങ്ങളില്‍ സാഹചര്യത്തിനനുസരിച്ചു മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര കമ്മിറ്റിക്ക് അധികാരം ഉണ്ടാകുന്ന വളരെ പ്രധാനപ്പെട്ട പ്ലീനം തീരുമാനവും ചര്‍ച്ചക്കു വിധേയമാകും. എന്നാല്‍ ഈ തീരുമാനത്തില്‍ കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നതാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ പാര്‍ട്ടി ഇക്കാര്യത്തില്‍ എന്തു തീരുമാനമെടുക്കുമെന്നത് ശ്രദ്ധേയമാണ്. ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും സ്വാധീനത്തെ തടയാനുള്ള നീക്കവും പാര്‍ട്ടി ആരംഭിച്ചിട്ടുണ്ട്. ന്യൂനപക്ഷ സമുദായങ്ങളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തുന്നതിനുളള നിലപാടുകളും യോഗത്തില്‍ ചര്‍ച്ചയാകും.

സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും പാര്‍ട്ടിയില്‍ അടുത്തിടെ ഉയര്‍ന്ന വിവാദങ്ങളുമൊക്കെ ഇന്നു ചേരുന്ന സംസ്ഥാന സമിതിയില്‍ ചര്‍ച്ചയാകും. ജനപ്രതിനിധികള്‍ക്ക് പ്രത്യേക പെരുമാറ്റചട്ടം നിലവിലുണ്ടെങ്കിലും കേരളത്തിലും ത്രിപുരയിലും പാര്‍ട്ടി അധികാരത്തില്‍ ഇരിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ജനപ്രതിനിധികള്‍ക്ക് ഉണ്ടാകും. ഇതുസംബന്ധിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ ഇന്നും നാളെയുമായി നടക്കുന്ന സംസ്ഥാന സമിതിയിലുണ്ടാകും.