തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭമെന്ന് മമതയും കെജ്‌രിവാളും

Posted on: November 18, 2016 9:42 am | Last updated: November 18, 2016 at 7:03 pm

mamatha-and-kejriwalന്യൂഡല്‍ഹി: 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ശക്തമായ പ്രതിഷേധവുമായി അരവിന്ദ് കെജ്‌രിവാളും മമതാ ബാനര്‍ജിയും. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം മൂന്ന് ദിവസത്തിനകം പിന്‍വലിക്കണമെന്നും മൂന്ന് ദിവസത്തിനുള്ളില്‍ പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുമെന്നും ഇരുവരും പ്രതികരിച്ചു.
ഡല്‍ഹയിലെ ആസാദ്പൂരില്‍ സംഘടിപ്പിച്ച മാര്‍ച്ചിനെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇരുവരും കേന്ദ്രത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. മൂന്ന് ദിവസത്തിനുള്ളില്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യം നൂറ് ദിവസം പിറകോട്ട് പോകുമെന്ന് മമതാ ബാനര്‍ജി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഭരണഘടനയെ വെല്ലുവിളിച്ചിരിക്കുകയാണ്. ഇത്തരം ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കാത്തത് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കണമെന്നും മമതാ ബാനര്‍ജി പറഞ്ഞു. തീരുമാനം മൂലം സാധാരണ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. മൂന്ന് ദിവസത്തിനകം ഇതുമൂലമുണ്ടായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കണം. പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളുടെ വേദന മനസ്സിലാക്കി അവരോടൊപ്പം നില്‍ക്കണം. കള്ളപ്പണത്തിന് താനും എതിരാണ്. പക്ഷേ ഈ മാര്‍ഗമല്ല കള്ളപ്പണം പിടിക്കുന്നതിന് സ്വീകരിക്കേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
1947ല്‍ ഇന്ത്യ സ്വതന്ത്രമായതിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ടുനിരോധമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ജനങ്ങള്‍ ബേങ്കുകളില്‍ കൊണ്ടുപോയി 10 ലക്ഷം നിക്ഷേപിച്ചാല്‍ മോദി തന്റെ കോര്‍പറേറ്റ് സുഹൃത്തുക്കള്‍ക്ക് എട്ട് ലക്ഷം കടം നല്‍കും. ഇന്നുവരെ വരി നിന്ന് 40 പേര്‍ മരിച്ചു. ഇതാണോ മോദി പറഞ്ഞ രാജ്യസ്‌നേഹം. ഈ മരണങ്ങള്‍ക്ക് ആര് ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും അദ്ദേഹം ചോദിച്ചു. മൂന്ന് ദിവസത്തിനകം കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം പിന്‍വലിക്കണം. ജനങ്ങളുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത്. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ജനങ്ങള്‍ കലാപത്തിനിറങ്ങുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. ശേഷം ഇരുവരും ഡല്‍ഹിയിലെ ആര്‍ ബി ഐ കേന്ദ്രം സന്ദര്‍ശിച്ചു.