ആരാണ് വധഭീഷണിക്ക് പിന്നിലെന്ന് മോദി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്

Posted on: November 16, 2016 2:15 pm | Last updated: November 16, 2016 at 8:39 pm
SHARE

anand-sharmaന്യൂഡല്‍ഹി: ആരാണ് വധഭീഷണി മുഴക്കിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. നോട്ട് നിരോധനം സംബന്ധിച്ച ചര്‍ച്ചക്ക് തുടക്കമിട്ട് രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു ആനന്ദ് ശര്‍മ. ആര്‍ക്കാണ് താങ്കളെ വധിക്കേണ്ടതെന്ന് പാര്‍ലമെന്റില്‍ വ്യക്തമാക്കണം. ഇത് സഹിക്കാനാവുന്നതല്ല, പ്രധാനമന്ത്രിയുടെ ജീവന് ഭീഷണിയുണ്ടെങ്കില്‍ പാര്‍ലമെന്റ് മുഴുവന്‍ അപലപിക്കും- ആനന്ദ് ശര്‍മ പറഞ്ഞു.

കള്ളപ്പണം തടയാന്‍ നടപടി എടുത്തതിന്റെ പേരില്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമം നടന്നേക്കുമെന്ന് ഗോവയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ആനന്ദ് ശര്‍മ. നോട്ടുകള്‍ പിന്‍വലിച്ചത് രാജ്യത്ത് സാമ്പത്തിക അരാജകത്വമാണ് ഉണ്ടാക്കിയിരിക്കുന്നത്. ബാങ്കുകളിലും എടിഎമ്മുകളിലും മണിക്കൂറുകളോളം ക്യൂ നിന്നിട്ടും പണം ലഭിക്കാതെ ജനങ്ങള്‍ തിരിച്ചുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധനം കൊണ്ട് രാജ്യത്തെ കള്ളപ്പണക്കാര്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല. അഞ്ചും ആറും ദിവസം ബാങ്കിന് മുന്നില്‍ വരിനിര്‍ത്തിയിട്ട് രാജ്യത്തെ സാധാരണക്കാരെ പ്രധാനമന്ത്രി അഴിമതിക്കാരെന്ന് വിളിക്കുകയാണ്. ഇതിന് രാജ്യത്തെ പാവപ്പെട്ട ജനങ്ങളോട് മാപ്പു പറയാന്‍ പ്രധാനമന്ത്രി തയ്യാറാവണം. ഒന്നും പഠിക്കാതെയാണ് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത്. സാധാരണക്കാരന്റെ ഒരു പ്രശ്‌നവും മനസിലാക്കാതെ പെട്ടന്ന് തീരുമാനമെടുത്തതാണ് കുഴപ്പമായതെന്നും ആനന്ദ് ശര്‍മ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here