കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും: മന്ത്രി ശശീന്ദ്രന്‍

Posted on: November 15, 2016 11:12 am | Last updated: November 15, 2016 at 11:12 am
കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ ബയോ ഡീസല്‍ പമ്പിന്റെ ഉദ്ഘാടനം           ബസില്‍ ഇന്ധനം നിറച്ച് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കുന്നു
കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ ബയോ ഡീസല്‍ പമ്പിന്റെ ഉദ്ഘാടനം ബസില്‍ ഇന്ധനം നിറച്ച് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കുന്നു

കോഴിക്കോട്: കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും ഇതിനായി അന്വേഷ്വണം നടത്തി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായിട്ടുണ്ടന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. കോഴിക്കോട് കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ സ്ഥാപിച്ച ഓട്ടോമേറ്റഡ് ഫില്ലിംഗ് സിസ്റ്റം, ബയോ ഡീസല്‍ പമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള എല്ലാ കെ എസ് ആര്‍ ടി സി ഡിപ്പോകളിലും ഈ സംവിധാനം കൊണ്ടു വരും. അന്തരീക്ഷ മലിനീകരണം തടയുന്നതിന് പൊതുമേഖലാ സ്ഥാപനത്തിന് സ്വീകരിക്കാവുന്ന ഉചിതമായ ആദ്യത്തെ നടപടി ഇതാണ്. ഋജുവായ പച്ചക്കറി എണ്ണയില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്ന ബയോ ഡീസല്‍ ഹൈദരബാദ് ബയോ ഡീസല്‍ പ്ലാന്റില്‍ നിന്നുമാണ് പമ്പുകളില്‍ എത്തിക്കുന്നത്.
അഞ്ച് ശതമാനം ബയോ ഡീസലും ബാക്കി ഡീസലും ഉപയോഗിച്ചാണ് ആദ്യ ഘട്ടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. പിന്നീട് ഇത് 20 ശതമാനമായി ഉയര്‍ത്തുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. സാധാരണ ഡീസലിനു കിട്ടുന്ന കാര്യപ്രാപ്തി ബയോ ഡീസലിനും ലഭിക്കും. അന്തരീക്ഷ മലിനീകരണം കുറക്കാനും സഹായിക്കും.
ഓട്ടോമേറ്റഡ് ഫില്ലിംഗ് സിസ്റ്റം വഴി കെ എസ് ആര്‍ ടി ബസുകളുടെ ഡീസല്‍ ഉപയോഗത്തിന്റെ കൃത്യമായ കണക്കുകള്‍ ലഭ്യമാകും. ബസ് ഡീസല്‍ ടാങ്കിലും പമ്പ് നോസിലിലും പിടിപ്പിച്ചിട്ടുള്ള സെന്‍സര്‍ വഴിയാണ് ഈ പ്രവര്‍ത്തനം സാധ്യമാകുന്നത്.
ടാങ്ക് സെന്‍സറും നോസില്‍ സെന്‍സറും റീഡ് ചെയ്താല്‍ മാത്രമേ ഡീസല്‍ ലഭ്യമാക്കുകയുള്ളൂ. ഇതിനായി ബസ് ഡ്രൈവറുടെ ഐ ഡി കാര്‍ഡ് നമ്പറും ബസിന്റെ നമ്പറും നല്‍കണം. ഓരോ ബസുകളും എത്ര ലിറ്റര്‍ ഡീസല്‍ അടിക്കുന്നുണ്ട്, എതോക്കെ വഴിയാണ് പോകുന്നത്,
ആരാണ് ബസിന്റെ അന്നത്തെ ഡ്രൈവര്‍ തുടങ്ങി എല്ലാ വിവരങ്ങളും ശേഖരിച്ച് സൂക്ഷിക്കുകയും ചെയ്യുന്നു. ബസുകളുടെയും ഡ്രൈവര്‍മാരുടെയും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാണോ എന്ന് തിരിച്ചറിയാനും സാധിക്കും. ജില്ലയില്‍ തോട്ടില്‍പ്പാലത്ത് മാത്രമേ ഈ സംവിധാനം നിവിലൂള്ളൂ. ചടങ്ങില്‍ എ പ്രദീപ് കുമാര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. ഐ ഒ സി ജനറല്‍ മാനേജര്‍ പി എസ് മനോജ്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ലളിത പ്രഭ, ഐ ഒ സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജി രാമകുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ടി വരപ്രസാദ റാവു സംസാരിച്ചു.