തീരുമാനം പിന്‍വലിക്കില്ലെന്ന് മോദി; എന്‍ ഡി എയില്‍ ഭിന്നത

Posted on: November 15, 2016 12:03 am | Last updated: November 15, 2016 at 12:03 am

ന്യൂഡല്‍ഹി: നോട്ടുകള്‍ പിന്‍വലിച്ച തീരുമാനം പുനഃപരിശോധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതോടെ ഇതിനെതിരെ എന്‍ ഡി എ ഘടകകക്ഷികള്‍ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തി. രാജ്യം മുഴുവന്‍ സര്‍ക്കാറിനൊപ്പമുണ്ടെന്നും അതിനാല്‍ നോട്ടുമാറ്റ തീരുമാനം പുനഃപരിശോധിക്കില്ലെന്നുമായിരുന്നു മോദി പറഞ്ഞത്. എന്‍ ഡി എ യോഗത്തിലാണ് പ്രധാനമന്ത്രി നിലപാട് ആവര്‍ത്തിച്ചത്. എന്നാല്‍, ഏകപക്ഷീയമായ നോട്ടുമാറ്റ തീരുമാനത്തിനെതിരെ ആദ്യ ദിനങ്ങളില്‍ തന്നെ രംഗത്തെത്തിയ ശിവസേനക്ക് പിന്നാലെ സഖ്യകക്ഷിയായ അകാലിദളും ഇന്നലെ എന്‍ ഡി എ യോഗത്തില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു.
നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ പാര്‍ലിമെന്റില്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും ഇതിനായി നാല് ദിവസം വരെ നീക്കിവെക്കാമെന്നും ബി ജെ പി വ്യക്തമാക്കി. പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനം നാളെ ആരംഭിക്കാനിരിക്കെയാണ് ബി ജെ പിയുടെ പ്രതികരണം.
പുതിയ തീരുമാനം അപ്രായോഗികമാണെന്നും പണത്തിന്റെ അഭാവം ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും അകാലിദള്‍ നേതാവും പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ ബാദല്‍ യോഗത്തില്‍ പറഞ്ഞു. അമ്പത് ദിവസംകൊണ്ട് പുതിയ തീരുമാനം നടപ്പിലാക്കാന്‍ കഴിയില്ല. പ്രധാനമന്ത്രിയെ പിന്തുണക്കുന്നുവെങ്കിലും ഇപ്പോഴത്തെ നടപടി കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ നടപ്പിലാക്കേണ്ടതായിരുന്നു. സ്വന്തം പണം കിട്ടാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന സാഹചര്യം ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്നും ഇത് ഭീകരമായ അവസ്ഥയാമെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ ചോദ്യം ചെയ്ത് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ നേരത്തെ രംഗത്തെത്തിയിരുന്നു. മോദിക്ക് ധൈര്യമുണ്ടെങ്കില്‍ സ്വിസ് ബേങ്കുകളില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങള്‍ നരേന്ദ്ര മോദിയെ അമിതമായി വിശ്വസിക്കുന്നുണ്ട്. അവരുടെ വിശ്വാസം തകര്‍ക്കരുതെന്നും ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.