Connect with us

National

തീരില്ല നോട്ട് ദുരിതം; സാധാരണ നിലയിലാകാന്‍ മൂന്നാഴ്ചയെടുക്കുമെന്ന് ജയ്റ്റ്‌ലി

Published

|

Last Updated

ന്യൂഡല്‍ഹി: മുന്നൊരുക്കങ്ങളില്ലാതെ പ്രഖ്യാപനം നടത്തി പൊതുജനത്തെ തെരുവിലിറക്കി വലച്ച നോട്ടുമാറ്റ നടപടിയിലെ വീഴ്ച സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇതുസംബന്ധിച്ച് ഖേദപ്രടനം നടത്തി. അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറ്റിനല്‍കുന്നതിനും എ ടി എമ്മുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകുന്നതിനും കൂടുതല്‍ സമയമെടുക്കുമെന്ന് ധനമന്ത്രി പറഞ്ഞു. നോട്ടുമാറ്റത്തെ തുടര്‍ന്ന് രാജ്യത്ത് സാമ്പത്തിക അരക്ഷിതാവസ്ഥ രൂപപ്പെട്ട സാഹചര്യത്തില്‍ ധനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ധനകാര്യ വകുപ്പ് പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
രാജ്യത്ത് നിലവിലുള്ള 86 ശതമാനം പഴയ നോട്ടുകള്‍ മാറിനല്‍കിക്കഴിഞ്ഞതായി യോഗം അവകാശപ്പെട്ടു. അതേസമയം, പുതിയ രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ നിലവിലെ എ ടി എമ്മുകളില്‍ സംവിധാനമില്ലെന്നിരിക്കെ നിലവിലെ ഉപകരണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി രണ്ട് ലക്ഷത്തിലധികം വരുന്ന എ ടി എമ്മുകളെ ഇതിന് സജ്ജീകരിക്കുന്നതിന് കൂടുതല്‍ സമയമെടുക്കും. അതിനുള്ള നടപടികള്‍ നടക്കുകയാണ്. ജനങ്ങള്‍ കൂട്ടമായി ബേങ്കുകളിലേക്ക് പോകുമെന്ന് സര്‍ക്കാറിന് അറിയാമായിരുന്നതിനാലാണ് പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ ഡിസംബര്‍ മുപ്പത് വരെ സമയം നല്‍കിയത്. നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തെ കൂടുതല്‍ നിരീക്ഷിക്കാനും ധനമന്ത്രാലയം തീരുമാനിച്ചു.
യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് നോട്ടുമാറ്റവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ജെയ്റ്റ്‌ലി ഖേദം പ്രകടിപ്പിച്ചത്. നോട്ടുകള്‍ മാറി ലഭിക്കുന്നതും വിതരണം ചെയ്യുന്നതും വലിയ പ്രക്രിയയായതിനാല്‍ ഇതിന് കൂടുതല്‍ സമയം എടുക്കും. എ ടി എമ്മുകള്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ മൂന്നാഴ്ച സമയമെടുക്കും. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ നിക്ഷേപമായും മറ്റു രീതിയിലും എസ് ബി ഐ മാത്രം രണ്ട് കോടി 28 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടത്തി. ശനിയാഴ്ച ഉച്ച വരെ 58 ലക്ഷം പേര്‍ക്കാണ് പഴയ നോട്ടുകള്‍ എസ് ബി ഐ വഴി മാറിനല്‍കിയത്.
അതേസമയം, സര്‍ക്കാര്‍ നയത്തെ കുറ്റപ്പെടുത്തിയ പ്രതിപക്ഷത്തെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷം നിരുത്തരവാദപരമായാണ് വിമര്‍ശിക്കുന്നത്. സമ്പദ് ഘടന ശുദ്ധീകരിക്കുകയെന്നതിനോട് ചിലര്‍പ്പ് എതിര്‍പ്പാണെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ നിറവേറ്റുന്നത് വലിയ ഉത്തരവാദിത്വമാണ്. ആദ്യത്തെ ഏതാനും ദിവസങ്ങളില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് നേരത്തെതന്നെ പ്രതീക്ഷിച്ചിരുന്നു. നോട്ടുമാറ്റ നടപടികള്‍ മുന്‍കൂട്ടി അറിയിക്കാന്‍ നിര്‍വാഹമില്ലാത്തതു കൊണ്ടാണ് രഹസ്യമാക്കി വെച്ചത്.
സര്‍ക്കാര്‍ തീരുമാനത്തിന് മുമ്പ് ബേങ്ക് നിക്ഷേപങ്ങളില്‍ വര്‍ധനയുണ്ടായെന്ന തരത്തിലുളള പ്രചാരണം അടിസ്ഥാനരഹിതമാണ്. സെപ്തംബറില്‍ മാത്രമാണ് നിക്ഷേപത്തില്‍ വര്‍ധന രേഖപ്പെടുത്തിയതെന്നും ഏഴാം ശമ്പള കമ്മീഷന്‍ ശിപാര്‍ശ അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കിയതിനാലാണിതെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചര്‍ത്തു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest