Connect with us

Articles

കേന്ദ്രം അരി മുടക്കുമ്പോള്‍ കേരളം എന്ത് ചെയ്യും?

Published

|

Last Updated

കേരള ജനതയുടെ ഭക്ഷ്യസുരക്ഷക്ക് അടിസ്ഥാനമായി വര്‍ത്തിച്ചിരുന്ന കേരളാ മോഡല്‍ പൊതുവിതരണ സമ്പ്രദായം അതീവ ഗുരുതരമായ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. താരതമ്യേന ഭദ്രമായിരുന്ന സംസ്ഥാനത്തെ പൊതുവിതരണ സംവിധാനത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാന്‍ സമ്മര്‍ദം ചെലുത്തിയത്. റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന മഹാഭൂരിപക്ഷത്തെയും ഒഴിവാക്കാന്‍ ആസൂത്രിതമായ നീക്കങ്ങളാണ് അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഭക്ഷ്യ സുരക്ഷാ നിയമം, ദേശീയതലത്തില്‍ തന്നെ റേഷന്‍ ആനുകൂല്യങ്ങളില്‍ നിന്ന് കോടിക്കണക്കിന് ജനങ്ങളെ പുറത്താക്കുന്നതിനായി നടപ്പാക്കുന്ന നിയമമാണ്. യു പി എ സര്‍ക്കാറാണ് ആദ്യം വാളോങ്ങിയത്; ബി ജെ പി സര്‍ക്കാര്‍ ആ വാള്‍ കര്‍ശനമായി ദരിദ്രരുടെ മേല്‍ വീശുന്നു.
പൊതു വിപണിയിലെ കൊള്ളലാഭത്തില്‍ നിന്ന് ദരിദ്ര ജനവിഭാഗങ്ങളെയും സാധാരണക്കാരെയും രക്ഷിക്കാനാണ് കേരളത്തില്‍ അറുപതുകളുടെ ആരംഭത്തില്‍ നിയമാനുസൃത റേഷനിംഗ് സമ്പ്രദായം തുടങ്ങുന്നത്. ഭക്ഷ്യധാന്യങ്ങളുടെ കേന്ദ്ര വിഹിതം കാലാകാലങ്ങളില്‍ വെട്ടിക്കുറയ്ക്കുന്നതിനാല്‍ റേഷന്‍ സമ്പ്രദായം പ്രതിസന്ധികളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരുന്നത്. എങ്കിലും വലിയൊരു വിഭാഗത്തിന്റെ വിശപ്പുമാറ്റാനും പട്ടിണി മരണങ്ങളിലേക്ക് ജനങ്ങളെ നയിക്കാതിരിക്കാനും റേഷന് കഴിഞ്ഞിരുന്നു. എന്നാല്‍, പുതിയ നിയമം ജനസംഖ്യയിലെ പകുതിയിലധികം പേര്‍ക്കും റേഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ പാടില്ലെന്ന് അനുശാസിക്കുന്നു.
ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതോടുകൂടി ഇപ്പോള്‍, ഏതെങ്കിലും അളവില്‍ റേഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 2.85 കോടി ജനങ്ങളില്‍ 1.54 കോടി ആളുകള്‍ക്കുമാത്രമായി പരിമിതപ്പെടാന്‍ പോകുന്നു. അതുപോലും കേന്ദ്രത്തിന്റെ ദയാദാക്ഷിണ്യത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. 1.83 കോടി ജനങ്ങള്‍ കേരളത്തില്‍ മാത്രം റേഷന്‍ അവകാശങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുകയാണ്; നിയമം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെ.
ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയില്ലെങ്കില്‍, കേന്ദ്രം അരി നല്‍കില്ല എന്ന ഭീഷണി ഉയര്‍ത്തുകയുണ്ടായി. എന്താണ് ഭക്ഷ്യഭദ്രതാ നിയമം? എന്തിനാണ് അത് സ്റ്റാറ്റിയൂട്ടറി റേഷനിംഗ് ഫലപ്രദമായി നിലനില്‍ക്കുന്ന കേരളത്തില്‍ നടപ്പാക്കുന്നത്? റേഷനാനുകൂല്യങ്ങള്‍ എല്ലാവര്‍ക്കുമുള്ളതല്ല എന്നതാണ് ഭക്ഷ്യഭദ്രതാ നിയമത്തിന്റെ കാതലായ വശം. ഭക്ഷ്യഭദ്രത രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരേ പോലെ നല്‍കാനാകില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ജനദ്രോഹകരമായ ഒരു നിയമമാണത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ജനസംഖ്യയിലെ പകുതി പേര്‍ക്കോ അതില്‍താഴെയോ ആളുകള്‍ക്കു മാത്രം സൗജന്യ നിരക്കില്‍ അരിയും ഗോതമ്പും വിതരണം നടത്തിയാല്‍ മതി എന്നാണ് നിര്‍ദേശം. ജനങ്ങളെ എ പി എല്‍ – ബിപി എല്‍ എന്നീ അടിസ്ഥാനങ്ങളില്‍ വിഭജിച്ചതും പരമാവധി ആളുകളെ എ പി എല്‍ ആയി പ്രഖ്യാപിച്ചതും അവര്‍ക്ക് റേഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചതും ഈ ഭക്ഷ്യഭദ്രതാ നിയമമാണ്. ദരിദ്രരോ അതീവ ദരിദ്രരോ ആയ ആളുകള്‍ക്കുമാത്രമേ ഭക്ഷ്യ ധാന്യങ്ങള്‍ റേഷന്‍ നിരക്കില്‍ ലഭ്യമാകൂ എന്നതാണ് സ്ഥിതി. മാന്യമായി വീടുകളില്‍ താമസിക്കുന്നവര്‍ക്കും വരുമാനമുള്ള എന്തെങ്കിലും ജോലി ഉള്ളവര്‍ക്കും വാഹനങ്ങള്‍ സ്വന്തമായി ഉപയോഗിക്കുന്നവര്‍ക്കും മറ്റുമൊന്നും റേഷന്‍ നല്‍കരുതെന്നാണ് നിയമം പറയുന്നത്.
എന്തിനേറെ, തൊട്ടടുത്ത് ശുദ്ധജലം ലഭിക്കുന്നവരെയും റേഷന്‍ ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കാതിരിക്കുക എന്ന ക്രൂരമായ സമീപനം മുന്‍ഗണന നിശ്ചയിക്കുന്നതിന് മാനദണ്ഡമായി സ്വീകരിക്കപ്പെടുന്ന അവസ്ഥയാണിപ്പോള്‍. വികലാംഗര്‍, രോഗികള്‍, അന്ത്യോദയ- അന്നയോജന പദ്ധതിയിലുള്‍പ്പെട്ടവര്‍, അനാഥര്‍, പാര്‍പ്പിടമില്ലാത്തവര്‍, കുടിവെള്ളം ലഭ്യമല്ലാത്തവര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണനാ പട്ടികയില്‍ സ്ഥാനമുള്ളത്. അതായത്, അതീവ ദരിദ്രരായി കഴിയുന്നവര്‍ക്ക് മാത്രമായി (9-ാം വാര്‍ഡുകളില്‍ കഴിയുന്നവര്‍ക്കുള്ള ഭിക്ഷപോലെ) റേഷന്‍ ആനുകൂല്യങ്ങളെ പരിമിതപ്പെടുത്തുക എന്ന നയമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. കേരളം പോലൊരു നാട്ടില്‍ അത്തരമൊരു മാനദണ്ഡം സ്വീകരിച്ചാല്‍ മഹാഭൂരിപക്ഷമാളുകളും റേഷന് അവകാശമില്ലാത്തവരായി മാറും.
എന്നാല്‍, കേരളത്തില്‍ ഈ മുന്‍ഗണനാ പട്ടികയിലെ കരട് പ്രസിദ്ധീകരിച്ചപ്പോള്‍ യഥാര്‍ഥത്തില്‍ പുറത്തായത് മേല്‍പ്പറഞ്ഞ ദരിദ്ര ജനവിഭാഗങ്ങളാണ്. റേഷനിംഗ് സെന്ററുകളില്‍ ക്യൂ നിന്നതും പരാതികള്‍ സമര്‍പ്പിച്ചതും ദരിദ്ര ജനലക്ഷങ്ങളാണ്. അപ്പോള്‍ ആര്‍ക്കാണ് റേഷന്‍ ആനുകൂല്യങ്ങള്‍ യഥാര്‍ഥത്തില്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്? ലക്ഷക്കണക്കിന് അര്‍ഹരായ ആളുകളാണ് റേഷന്‍ കടകളില്‍ നിന്ന് പുറത്താക്കപ്പെട്ടിരിക്കുന്നത്. എന്ന് മാത്രമല്ല, വര്‍ഷാവര്‍ഷം ഈ ലിസ്റ്റ് പുതുക്കണമെന്നും ഓരോ വര്‍ഷവും 20 ശതമാനം ആളുകളെ വീതം ലിസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്നുമുള്ള നിര്‍ദേശം കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രാലയം ഭക്ഷ്യനിയമത്തിന്റെ പേരില്‍ ആവശ്യപ്പെടുന്നു. അങ്ങനെ വരുമ്പോള്‍, കേന്ദ്രവിഹിതം വര്‍ഷാവര്‍ഷം കുറഞ്ഞുവരും എന്നാണര്‍ഥം. അങ്ങനെയൊരു ചുറ്റുപാടില്‍ മഹാഭൂരിപക്ഷം ആളുകളും പൊതു വിപണിയെ ആശ്രയിക്കേണ്ടി വരും. മറ്റു സംസ്ഥാനങ്ങളെക്കാള്‍ മികച്ച സാമ്പത്തിക നിലവാരം കേരളത്തിനുണ്ടെങ്കിലും ഇപ്പോഴും അറുപത് ശതമാനത്തോളമാളുകള്‍ വിശേഷിച്ചും പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളും മറ്റ് പിന്നാക്ക ദരിദ്ര ജനവിഭാഗങ്ങളും റേഷനെ മാത്രം ആശ്രയിച്ചു കഴിയുന്നവരാണ്. അവരെയൊക്കെ പട്ടിണിയിലേക്ക് തള്ളിവിടുന്ന ഒരു നിയമമാണ് ഈ മാസം മുതല്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ തുടങ്ങിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാറും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ- സാമൂഹിക സംഘടനകളും ജനദ്രോഹകരമായ ഭക്ഷ്യനിയമത്തിനെതിരെ രംഗത്തുവരികയാണ് വേണ്ടത്. കേരളത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ കേന്ദ്രത്തിന് മേല്‍ സമ്മര്‍ദം ചെലുത്തണം. സംസ്ഥാനത്തിനാവശ്യമായത് ലഭിക്കുന്നില്ലെങ്കില്‍, മറ്റുമാര്‍ഗങ്ങളിലൂടെ അരി സംഭരിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഇച്ഛാശക്തിയുണ്ടെങ്കില്‍ കഴിയും. എല്ലാവര്‍ക്കും റേഷന്‍ ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് സര്‍ക്കാര്‍ ഒരു പ്രഖ്യാപനം നടത്തിയിട്ടുണ്ട്. അതേസമയം, കേന്ദ്ര ഭക്ഷ്യനിയമം അപ്പടി നടപ്പാക്കുമെന്നും പറയുന്നു. കേന്ദ്ര നിയമം അപ്പടി നടപ്പാക്കിയാല്‍ കേരളത്തിലെ സ്റ്റാറ്റിയൂട്ടറി റേഷനിംഗ് സമ്പ്രദായം പൂര്‍ണമായി തകരും. പൊതുവിപണിയിലേക്ക് ജനങ്ങളെ നിര്‍ദയം എറിഞ്ഞുകൊടുക്കുന്ന നയം ജനക്ഷേമ സങ്കല്‍പ്പത്തിന്റെ കടയ്ക്കല്‍ കത്തിവെക്കലാണ്. ആത്യന്തികമായി, അതാണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയുമ്പോള്‍ സാധാരണക്കാരന്റെ മനസ്സില്‍ ആധി വര്‍ധിക്കുകയാണ്. കേരളത്തില്‍ പട്ടിണി മരണങ്ങള്‍ സംഭവിക്കാതിരിക്കണമെങ്കില്‍, സ്റ്റാറ്റിയൂട്ടറി റേഷനിംഗ് ശക്തിപ്പെടുത്താന്‍ ആവശ്യമായ സംവിധാനം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. അതല്ലെങ്കില്‍, അറുപതുകളിലെ ഭക്ഷ്യക്ഷാമ കാലത്തിലേതുപോലെ പട്ടിണിയിലേക്കും പരിവട്ടത്തിലേക്കും കേരളം തിരിച്ചു നടക്കുന്നതിന് സാക്ഷ്യം വഹിക്കേണ്ടിവരും.