രണ്ടാം മാറാട് സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്

Posted on: November 10, 2016 3:46 pm | Last updated: November 11, 2016 at 12:31 am

Kearal-High-Court.jpg.image.784.410

കോഴിക്കോട്: രണ്ടാം മാറാട് കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടു. കേസുമായി ബന്ധപ്പെട്ട ആസൂത്രണവും ഗൂഢാലോചനയുമുള്‍പ്പെടെ കാര്യങ്ങളുടെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കോളക്കാടന്‍ മൂസ ഹാജി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാനാണ് കോടതി ഉത്തരവ്. 2013 മെയ് രണ്ടിനാണ് രണ്ടാം മാറാട് സംഭവം നടന്നത്.

നേരത്തെ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ദേശസുരക്ഷ അപകടപ്പെടുത്തുന്ന തരത്തിലുള്ള ഗൂഢാലോചനകള്‍ നടന്നതായി കേസ് അന്വേഷിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള പശ്ചാത്തലത്തിലാണ് കേസന്വേഷണത്തിന് സിബിഐ തയ്യാറാണെന്ന് അറിയിച്ചിരുന്നത്.

2002ല്‍ നടന്ന ഒന്നാം മാറാട് കേസുമായി ബന്ധപ്പെട്ടാണ് 2003 മേയില്‍ രണ്ടാംമാറാട് വീണ്ടും ഉണ്ടായതെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
ദേശസുരക്ഷക്ക് ഭീഷണിയാകുന്ന രീതിയിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നെന്ന റിപ്പോര്‍ട്ടാണ് കേസ് സംബന്ധിച്ച് ഏകാംഗ കമ്മീഷനായ ജസ്റ്റിസ് തോമസ് പി. ജോസഫും സമര്‍പ്പിച്ചത്. എന്നാല്‍ രണ്ടാം മാറാടുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നെന്നോ, തീവ്രവാദ ബന്ധമുണ്ടെന്നോ വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് നേരത്തെ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദമാക്കിയിരുന്നത്.