എലി പിടിക്കുന്ന പൂച്ച കലം ഉടക്കും

Posted on: November 8, 2016 5:43 am | Last updated: November 8, 2016 at 12:44 am

പൂച്ച കറുത്തതായാലെന്ത് വെളുത്തതായാലെന്ത് എലിയെ പിടിച്ചാല്‍ പോരേ’ എന്നത് മാവോ സെന്തുങ്ങിന്റെ പ്രസിദ്ധമായ ഉദ്ധരണികളില്‍ ഒന്നാണ്. ബന്ധു നിയമനത്തില്‍ കുടുങ്ങി സ്ഥാനത്യാഗം ചെയ്ത ഇ പി ജയരാജനു വേണമെങ്കില്‍ മാവോസെന്തുങ്ങിന്റെ ഈ ആപ്തവാക്യം ഉദ്ധരിക്കാമായിരുന്നു. അദ്ദേഹം അതിനു പകരം നിയമസഭയില്‍ വികാരഭരിതനായി ചിലതൊക്കെ തുറന്നു പറഞ്ഞു. താന്‍ സ്ഥാനം ഏല്‍ക്കുമ്പോള്‍ വ്യവസായ വകുപ്പ് ഒരു കുത്തഴിഞ്ഞ പുസ്തകമായിരുന്നുവെന്നും 40 പൊതുമേഖലാ സ്ഥാപനങ്ങളില്‍ മുപ്പതും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും താനതൊക്കെ ശരിയാക്കാന്‍ പുറപ്പെട്ടതിന്റെ പ്രത്യാഘാതമാണ് ആരോപണങ്ങളെന്നും ആയിരുന്നു ജയരാജന്‍ സഖാവിന്റെ പ്രലപനം. ഇതത്രയും മാധ്യമവിചാരണക്കാര്‍ മാത്രമല്ല കണ്ണൂരിലെ അദ്ദേഹത്തിന്റെ പാര്‍ട്ടിസഖാക്കള്‍ പോലും ഗൗരവത്തില്‍ ഉള്‍ക്കൊണ്ടതായി തോന്നുന്നില്ല. ബഷീറിന്റെ ഭാഷയില്‍ ആദ്യം രസമുള്ള ചൊറിയായും പിന്നീട് വിട്ടുമാറാത്ത നീറ്റലുളവാക്കുന്ന വരട്ടുചൊറിയായും മാറിയേക്കാവുന്ന നേതൃത്വപാടവം എന്ന രോഗം കലശലയാതിന്റെ ലക്ഷണമായിരുന്നു ജയരാജന്‍ സഖാവിന്റെ നിയമസഭാപ്രസംഗം. താനൊറ്റക്കീ രാജ്യം അങ്ങ് നന്നാക്കിക്കളയും, കുത്തഴിഞ്ഞ ഏത് പുസ്തകവും ഒറ്റയടിക്കു പരസഹായം കൂടാതെ തുന്നിക്കെട്ടിക്കളയും എന്നൊക്കെ വീമ്പു പറയുന്നവരുടെ ഉള്ളില്‍ ഒരു ഏകാധിപതി ഒളിച്ചിരിക്കുന്നത് കാണാതിരുന്നു കൂടാ. കണ്ണൂരില്‍ താനൊരു ഇമ്മിണിബല്യ ഒന്നാണ്- തന്നെ ചോദ്യം ചെയ്യാന്‍ ആരാണുള്ളതെന്ന ധാര്‍ഷ്ട്യത്തിനെതിരെ കണ്ണൂരു നിന്നു തന്നെ പ്രതിഷേധം ഉയര്‍ന്നു. അതാണദ്ദേഹം പറഞ്ഞത് അകത്തുനിന്നും പുറത്തുനിന്നും നീക്കങ്ങള്‍ നടന്നുവെന്ന്. ജയരാജനെ ആശ്രിതനിയമനത്തിന്റെ പേരില്‍ കുടുക്കിലാക്കിയത് ആരോപിക്കപ്പെടുന്നതു പോലെ മാധ്യമങ്ങളൊ പ്രതിപക്ഷമോ ഒന്നുമല്ല. .കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് സഖാക്കള്‍ തന്നെയായിരുന്നു. അവര്‍ക്കു നല്ല നമസ്‌ക്കാരം. എലി പിടിക്കുന്ന പൂച്ചയായാലും കലം ഉടച്ചു തുടങ്ങിയാല്‍ അതിനെ വെച്ചു വാഴിക്കുന്നതിലര്‍ഥമില്ലെന്നു കണ്ണൂര്‍ കമ്മ്യൂണിസ്റ്റുകാര്‍ തെളിയിച്ചിരിക്കുന്നു.
സ്വന്തം വീട്ടുകാരോടും ഭാര്യവീട്ടുകാരോടും അല്‍പസ്വല്‍പം കൂറൊക്കെ കാണിക്കാത്ത ഏത് രാഷട്രീയ നേതാവാണ് ഈ ഇന്ത്യാ മഹാരാജ്യത്തുള്ളത് ? സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ സഖാവ് വി എസ് അച്ചുതാനന്ദന്‍ വരെ നീണ്ടു കിടക്കുന്നു ഈ ആശ്രിതവാത്സല്യം എന്ന രോഗം. ഇതിനൊക്കെ ഇത്രയും ഒച്ചപ്പാട് വേണ്ടതുണ്ടോ എന്നാരും ചോദിച്ചു കേട്ടിട്ടില്ല. കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാര്‍ പൊതുവെ പേരുകേട്ട തറവാടികളാണ്. ഭരണാധികാരം ഒന്നും ഇല്ലെങ്കിലും നല്ല നിലയില്‍ ജീവിച്ചുപോകാന്‍ കഴിവുള്ളവരാണ്. തറവാട്ടിലെ ന്യൂ ജനറേഷന്‍ പിള്ളേര്‍ക്കൊന്നും രാഷ്ട്രീയത്തില്‍ വലിയ താത്പര്യവും ഇല്ല. അവര്‍ ലക്ഷ്യമിട്ടിരിക്കുന്നത് ഐ ടി, മാനേജ്‌മെന്റ് തുടങ്ങി പഠിച്ചു പുറത്തിറങ്ങിയാല്‍ ഉടന്‍ നാട്ടിലോ വിദേശത്തോ പോയി നാലു കാശുണ്ടാക്കാന്‍ പഴുതുള്ള മേഖലകളാണ്. അങ്ങനെ ചിലരൊക്കെ സ്വന്തം ബന്ധക്കാരിലും ചാര്‍ച്ചക്കാരിലും ഉണ്ടായിപ്പോയത് ജയരാജന്‍സഖാവിന്റെ കുറ്റമല്ലല്ലൊ.
വനിതാസംവരണം ഒക്കെ വെറും കടലാസുപുലിയാണെന്നും ഗോഡ്ഫാദറില്ലാതെ പോയതിനാല്‍ തനിക്കര്‍ഹതപ്പെട്ട മന്ത്രിസ്ഥാനം ലഭിക്കാതെ പോയി എന്നും ബിജിമോള്‍ എം എല്‍ എ ഈയിടെ വിലപിക്കുന്നത് നമ്മള്‍ കേട്ടല്ലൊ. സ്വന്തം തറവാട്ടുപാരമ്പര്യത്തിനു ഭംഗംവരാത്ത തരത്തില്‍ മന്ത്രിമന്ദിരത്തലെ പാചകക്കാരിയായി ബിരുദധാരിയായ സ്വന്തം പുത്രവധുവിനെ നിയമിച്ചത് വാര്‍ത്തയായപ്പോള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്നും തടിയൂരി അതിന്റെ പാപഭാരം സ്വന്തം പാര്‍ട്ടിക്കു മേല്‍ ഇറക്കിവെക്കാന്‍ ശ്രീമതി ടീച്ചര്‍ നടത്തിയ പരിശ്രമം സാക്ഷാല്‍ പിണറായിവിജയനെപ്പോലും പ്രകോപിപ്പിച്ചത് നമ്മള്‍ കണ്ടു. ഇതൊക്കെയാണ് ഒരു കാല് ഫ്യൂഡല്‍ ജീര്‍ണ്ണതകളിലും മറ്റേ കാല് കമ്മ്യൂണിസത്തിലും ഊന്നിക്കൊണ്ട് നടക്കുന്നതുകൊണ്ട് സംഭവിക്കുന്ന ഗതികേട്. അടിതെറ്റിയാല്‍ ആനയും വീഴും. ഉത്തരത്തേലിരിക്കുന്നത് എടുക്കുകയും വേണം കക്ഷത്തിലുള്ളത് പോകുകയുമരുത്-എന്നൊക്കെ പഴമക്കാര്‍ പറയാറില്ലേ. അതുതന്നെ കാര്യം. സ്വന്തം പേരില്‍ നിന്നും ജാതിയുടെയും മതത്തിന്റെയും വാലുകള്‍ മുറിച്ചുമാറ്റാന്‍ ധൈര്യപ്പെട്ട സമര്‍പ്പിത കമ്മ്യൂണിസ്റ്റുകളെ പിന്തുടര്‍ന്നു പാര്‍ട്ടിനേതൃത്വത്തിലേക്കുയര്‍ന്നു വന്ന മാതൃക സ്വന്തം കാര്യത്തില്‍ നിറവേറ്റിയ നേതാക്കള്‍ പോലും അവരുടെ മക്കളുടെ കാര്യം വരുമ്പോള്‍ പഴയവാലുകള്‍ തുന്നിപ്പിടിപ്പിക്കുന്നത് കാണാന്‍ നല്ല രസമുണ്ട്. നമുക്കു ജാതിയില്ലെന്ന വിളംബരത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന എത്ര നേതാക്കള്‍ അവരുടെ മക്കളുടെ വിവാഹവിഷയം വരുമ്പോള്‍ ഈ തത്വം പാലിച്ചിട്ടുണ്ട്? ലളിതജീവിതത്തിന്റെ സന്ദേശം അവരെ പഠിപ്പിച്ചിട്ടുണ്ട്?
മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെയുമൊക്കെ അപ്രീതി ക്ഷണിച്ചു വരുത്തിയേക്കാവുന്ന ഇത്തരം ഒരു നടപടിക്കു സഖാവ് ഇ പി ജയരാജനു സ്വന്തം നിലയില്‍ എങ്ങനെ ധൈര്യം വന്നു? ഇതാണ് ലോകത്തെങ്ങുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഇപ്പോള്‍ വിവാദവിഷയമായിരിക്കുന്ന കേന്ദ്രീകൃത ജനാധിപത്യം എന്ന സംഘടനാ ചട്ടക്കൂടിന്റെ ദൗര്‍ബല്യം. ഇതാദ്യം ചൂണ്ടിക്കാണിച്ചത് റഷ്യന്‍ പ്രധാനമന്ത്രിയായിരുന്ന നികിടാക്രൂഷ്‌ചേവ് ആയിരുന്നു. അന്നദ്ദേഹത്തെ റിവീഷിനിസ്റ്റ് എന്നാക്ഷേപിച്ച് കമ്മ്യൂണിസ്റ്റ് വിപ്ലവകാരികള്‍ രംഗത്തുവന്നു. ഏതാണ്ട് അതേ കാലത്തു തന്നെ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കേന്ദ്രീകൃതജനാധിപത്യത്തിന്റെ അപകടം മനസ്സിലാക്കി അതുപേക്ഷിച്ചു. യൂറോ കമ്മ്യൂണിസം എന്ന പേരില്‍കേന്ദ്രീകൃത സംഘടനാതത്വങ്ങളെ നിരാകരിക്കുകയും സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളെ ഒരു സാമ്പത്തികസിദ്ധാന്തം എന്ന നിലയില്‍ ജനാധിപത്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് തന്നെ നിലവിലുള്ള ജനാധിപത്യ സംവിധാനങ്ങളില്‍ ഭാഗഭാക്കായിക്കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം പുനസംഘടിപ്പിക്കുക എന്നതായിരുന്നു യൂറോകമ്മ്യൂണിസം മുന്നോട്ട്‌വെച്ച ദര്‍ശനം. ശീതയുദ്ധത്തിന്റെ മറപറ്റി, കിഴക്കന്‍ യൂറോപ്പിലെ കൊച്ചുകൊച്ചു സോഷ്യലിസ്റ്റ് രാജ്യങ്ങളെ റാഞ്ചിയെടുക്കുക എന്ന ലക്ഷ്യവുമായി തങ്ങളുടെ തലക്കു മുകളില്‍ പറന്നുനടക്കുന്ന സോവിയറ്റ് യൂനിയന്‍ എന്ന കഴുകന്റെ ചിറകടിയൊച്ചയെക്കുറിച്ച് ആ രാജ്യങ്ങളിലെ നേതാക്കള്‍ അവിടങ്ങളിലെ കമ്മ്യൂണിസ്റ്റുകാരെ താക്കീതു ചെയ്തു. സ്പനിഷ് കമ്മ്യൂണിസ്റ്റ് നേതാവ് സാന്റിയാഗോകരില്ലൊ, ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ അന്റോണിയോ ഗ്രാംഷി തുടങ്ങിയവരായിരുന്നു ഈ പ്രസ്ഥാനത്തെ മുന്നില്‍ നിന്നു നയിച്ചത്. യൂറോ കമ്മ്യൂണിസത്തെ സിദ്ധാന്ത തലത്തില്‍ എതിര്‍ക്കുമ്പോഴും പ്രയോഗതലത്തില്‍ അത് പ്രായോഗികമാക്കിയത് കേരളത്തിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയായിരുന്നു. 1957ലെ പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ആ പരീക്ഷണത്തിന്റെ അനന്തര ഫലമായിരുന്നു.
പാര്‍ട്ടിക്കു പുറത്ത് ജനാധിപത്യവും പാര്‍ട്ടിക്കുള്ളില്‍ സ്റ്റാലിനിസ്റ്റ് ചട്ടക്കൂടിനു യാതൊരു പോറലുമേല്‍ക്കാത്ത കേന്ദ്രീകൃത ജനാധിപത്യവും എന്ന രീതിയാണപ്പോഴും തുടര്‍ന്നു പോന്നത്. സോവിയറ്റ് അനുഭാവത്തിന്റെ പേരില്‍ ഇന്ത്യയില്‍ രൂപപ്പെട്ട സി പി ഐ യും ചൈനീസനുഭാവത്തിന്റെ പേരില്‍ രൂപപ്പെട്ട സി പി എമ്മും, രണ്ടില്‍ നിന്നും മാറിനിന്ന ആര്‍ എസ് പിയും മറ്റ് തീവ്രമാര്‍ക്‌സിസ്റ്റ് ലെനിസ്റ്റ് കക്ഷികളും ഇതേ രീതി തന്നയാണ് അവരുടെ പാര്‍ട്ടികള്‍ക്കുള്ളില്‍ അവലംബിച്ചു പോന്നത്. ഇതിന്റെ അപകടമാണ് ആദ്യം റഷ്യയിലും പിന്നെ ചൈനയിലും മറ്റ് സോഷ്യലിസ്റ്റ് രാജ്യങ്ങളിലും ഒന്നിനു പിന്നാലെ ഒന്നായി സംഭവിച്ചത്. ഗ്ലാസ്‌നോസ്റ്റ്- പെരിസ്‌ട്രോയിക്ക പ്രസ്ഥാനങ്ങള്‍ക്കു തുടക്കം കുറിച്ച് മിഖായേല്‍ ഗോര്‍ബച്ചേവ് തന്റെ ആത്മകഥയില്‍ യൂറോ കമ്മ്യൂണിസം (കമ്മ്യൂണിസത്തിന്റെ ജനാധിപത്യവത്കരണം എന്ന ആശയം) തന്നെ സ്വാധീനിച്ചിരുന്നതായി സമ്മതിക്കുന്നുണ്ട്.
കത്തോലിക്കാസഭ, ഫാസിസം, നാസിസം തുടങ്ങിയ യൂറോപ്പിലെ പ്രതിലോമ യാഥാസ്ഥിതികപ്രസ്ഥാനങ്ങളെ പരസ്യമായി എതിര്‍ത്തുകൊണ്ട് രംഗത്തുവന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ സംഘടനാചട്ടക്കൂടുകളില്‍ അവരുടെ ശത്രുപ്രസ്ഥാനങ്ങളുടെ ആന്തരിക ഘടനയെ അതേപടി സാംശീകരിക്കുകയാണെന്നായിരുന്നു നിയോലെഫ്റ്റ് വിമര്‍ശകര്‍ ഉന്നയിച്ച നിരീക്ഷണം. എല്ലാറ്റിലും വലുത് രാഷ്ട്രം എന്ന ഫാസിസ്റ്റ്ുകള്‍, ആ സ്ഥാനം പാര്‍ട്ടിക്കെന്നു കമ്മ്യൂണിസ്റ്റുകാര്‍- പാര്‍ട്ടിയെന്നാല്‍ അതിന്റെ പരമാധികാരം കയ്യാളുന്ന നേതാവ്, എല്ലാം അറിയുന്ന വല്യേട്ടന്‍ എന്ന് ജോര്‍ജ്ഓര്‍വെല്‍. ഈ വല്യേട്ടനെ ചുറ്റിപ്പറ്റി ഒരു സംഘം പുത്തന്‍വര്‍ഗം രൂപപ്പെടുന്നു എന്ന് മിലോവന്‍ജിലാസ്. അതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആര്‍ക്കു വേണ്ടി രൂപപ്പെട്ടുവോ, ആരുടെ താത്പര്യങ്ങളാണോ സംരക്ഷിക്കപ്പെടാന്‍ പ്രതിബദ്ധമായിരുന്നത് അവര്‍ അരികുകളിലേക്കൊതുക്കപ്പെട്ടു. ദേശീയ സംസ്ഥാന പ്രാദേശികതലങ്ങള്‍ കേന്ദ്രീകരിച്ച് തലയെടുപ്പുള്ള നേതൃനിര ഉയര്‍ന്നുവന്നു. പലതും പടുകൂറ്റന്‍ മരങ്ങളായി പടര്‍ന്നു പന്തലിച്ചു. അവയുടെ തണലില്‍ പച്ചപിടിച്ചു വളരാന്‍ കഴിയാത്ത, മണ്ണില്‍ കാര്യമായ വേരോട്ടം ആവശ്യമില്ലാത്ത ചെറിയ ചെടികള്‍ മാത്രം വളര്‍ന്നു. അങ്ങനെയല്ലാത്തവ പിഴുതു മാറ്റപ്പെട്ടു. പുരക്കു മീതെ വളര്‍ന്നു പൊങ്ങുന്ന മരങ്ങള്‍ എത്ര കായ്ഫലം ഉള്ളതായാലും വെട്ടിമാറ്റപ്പെടുക തന്നെ വേണം. തക്കസമയത്തു അത് ചെയ്തില്ലെങ്കില്‍ ഏതുസമയത്തും മരം പുരപ്പുറത്തേക്കു മറിഞ്ഞുവീഴുകയും പുരക്കകത്തു അന്തിയുറങ്ങുന്നവരുടെ നാശം അനിവാര്യമായി സംഭവിക്കുകയും ചെയ്യുമായിരുന്നു. കണ്ണൂരിലെ സി പി എം എന്ന കൂറ്റന്‍ പുരയുടെ മുകളിലേക്കു വളര്‍ന്നു ചാഞ്ഞു തുടങ്ങിയ ഈ മരം വെട്ടിമാറ്റാന്‍ തയ്യാറായ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും കാണിച്ച രാഷ്ട്രീയ വിവേകത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
കൂട്ടത്തില്‍ പറയട്ടെ, ഇത്ര ധീരമായ ഒരു വെട്ടിമാറ്റലിനു കേന്ദ്രീകൃത ജനാധിപത്യത്തിന്റെ പേരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്ന, ജനാധിപത്യത്തിന്റെ പേരില്‍ ഊറ്റംകൊള്ളുന്ന മറ്റേതൊരു പാര്‍ട്ടിക്കാണ് ഇത് കഴിയുക. ജയരാജന്റെ ലവലില്‍ ഉള്ള ഒരു സീനിയര്‍ നേതാവിനെക്കൊണ്ട് ഇത്ര അനായാസമായി രാജി വെപ്പിച്ച് പാര്‍ട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാന്‍ കഴിവുള്ളത് ഏത് പാര്‍ട്ടിക്കാണ്? കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയില്‍ അധികാരം ഒന്നൊ അതിലധികമൊ വരുന്ന ചുരുക്കം ചിലരില്‍ കേന്ദ്രീകരിക്കപ്പെടുന്ന എന്നാക്ഷേപം ഉന്നയിക്കുന്ന മറ്റു പാര്‍ട്ടികളുടെ അവസ്ഥയെന്താണ്? കോണ്‍ഗ്രസോ ബി ജെ പിയോ തമിഴ്‌നാട്ടിലെ ദ്രാവിഡ പാര്‍ട്ടികളൊ എന്തിനു ആംആദ്മി പാര്‍ട്ടിയില്‍ പോലും എന്തുതരം ജനാധിപത്യമാണുള്ളത്? തനി ബോസിസം .ഒരു നേതാവും – അയാളുടെ പെട്ടി ചുമക്കുന്ന കുറെ അനുയായികളും-ആശ്രിതനിയമനം പോയിട്ട് ഖജനാവു അടിയോടെ വാരിക്കൊണ്ട് പോയാലും അവിടെ ആരും ആരെയും ഒന്നും ചെയ്യുന്നില്ല. അവിടെ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തമായി ഒരു ഗോഡ്ഫാദറെ കണ്ടുപിടിച്ചുകൊള്ളുക. മുകളിലേക്കുള്ള പ്രയാണത്തില്‍ അയാളെ ഒരു കൈ സഹായിക്കുക. ഗോഡ്ഫാദറിന്റെ അപ്രീതിക്കു പാത്രീഭവിച്ചാല്‍ ഇരുണ്ട് വെളുക്കും മുമ്പ് പുറത്തേക്കുള്ള വഴിതേടിക്കൊള്ളുക. എന്തൊക്കെ ദോഷങ്ങളുണ്ടായാലും ഏകാംഗ നേതൃത്വത്തിന്റെ ചെളിക്കുണ്ടില്‍ ആണ്ടുപോയ ഇന്ത്യന്‍ വലതുപക്ഷ രാഷ്ട്രീയകക്ഷികളെക്കാള്‍ ഫലപ്രദമായ കലക്റ്റീവ് ലീഡര്‍ഷിപ്പും നാമമാത്രമായ ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും പിന്തുടരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കതു കാലത്തിനൊത്ത് പരിഷ്‌കരിക്കാന്‍ തയ്യാറായാല്‍ കേരളം പോലുള്ള ഒരു പ്രദേശത്ത് ഏറെക്കാലം അവര്‍ക്കിടം ലഭിച്ചേക്കും.