ഡല്‍ഹി കൂട്ടബലാത്സംഗം: വധശിക്ഷ റദ്ദാക്കണമെന്ന് അമിക്കസ് ക്യൂറി

Posted on: November 7, 2016 9:37 pm | Last updated: November 8, 2016 at 10:05 am

nirbhaya-gang-rape-juvenile-jpg-image-784-410

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷ റദ്ദാക്കാവുന്നതാണെന്ന് അമിക്കസ് ക്യൂറി. മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രനാണ് ഇതു സംബന്ധിച്ച് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രണ്ട് അമിക്കസ് ക്യൂറികളെയാണ് സുപ്രീം കോടതി, വിധി പരിശോധിക്കുന്നതിനായി നിയോഗിച്ചിരുന്നത്.

വിചാരണ കോടതി വിധിയില്‍ പോരായ്മകളുണ്ടെന്നു ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടില്‍, വധശിക്ഷ വിധിക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും പ്രതികളുടെ ഭാഗം വിവരിക്കാന്‍ അവസരം നല്‍കിയില്ലെന്നും പരാമര്‍ശമുണ്ട്. കേസില്‍ നാലു പ്രതികള്‍ക്കു വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു.

2012 ഡിസംബര്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം. ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയായിരുന്ന ജ്യോതിസിംഗിനെ സുഹൃത്തിനൊപ്പം സഞ്ചരിക്കുന്നതിനിടെ അഞ്ചുപേര്‍ചേര്‍ന്ന് ഓടുന്ന ബസില്‍ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്തത്. പിന്നീട് അവശനിലയില്‍ ഇവരെ തെരുവില്‍ ഉപേക്ഷിച്ചു. 13 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ഡിസംബര്‍ 29ന് പെണ്‍കുട്ടിമരിച്ചു. മരണം വരെ നിര്‍ഭയമായി നീതിക്കുവേണ്ടി നിലകൊണ്ട വിദ്യാര്‍ത്ഥിനിയെ രാജ്യം നിര്‍ഭയ എന്ന് പേരിട്ട് വിളിച്ചു.