ഹിലരിയോ ട്രംപോ?

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായുള്ള മത്സരത്തില്‍ വിജയം വരിച്ചതോടെ തന്നെ ട്രംപിന്റെ ആഗ്രഹവും അദ്ദേഹത്തിന്റെ രാഷ്ട്രീയ ദൗത്യവും സഫലമായിരിക്കുന്നു. ട്രംപിന്റെ പ്രചാരണ കോലാഹലങ്ങളില്‍ ഹിലരി ഇടറിപ്പോകുന്നുണ്ട്. ഇറാഖ് അധിനിവേശത്തെ ട്രംപ് ശക്തമായി ന്യായീകരിച്ചപ്പോള്‍ ഹിലരിക്കും അതേ വഴി സ്വീകരിക്കേണ്ടി വന്നു. അഫ്ഗാന്‍, സിറിയന്‍ വിഷയത്തിലും ഹിലരിയും ട്രംപും കൈകോര്‍ക്കുന്നത് കാണാം. രണ്ട് ഊഴം പൂര്‍ത്തിയാക്കിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി ജനങ്ങള്‍ക്ക് മുമ്പിലെത്തുന്നത്. മാറ്റി പരീക്ഷിക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചാല്‍ വൈറ്റ്ഹൗസില്‍ ട്രംപിരിക്കും. ഡെമോക്രാറ്റിക് പാര്‍ട്ടി അനുയായികളുടെ അമിത ആത്മവിശ്വാസം കൂടിയാകുമ്പോള്‍ ഹിലരിയുടെ നില പരുങ്ങലിലാകും. ഈ സാധ്യതക്ക് തടയിടാന്‍ മാരകമായ ഒരു അസ്ത്രം ഡെമോക്രാറ്റിക് ആവനാഴിയിലുണ്ട്. അത് ശീതസമര കാലത്തോളം പഴക്കമുള്ളതും അത്‌കൊണ്ട് തന്നെ വൈകാരികമായ പ്രഹരശേഷിയുള്ളതുമാണ്. ട്രംപ് റഷ്യയോട് മൃദുസമീപനം പുലര്‍ത്തുന്നുവെന്ന ആരോപണമാണ് ഈ അസ്ത്രം. ഹിലരിയെ ജയിപ്പിക്കുക ഇരുതല മൂര്‍ച്ചയുള്ള ഈ ആയുധമായിരിക്കും.
ലോക വിശേഷം
Posted on: November 6, 2016 4:17 pm | Last updated: November 6, 2016 at 4:17 pm

 

donald-trump-hillary-clinton-debateഅമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സമ്പൂര്‍ണ വോട്ടെടുപ്പ് എട്ടിന് നടക്കാനിരിക്കെ മാധ്യമ ലോകത്താകെ ആര് ജയിക്കുമെന്ന വിലയിരുത്തല്‍ നിറഞ്ഞ് കവിയുകയാണ്. ലോകം അമേരിക്കക്ക് ചുറ്റും കറങ്ങുന്നുവെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ലഭിക്കുന്ന മാധ്യമ പരിലാളന. പ്രൈമറികളും കോക്കസുകളും പ്രസിഡന്‍ഷ്യല്‍ ഡിബേറ്റുകളും അത്ഭുതങ്ങളുടെ ഒക്‌ടോബറും കടന്ന് ജനം ബൂത്തിലെത്തുമ്പോള്‍ മുന്‍ വിദേശ കാര്യ സെക്രട്ടറി ഹിലരി ക്ലിന്റനും കോടീശ്വരനായ ബിസിനസ്സുകാരന്‍ ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള മത്സരം ചരിത്രത്തിലെ ഏറ്റവും വാശിയേറിയതും ഒട്ടും മാന്യതയില്ലാത്തതുമായി തീര്‍ന്നിരിക്കുന്നു. ഈ പോരാട്ടത്തില്‍ ആരാണ് വിജയിക്കാന്‍ പോകുന്നത് എന്ന ചോദ്യത്തിന് എളുപ്പത്തില്‍ ഉത്തരം പറയാനാകില്ലായിരിക്കാം. സര്‍വേഫലങ്ങള്‍ മാറിമറിയുകയാണെന്നും അമേരിക്കന്‍ ജനത ഇത്തവണ മനസ്സു തുറക്കുന്നില്ലെന്നും പറയാം. ട്രംപിനായി കണ്‍വെന്‍ഷന്‍ സെന്ററുകളിലും തെരുവിലും ആര്‍ത്തു വിളിക്കുന്നവരൊന്നും യഥാര്‍ഥത്തില്‍ അദ്ദേഹത്തെ പിന്തുണക്കുന്നവരാണെന്ന് പറയാന്‍ കഴിയില്ലെന്നും വിലയിരുത്താം. ഹിലാരിക്കുള്ള പിന്തുണ തുറന്ന് പറയാന്‍, ഇ മെയില്‍ വിവാദം വന്നതിന് ശേഷം പ്രത്യേകിച്ച്, ജനം തയ്യാറാകുന്നില്ലെന്നും അവര്‍ക്ക് തന്നെയാണ് മുന്‍തൂക്കമെന്നും തീര്‍പ്പിലെത്താം. പക്ഷേ, ഇതിനേക്കാളെല്ലാം അപ്പുറം ഒരു കാര്യം മുഴച്ച് നില്‍ക്കും. ഡൊണാള്‍ഡ് ട്രംപ് വിജയിച്ചു കഴിഞ്ഞുവെന്ന വസ്തുതയാണ് അത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായുള്ള മത്സരത്തില്‍ വിജയം വരിച്ചതോടെ തന്നെ ട്രംപിന്റെ ആഗ്രഹവും അദ്ദേഹത്തിന്റെ രാഷ്ട്രീയ ദൗത്യവും സഫലമായിരിക്കുന്നു.
കടുത്ത വംശീയവാദിയും കുടിയേറ്റവിരുദ്ധനും മുസ്‌ലിം വിരുദ്ധനും യുദ്ധോത്സുകനുമായ ഒരു മനുഷ്യന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി എന്നത് അമേരിക്കന്‍ ജനസാമാന്യത്തില്‍ സംഭവിക്കുന്ന ഗുരുതരമായ അട്ടിമറിയുടെ നിദര്‍ശനമാണ്. അമേരിക്കക്കാര്‍ പൊതുവേ സൂക്ഷിക്കുന്ന മാന്യതയുടെ മുഖം മൂടി അഴിഞ്ഞു വീണിരിക്കുന്നു. ട്രംപ് മുന്നോട്ട് വെക്കുന്ന തീവ്രവലതുപക്ഷ ആശയങ്ങള്‍ അമേരിക്കന്‍ വെള്ളക്കാര്‍ക്കിടയില്‍ എന്നേ ശക്തിയാര്‍ജിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെ പോലെ ആക്രോശിക്കുന്നവരെ അമേരിക്കക്കാര്‍ ഇഷ്ടപ്പെടാറില്ല. പാശ്ചാത്യ ലോകത്തിന്റെ ഹിപോക്രസിയുടെ ഭാഗമാണ് അത്. എന്നാല്‍ തീവ്രവലതുപക്ഷ രാഷ്ട്രീയം അതിന്റെ എല്ലാ മറകളും പൊളിച്ച് പച്ചക്ക് പ്രത്യക്ഷപ്പെടുന്ന വര്‍ത്തമാന കാല സാഹചര്യം ട്രംപിനെ അമേരിക്കക്കാര്‍ക്ക് സ്വീകാര്യനാക്കി. തിരഞ്ഞെടുപ്പ് അതിന്റെ അവസാന മണിക്കൂറിലേക്ക് നീങ്ങുമ്പോള്‍ ഭ്രാന്തമായ സമീപനങ്ങള്‍ ട്രംപിനെ കൂടുതല്‍ ശക്തനാക്കുന്ന കാഴ്ചയാണ് കാണുന്നത്. അദ്ദേഹത്തിനെതിരെ വന്ന ലൈംഗികാരോപണം അടക്കമുള്ള വൃത്തികേടുകളൊന്നും വോട്ടര്‍മാരെ കാര്യമായി സ്വാധീനിക്കുന്നില്ലത്രേ. എന്നാല്‍ കുലീനമെന്ന് വിശേഷിപ്പിക്കാവുന്ന നിലപാടുകളും ഭാഷയും മുന്നോട്ട് വെച്ച ഹിലരിക്കാകട്ടേ തനിക്കെതിരെ വന്ന ആരോപണങ്ങള്‍ കൃത്യമായി പ്രതിരോധിക്കാന്‍ സാധിച്ചുമില്ല. ഫലത്തില്‍, സാങ്കേതികമായി ഹിലരി ജയിച്ചാലും ട്രംപ് സൃഷ്ടിച്ച അവബോധങ്ങളെ മറികടക്കാന്‍ അവര്‍ക്ക് സാധിക്കില്ല. അവര്‍ പ്രസിഡന്റായാല്‍ തന്നെ ഇന്ന് ട്രംപ് മുന്നോട്ട് വെച്ച തീവ്രവലതുപക്ഷ അജന്‍ഡകള്‍ പലതും എടുത്തണിയേണ്ടി വരും. അതായിരിക്കും ഇപ്പോള്‍ നടന്ന പ്രചാരണത്തിന്റെ ആത്യന്തിക ഫലം.
തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ തന്നെ അപകടകരമായ പ്രവണതകള്‍ അമേരിക്കയെ കീഴടക്കുന്നതിന്റെ സൂചനകള്‍ ദൃശ്യമായിരുന്നു. രാജ്യം കൂടുതല്‍ യുദ്ധോത്സുകമായിരിക്കുന്നു. കൂടുതല്‍ ക്രൂരമായ ഇടപെടലുകളിലേക്കും ആക്രണങ്ങളിലേക്കും അമേരിക്ക എടുത്തു ചാടുകയാണ്. ഇസ്‌റാഈല്‍ പോലുള്ള അക്രമി രാഷ്ട്രങ്ങളെ കൂടുതല്‍ അക്രമോത്സുകമായി പിന്തുണക്കുന്നു. ഈ സാഹചര്യം ഹിലരി ക്ലിന്റണെയും സ്വാധീനിക്കുന്നുണ്ട്. ട്രംപിന്റെ അമേരിക്കന്‍ ഉത്കൃഷ്ടതാവാദത്തെ ഒരിക്കല്‍ പോലും ഹിലരി ക്യാമ്പ് പൂര്‍ണമായി നിരാകരിക്കുന്നില്ല. മയപ്പെടുത്തി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. 2008ല്‍ ഒബാമയുടെ വിജയം അമേരിക്കന്‍ വെള്ളക്കാര്‍ക്കിടയില്‍ പുതിയ ചിന്താഗതികള്‍ക്ക് വഴി വെച്ചിരുന്നു. ഒബാമയും മക്‌കെയിനും തമ്മിലുള്ള തിരഞ്ഞെടുപ്പിലാണ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ശക്തമായ നയവിഭജനം നടന്നത്. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ വെറും സ്വപ്‌നമെന്ന് തിരിച്ചറിയുന്ന നിരവധി വാഗ്ദാനങ്ങളും കാഴ്ചപ്പാടുകളുമാണ് ഒബാമ ക്യാമ്പ് മുന്നോട്ട് വെച്ചത്. മാറ്റം എന്ന അതിശക്തമായ മുദ്രാവാക്യം അദ്ദേഹം ഉയര്‍ത്തി. പുതുമയുണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക്. അമേരിക്കന്‍ പ്രതിച്ഛായയില്‍ ചില പ്ലാസ്റ്റിക് സര്‍ജറികള്‍ നടത്താന്‍ ഒരു കറുത്ത പ്രസിഡന്റ് വേണമായിരുന്നു. അന്നത്തെ ഒക്‌ടോബറില്‍ പൊട്ടിപ്പുറപ്പെട്ട സാമ്പത്തിക മാന്ദ്യം ഒബാമയുടെ പുതിയ രാഷ്ട്രീയത്തിന് കൂടുതല്‍ സ്വീകാര്യത പകര്‍ന്നു. ഇടത്തരക്കാര്‍ക്കും കറുത്ത വര്‍ഗക്കാര്‍ക്കും മുസ്‌ലിംകള്‍ക്കുമൊപ്പം മാറ്റം കൊതിച്ച വെള്ളക്കാര്‍ കൂടി ചേര്‍ന്നപ്പോള്‍ ഒബാമ ഉജ്ജ്വല വിജയം വരിച്ചു.
എന്നാല്‍ ഒബാമയുടെ ഭരണസാരഥ്യം വര്‍ണവെറിയുടെ പുതിയ കൊടുങ്കാറ്റിന് പരോക്ഷമായി കാരണമാകുകയായിരുന്നു. ടീ പാര്‍ട്ടി മൂവ്‌മെന്റ് ഇതിന്റെ ഭാഗമായിരുന്നു. വെള്ളക്കാരുടെ അധീശത്വം രാജ്യത്തിന്റെ സമസ്ത മേഖലയിലും ഊട്ടിയുറപ്പിക്കുന്ന, വേര് തൊട്ട് ഉച്ചി വരെ പടര്‍ന്നു നില്‍ക്കുന്ന അവബോധമായിരുന്നു അത്. ഇക്കാലയളവിലാണ് കറുത്ത വര്‍ഗക്കാര്‍ക്കെതിരെ ഏറ്റവും ശക്തമായ ആക്രമണം നടന്നത് എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കണം. പോലീസും നീതിന്യായ വിഭാഗം പോലും ഈ ആക്രമണത്തില്‍ പങ്കെടുത്തു. സ്വയം കറുത്തവനായ പ്രസിഡന്റ് ഈ ആക്രമണങ്ങളുടെ നിശ്ശബ്ദ കാഴ്ചക്കാരനായി മാറി. മുസ്‌ലിംകള്‍ക്കെതിരെയും ഇക്കാലയളവില്‍ ക്രൂരമായ ആക്രമണങ്ങള്‍ അരങ്ങേറി. വിദേശകാര്യത്തില്‍ തന്റെ പ്രഖ്യാപിത നയങ്ങളില്‍ പലതിലും വെള്ളം ചേര്‍ക്കാന്‍ ഒബാമ നിര്‍ബന്ധിതനായി. ആഭ്യന്തര രാഷ്ട്രീയത്തില്‍ സംഭവിക്കുന്ന തീവ്ര വലതുപക്ഷ കൊടുങ്കാറ്റ് അത്രമേല്‍ ശക്തമായിരുന്നു. ഈ അട്ടിമറിയുടെ തുടര്‍ച്ചയാണ് ട്രംപിന്റെ സ്ഥാനാര്‍ഥിത്വം.

ടീ പാര്‍ട്ടി മൂവ്‌മെന്റിന് ശക്തമായ ഒരു നേതാവിനെയാണ് ട്രംപിലൂടെ ലഭിച്ചത്. ഒബാമ അമേരിക്കക്കാരനല്ല എന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചാണല്ലോ ട്രംപ് തന്റെ രാഷ്ട്രീയ പ്രവേശം നടത്തിയത് തന്നെ. അത്‌കൊണ്ടാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നല്ലൊരു ശതമാനത്തിന്റെ പിന്തുണയില്ലാതിരുന്നിട്ടും ട്രംപ് ആ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായത്. ട്രംപ് ഒരു രാഷ്ട്രീയക്കാരനല്ല. അദ്ദേഹം ബിസിനസ്സുകാരനും റിയാലിറ്റി താരവുമാണ്. റിയല്‍ എസ്റ്റേറ്റിലാണ് കളി. ഇതൊന്നും അദ്ദേഹത്തിന് അയോഗ്യതയായില്ല. അദ്ദേഹം നടത്തിയ ആക്രോശങ്ങള്‍ യോഗ്യതകളായി പരിണമിക്കുകയും ചെയ്തു. ജര്‍മനിയിലും ബ്രിട്ടനിലും ഫ്രാന്‍സിലും പോളണ്ടിലുമെല്ലാം ആഞ്ഞു വീശുന്ന തീവ്രവലതുപക്ഷ സുനാമിയുടെ അമേരിക്കന്‍ പതിപ്പായി മാറുകയായിരുന്നു ട്രംപ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വോട്ട് ബേങ്ക് വളരെക്കാലമായി സമ്പന്ന വിഭാഗമാണ്. വിദ്യാസമ്പന്നരും വെള്ളക്കാരും പാര്‍ട്ടിയെ പിന്തുണക്കുന്നു. ട്രംപ് ഈ പതിവുകളെ മുഴുവന്‍ തെറ്റിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖര്‍ പലരും മുഖം തിരിഞ്ഞ് നില്‍ക്കുമ്പോഴും അണികളില്‍ നല്ലൊരു ശതമാനത്തിന്റെ പിന്തുണ അദ്ദേഹം ആകര്‍ഷിച്ചു. വിദ്യാസമ്പന്നരല്ലാത്തവരെ കൂടി പ്രചോദിപ്പിക്കാന്‍ അദ്ദേഹത്തിന്റെ അധികപ്രസംഗങ്ങള്‍ക്ക് സാധിച്ചു. എന്നുവെച്ചാല്‍ പരമ്പരാഗത പാറ്റേണുകളെ തകര്‍ത്തു കൊണ്ടാണ് ട്രംപ് എന്ന ‘അനിവാര്യമായ തിന്‍മ’ അമേരിക്കന്‍ സ്റ്റേറ്റുകളില്‍ പടരുന്നത്.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ട്രംപിന്റെ പ്രചാരണ കോലാഹലങ്ങളില്‍ ഹിലാരി ഇടറിപ്പോകുന്നുവെന്നതും അദ്ദേഹത്തിന്റെ ആശയഗതികളെ പിന്തുടരുന്നുവെന്നതുമാണ്. ഇറാഖ് അധിനിവേശത്തെ ട്രംപ് ശക്തമായി ന്യായീകരിച്ചപ്പോള്‍ ഹിലാരിക്കും അതേവഴി സ്വീകരിക്കേണ്ടി വന്നു. അഫ്ഗാന്‍, സിറിയന്‍ വിഷയത്തിലും ഹിലാരിയും ട്രംപും കൈകോര്‍ക്കുന്നത് കാണാം. ഇസ്‌റാഈലിനോടുള്ള സമീപനത്തിലും ഹിലരി ട്രംപിസത്തെ ഭയക്കുന്നുവെന്ന തോന്നലാണ് ഉണ്ടാക്കിയത്. എന്നുവെച്ചാല്‍ ഒബാമയുടെ കാലത്ത് ഉണ്ടായത് പോലെ കൃത്യമായ നയവ്യത്യാസം ഇരു ക്യാമ്പുകള്‍ തമ്മിലില്ല. സിറിയയില്‍ ബശര്‍ അല്‍ അസദിനെ താഴെയിറക്കുന്നതില്‍ കൂടുതല്‍ അക്രമാസക്തമായി ഇറങ്ങണമെന്നാണ് ഹിലാരിയുടെ മന്ത്രിസഭയില്‍ ഇടം കിട്ടുമെന്ന് കരുതപ്പെടുന്ന പ്രമുഖരുടെ നിലപാട്. ഇറാനോടുള്ള സമീപനത്തിലും ഇത് കാണാം. ഇറാനുമായി ഒബാമ ഉണ്ടാക്കിയ ആണവ കരാര്‍ റദ്ദാക്കുമെന്ന് ട്രംപ് പറയുന്നു. ഹിലരി അതേ കാര്യം മറ്റൊരു വിധത്തില്‍ പറയുന്നു. തുര്‍ക്കി, സഊദി തുടങ്ങിയ സുന്നി ശക്തികളുമായി കൈകോര്‍ത്തായിരിക്കും പശ്ചിമേഷ്യന്‍ പ്രശ്‌നത്തില്‍ ഇടപെടുകയെന്നാണ് അവരുടെ നയം. എന്നുവെച്ചാല്‍ ശിയാ പക്ഷത്തെ ഒറ്റപ്പെടുത്തുമെന്ന് തന്നെ. യുദ്ധോത്സുകതയില്‍ ഹിലാരി ട്രംപിന്റെ പിറകിലല്ലെന്നര്‍ഥം. തീവ്രവലതുപക്ഷ തരംഗത്തിന്റെ ഒരു പങ്ക് തനിക്കും വേണമെന്ന് ഹിലാരി ആഗ്രഹിക്കുന്നുവെന്ന് ചുരുക്കം.
കുടിയേറ്റം തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയണമെന്ന് ഹിലരി പറയുന്നില്ലെന്നത് ശരിയാണ്. മുസ്‌ലിംകളെ മുഴുവന്‍ പുറത്താക്കണമെന്ന് ആഹ്വാനം ചെയ്യാന്‍ മാത്രം വിഡ്ഢിത്തവും അവര്‍ക്കില്ല. തോക്ക് കൈവശം വെക്കുന്നതിന് കര്‍ശന നിയന്ത്രണം കൊണ്ടു വരണമെന്ന് ഹിലരി പറയുമ്പോള്‍ തോക്കുകള്‍ നാട് ഭരിക്കട്ടേ എന്ന നിലയിലാണ് ട്രംപിന്റെ നിലപാട്. നികുതി നിരക്ക് മൊത്തത്തില്‍ കുറക്കാന്‍ ട്രംപ് പറയുമ്പോള്‍ സമ്പന്നരെ കൂടുതല്‍ ടാക്‌സ് ചെയ്യണമെന്ന പ്രഖ്യാപിത നിലപാടില്‍ ഹിലരി ഉറച്ച് നില്‍ക്കുന്നു. ഈ വ്യത്യാസങ്ങളൊന്നുമല്ല സത്യത്തില്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായത്. ട്രംപിന്റെ വാവിട്ട വാക്കുകളായിരുന്നു വാര്‍ത്തകളില്‍ നിറയെ. ഈ നെഗറ്റീവ് പ്രചാരണം അദ്ദേഹത്തിന് ഗുണകരമായെന്ന് വിശ്വസിക്കുന്ന തിരഞ്ഞെടുപ്പു പണ്ഡിറ്റുകള്‍ ഏറെയുണ്ട്. ഈ പ്രതിഭാസത്തിന് ഏറ്റവും നല്ല ഉദാഹരണം ഇന്ത്യയില്‍ നിന്നാണ്. ഇവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി സ്ഥാനാര്‍ഥിത്വം നേടിയത് (ട്രംപിനെപ്പോലെ) പാര്‍ട്ടിയില്‍ നിന്നുള്ള വന്‍ പ്രതിഷേധത്തെ അരിഞ്ഞു വീഴ്ത്തിയാണ്. മോദിക്കെതിരായ നെഗറ്റീവ് പ്രചാരണത്താല്‍ മുഖരിതമായിരുന്നു തിരഞ്ഞെടുപ്പ് രംഗം. ഒടുവില്‍ അദ്ദേഹം ജയിച്ചു, ആധികാരികമായ അംഗബലത്തോടെ. ഫാസിസത്തിന്റെ സാധ്യത അതാണ്. ക്രൗര്യം അതിന് അലങ്കാരമാകുന്നു. ആക്രോശങ്ങള്‍ അനുയായി വൃന്ദത്തെ ആനന്ദലഹരിയിലാക്കുന്നു.

അത്യന്തം സങ്കീര്‍ണമാണ് അമേരിക്കന്‍ തിരഞ്ഞെടുപ്പ് രീതി. മൊത്തം 538 പേരുള്ള ഒരു ഇലക്ടറല്‍ കോളജാണ് അമേരിക്കന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. ഓരോ സംസ്ഥാനങ്ങളില്‍ നിന്നും ജനസംഖ്യാനുപാതികമായി അതിലേക്ക് അംഗങ്ങളെ അയക്കും. ഒരു സംസ്ഥാനത്തില്‍ വിജയിക്കുന്ന സ്ഥാനാര്‍ഥിക്കാണ് അവിടത്തെ മൊത്തം അംഗങ്ങളെ ലഭിക്കുക. അതുകൊണ്ട് 270 വോട്ടുകള്‍ വേണം കേവലഭൂരിപക്ഷത്തിന്. ഏറ്റവും കൂടുതല്‍ ജനകീയ വോട്ടുകള്‍ കിട്ടിയ സ്ഥാനാര്‍ഥി ജയിച്ചു കൊള്ളണമെന്നില്ല. ഇലക്ടറല്‍ വോട്ടുകളാണ് പ്രധാനം. 2000ത്തില്‍ ജോര്‍ജ് ബുഷിനേക്കാള്‍ ജനകീയ വോട്ടുകള്‍ അല്‍ ഗോറിന് ഉണ്ടായിരുന്നു. പക്ഷേ ഇലക്ടറല്‍ വോട്ടുകളുടെ ബലത്തില്‍ ബുഷ് ജയിച്ചു കയറി.
വിദേശകാര്യ സെക്രട്ടറിയായിരുന്നപ്പോള്‍ ഔദ്യോഗിക ഇ മെയില്‍ സന്ദേശങ്ങള്‍ തന്റെ സ്വകാര്യ ഇ മെയില്‍ അക്കൗണ്ട് വഴി അയച്ചുവെന്ന ആരോപണം അവസാന ഘട്ടത്തില്‍ ഹിലരിക്ക് വന്‍ തിരിച്ചടിയായി. ഇങ്ങനെ അയക്കപ്പെട്ട വിവരങ്ങള്‍ പലതും രഹസ്യ രേഖകളായിരുന്നുവെന്നാണ് ആരോപണം. ട്രംപിനെതിരെ ഒക്‌ടോബറില്‍ വന്നത് വൃത്തി കെട്ട പെണ്‍കേസുകളായിരുന്നു. ഇതിലേതാണ് ജനങ്ങളെ സ്വാധീനിക്കാന്‍ പോകുന്നതെന്ന് ഇപ്പോള്‍ പറയാനാകില്ല. രണ്ട് ഊഴം പൂര്‍ത്തിയാക്കിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി ജനങ്ങള്‍ക്ക് മുമ്പിലെത്തുന്നത്. മാറ്റി പരീക്ഷിക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചാല്‍ വൈറ്റ്ഹൗസില്‍ ട്രംപിരിക്കും. ഡെമോക്രാറ്റിക് പാര്‍ട്ടി അനുയായികളുടെ അമിത ആത്മവിശ്വാസം കൂടിയാകുമ്പോള്‍ ഹിലരിയുടെ നില പരുങ്ങലിലാകും.
ഈ സാധ്യതക്ക് തടയിടാന്‍ മാരകമായ ഒരു അസ്ത്രം ഡെമോക്രാറ്റിക് ആവനാഴിയിലുണ്ട്. അത് ശീതസമര കാലത്തോളം പഴക്കമുള്ളതും അത്‌കൊണ്ട് തന്നെ വൈകാരികമായ പ്രഹരശേഷിയുള്ളതുമാണ്. ട്രംപ് റഷ്യയോട് മൃദുസമീപനം പുലര്‍ത്തുന്നുവെന്ന ആരോപണമാണ് ഈ അസ്ത്രം. സിറിയയില്‍ അസദല്ല, ഇസിലാണ് ശത്രുവെന്നും അവിടെ റഷ്യയുമായി നിഴല്‍ യുദ്ധം നടത്തുന്നത് ശരിയല്ലെന്നുമുള്ള ട്രംപിന്റെ വാക്കുകള്‍ തൊട്ട് റഷ്യയുമായി അദ്ദേഹത്തിനുള്ള വ്യാപാര ബന്ധം വരെ ചര്‍ച്ചയുടെ മധ്യത്തിലേക്ക് കൊണ്ടു വന്നിരിക്കുകയാണ്. ഇത് അമേരിക്കക്കാരെ സ്വാധീനിക്കുമെന്നുറപ്പാണ്. അവര്‍ക്ക് റഷ്യ എക്കാലത്തും ശത്രുവാണല്ലോ. ഹിലരിയെ ജയിപ്പിക്കുക ഇരുതല മൂര്‍ച്ചയുള്ള ഈ ആയുധമായിരിക്കും.