Connect with us

Kerala

നിരന്തരം മതവിദ്വേഷ പ്രസംഗം നടത്തുന്ന ശശികല ഇനി തങ്ങളുടെ കുട്ടികളെ പഠിപ്പിക്കേണ്ടെന്ന് വല്ലപ്പുഴക്കാര്‍

Published

|

Last Updated

ചെര്‍പ്പുളശ്ശേരി: മതവിദ്വേഷപ്രസംഗം നടത്തുന്ന ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലയ്‌ക്കെതിരെ വല്ലപ്പുഴയിലെ നാട്ടുകാര്‍ രംഗത്ത്. ശശികല പഠിപ്പിക്കുന്ന വല്ലപ്പുഴയിസെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്നും അവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് വല്ലപ്പുഴയിലെ ജനകീയ പ്രതികരണ വേദി രംഗത്തെത്തിയിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് വല്ലപ്പുഴയിലെ അപ്പംകണ്ടം സെന്ററില്‍ നിന്നും നാട്ടുകാര്‍ പ്രതിഷേധ മാര്‍ച്ചും നടത്തുന്നുണ്ട്. കേരളത്തിനകത്തും പുറത്തും മതവിദ്വേഷ പ്രസംഗം നടത്തി ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഐക്യം തകര്‍ത്തുകൊണ്ടിരിക്കുന്ന, കെപി ശശികലയുടെ പേരില്‍ കേരള പോലീസ് 153 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതുകൊണ്ട് തന്നെ വല്ലപ്പുഴയ്ക്കും സര്‍ക്കാര്‍ സ്‌കൂളിനും അപമാനകരമായി തുടരുന്ന ശശികലയെ പുറത്താക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ആര്‍എസ്എസിന് വല്ലപ്പുഴയിലെ ജനങ്ങളെ വെല്ലുവിളിക്കാനും അവര്‍ക്കെതിരെ കൊലവിളി നടത്താനും പ്രചോദനം നല്‍കുന്നത് ശശികലയാണെന്നും കുട്ടികളുടെ സ്വഭാവരൂപീകരണം നടക്കുന്ന സ്‌കൂളില്‍ ശശികലയുടെ അധ്യാപനം ഒരിക്കലും അനുവദിക്കാന്‍ കഴിയില്ലെന്നും ജനകീയ പ്രതികരണവേദി ചുണ്ടിക്കാട്ടുന്നു.
ശശികലയുടെ പ്രസംഗങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി വിവാദമായിക്കൊണ്ടിരിക്കേയാണ് അവര്‍ ജോലിചെയ്യുന്ന സ്‌കൂള്‍ ഉള്‍പ്പെടുന്ന നാട്ടുകാര്‍ തന്നെ അവര്‍ക്കെതിരായി രംഗത്തെത്തിയത്. സമാധാന അന്തരീക്ഷം തര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചതിന്റെ പേരില്‍ കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി ഷുക്കൂര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ശശികലയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.
സ്‌കൂളില്‍ നിന്ന് ശശികലയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ അടക്കമുള്ള യുവജനപ്രസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു.