ഹിന്ദുത്വയും കോടതി നിലപാടും

Posted on: October 29, 2016 6:00 am | Last updated: October 28, 2016 at 11:31 pm

SIRAJമതേതരവിശ്വാസികളെ നിരാശപ്പെടുത്തുന്നതാണ് ‘ഹിന്ദുത്വ’ കാര്യത്തില്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധിപ്രസ്താവം. 1995ല്‍ ജസ്റ്റിസ് വര്‍മയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ഹിന്ദുത്വത്തിന് നല്‍കിയ വ്യാഖ്യാനം പുനഃപരിശോധിക്കണമെന്ന ടീസ്റ്റ സെതല്‍വാദിന്റെ ആവശ്യം നിരസിച്ചുകൊണ്ട് അന്നത്തെ വ്യാഖ്യാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ച്. മുത്തലാഖില്‍ പിടിച്ചു മുസ്‌ലിം പേഴ്‌സനല്‍ ലോ പുനഃപരിശോധിക്കാന്‍ തിടുക്കം കാട്ടുന്നതിനിടെ തന്നെയാണ് കോടതിയുടെ ഈ നിലപാടെന്നത് ശ്രദ്ധേയമാണ്.
ഹിന്ദുത്വം ഒരു മതമല്ലെന്നും സമൂഹത്തിന്റെ ജീവിതരീതിയാണെന്നുമാണ് 1995ലെ കോടതി വിധി. മഹാരാഷ്ട്രയെ ആദ്യത്തെ ഹിന്ദു സംസ്ഥാനമാക്കണമെന്ന മനോഹര്‍ ജോഷിയുടെ പ്രസ്താവനയെ ചോദ്യം ചെയ്തു എതിര്‍സ്ഥാനാര്‍ഥി എന്‍ ബി പാട്ടീല്‍ സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് കേസിലായിരുന്നു ജസ്റ്റിസ് വര്‍മയുടെ നിരീക്ഷണം. നേരത്തെ വര്‍ഗീയ ഫാസിസ്റ്റുകള്‍ ഉയര്‍ത്തിയ ഒരു വാദമാണിത്. സവര്‍ക്കറെ പോലെയുള്ള തീവ്രഹിന്ദുത്വത്തിന്റെ വക്താക്കളും വൈദേശിക ഭരണകാലത്ത് ദേശീയ പ്രസ്ഥാനത്തിനെതിരെ രൂപംകൊണ്ട വര്‍ഗീയ രാഷ്ട്രീയത്തിന്റെ നേതാക്കളും ഹിന്ദുത്വത്തെ ഈ വിധം പരിചയപ്പെടുത്തിയിട്ടുണ്ട്. ഹിന്ദുക്കളുടെ മാത്രമല്ല, മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും സിഖുകാരുടെയുമെല്ലാം ജിവിത രീതിയാണ് ഹിന്ദുത്വമെന്നും ഹിന്ദുത്വ അജന്‍ഡകളെല്ലാ അംഗീകരിക്കാന്‍ എല്ലാ സമുദായങ്ങളും ബാധ്യസ്ഥരാണെന്നുമാണ് അവരുടെ പക്ഷം. സംസ്‌കാരത്തിലും ആചാരങ്ങളിലുമടക്കം ജനങ്ങളിലെ ജീവിതത്തിലുടനീളം ഹിന്ദുത്വം പ്രതിഫലിക്കുന്ന രാഷ്ട്രത്തെയാണ് അവര്‍ വിഭാവനം ചെയ്യുന്നത്. മനുസ്മൃതിയെ വേദഗ്രന്ഥമായും പശുവിനെ പവിത്ര ദേശീയ മൃഗമായും ശ്രീരാമനെ ആരാധ്യ പുരുഷനായും വ്യാപകമായി അംഗീകരിക്കപ്പെടുന്ന ഒരു രാജ്യം. അനുകൂല സാഹചര്യം കൈവരാതിരുന്നത് കൊണ്ടാണ് ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര സങ്കല്‍പത്തിന് കടക വിരുദ്ധമായ ഈ വീക്ഷണം അവര്‍ ഇതുവരെയും നടപ്പില്‍ വരുത്താനുള്ള നീക്കങ്ങളൊന്നും നടത്താതിരുന്നത്. നരേന്ദ്രമോദി അധികാരത്തിലേറിയതോടെ അത് നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. ഗുജറാത്തിലും മധ്യപ്രദേശിലും സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഇതിനകം ഹൈന്ദവ പുരാണങ്ങളായ ഭവത്ഗീതയും വേദാന്തങ്ങളും ഉള്‍പ്പെടുത്തിക്കഴിഞ്ഞു. ഗോവധത്തിനെതിരായ നിലപാടും ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കങ്ങളും ഊര്‍ജിതമാക്കുകയും ചെയ്തു.
പരമോന്നത കോടതിയുടെ 1995ലെ വിധിപ്രസ്താവം ഏതര്‍ഥത്തിലാണെന്ന് വ്യക്തമല്ല. എങ്കിലും ഹിന്ദുത്വ വര്‍ഗീയതയുടെ താത്പര്യങ്ങള്‍ക്ക് അത് സഹായകമാണെന്ന പരാതി വ്യാപകമാണ്. മതത്തെ രാഷ്ട്രീയമായി കൂട്ടിക്കുഴക്കുകയും ഹിന്ദുത്വ അജന്‍ഡകളെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയും ചെയ്യുന്ന വര്‍ഗീയ രാഷ്ട്രീയത്തിന് അവരുടെ പ്രതിലോമ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ വിധി അവസരമൊരുക്കി. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥക്കും ജനാധിപത്യത്തിന്റെ അന്തസ്സത്തക്കും കളങ്കമാണ് കോടതി പരാമര്‍ശമെന്ന് നിയമവൃത്തങ്ങളില്‍ നിന്ന് പോലും അഭിപ്രായമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് വര്‍മയുടെ നിര്‍വചനം പുനഃപരിശോധിക്കണമെന്നാവശ്യവുമായി ടീസ്റ്റ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനെ സമീപിച്ചത്.
സുദീര്‍ഘ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കുമൊടുവിലാണ് രാജ്യത്തിന്റെ സാംസ്‌കാരികാടിത്തറക്ക് രാഷ്ട്ര ശില്‍പികളും ഭരണഘടനാ വിദഗ്ധരും മതനിരപേക്ഷത തിരഞ്ഞെടുത്തത്. എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്നതും അതേസമയം ഒരു മതത്തിനും പ്രത്യേക പരിഗണന നല്‍കാത്തതുമായ ഈ കാഴ്ചപ്പാട് രാജ്യത്തെ ബഹസ്വര സമൂഹത്തിന് ഏറ്റവും അനുയോജ്യവും സുചിന്തിതവുമാണ്. ഇതിന് പോറലോ ക്ഷതമോ ഏല്‍പിക്കാത്തതായിരിക്കണം രാജ്യത്തിന്റെ പൊതുവ്യവ്‌സഥയുമായി ബന്ധപ്പെട്ട നീതിന്യായ കോടതികളുടെ തീര്‍പ്പുകള്‍. വര്‍മയുടെ വിവാദമായ വിധിയിലെ അപാകങ്ങള്‍ തിരുത്താനും അതുമായി ബന്ധപ്പെട്ട് മതേതര ആശയക്കാരിലും ന്യൂനപക്ഷങ്ങളിലും ഉടലെടുത്ത ആശങ്കകള്‍ അകറ്റാനും കോടതിക്ക് കൈവന്ന അവസരമായിരുന്നു ടീസ്റ്റയുടെ ഹരജിന്മേലുള്ള ചര്‍ച്ചകളും തീര്‍പ്പുകളും. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു അഭിപ്രായപ്പെട്ടത് പോലെ ആ സുവര്‍ണാസരം പരമോന്നത കോടതി പാഴാക്കുകയാണുണ്ടായത്.
ഹിന്ദുത്വത്തിന്റെ പ്രചണ്ഡമായ പ്രചാരണങ്ങളും കരുനീക്കങ്ങളും പൊതുബോധത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. സാംസ്‌കാരിക മേഖലകളിലും അതിന്റെ പ്രതിഫലനങ്ങള്‍ കണ്ടുവരുന്നു. അടുത്ത കാലത്തായി കോടതികളില്‍ നിന്ന് വരുന്ന ചില വിധികളും പരാമര്‍ശങ്ങളും നിതിന്യയ മേഖലയെയും ഇതുസ്വാധീനച്ചുതുടങ്ങിയോ എന്ന് സന്ദേഹിപ്പിക്കുന്നതാണ്. കേന്ദ്ര ഭരണകുടം ഉയര്‍ത്തുന്ന ആശങ്കകള്‍ക്കും ഭീതിക്കും മതന്യൂനപക്ഷങ്ങള്‍ പരിഹാരം പ്രതീക്ഷിക്കുന്നത് കോടതികളിലാണ്. ആ പ്രതീക്ഷയും അസ്തമിക്കുകയാണോ?