കൊഴ കൊഴ കാലിട്ടടിക്കുന്നവര്‍

Posted on: October 27, 2016 8:43 am | Last updated: October 27, 2016 at 8:43 am
SHARE

Niyamasabhaതിരുവനന്തപുരം: പാരമ്പര്യ വിധി പ്രകാരം തയ്യാര്‍ ചെയ്ത പരിശുദ്ധ ലേഹ്യം എന്നൊക്കെ പറയും പോലെ പാരമ്പര്യ വിധി പ്രകാരം തയ്യാറാക്കിയ അവസാന ധനകാര്യബില്ലിലുള്ള ചര്‍ച്ചയായിരുന്നു ഇന്നലെ. ആമുഖമായി ഇക്കാര്യം പറഞ്ഞാണ് ഡോ. ടി എം തോമസ് ഐസക്ക് ബില്‍ അവതരിപ്പിച്ചതും. കാരണം ഇനിയെല്ലാം ജി എസ് ടിയാണ്.
നികുതി നിര്‍ദേശവും ഇളവുകളുമാണ് ബില്ലിലെ വ്യവസ്ഥകളെങ്കിലും കോഴ മുതല്‍ ന്യൂനപക്ഷ സംരക്ഷണം വരെ വിശാലമായ ക്യാന്‍വാസിലായിരുന്നു ചര്‍ച്ച. വി എസ് മുതല്‍ മാണിവരെയും എം എം മണി മുതല്‍ പി കെ ബഷീര്‍ വരെയും വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി. കോഴക്കേസില്‍ യു ഡി എഫ് നേതാക്കളെല്ലാം കൊഴ, കൊഴ കാലിട്ടടിക്കുകയാണെന്നായിരുന്നു ചര്‍ച്ച തുടങ്ങിവെച്ച വി എസ് അച്യുതാനന്ദന്റെ പരിഹാസം. നിരന്തരം ചോദ്യം ചെയ്യലിന് വിധേയനാകുന്ന ബാബുവിന്റെ പൊറുതി വിജിലന്‍സ് ഓഫീസില്‍ തന്നെയാണ്. കെ എം മാണിക്കെതിരെ ദിവസം ചെല്ലുംതോറും പുതിയ കേസുകള്‍ വരുന്നു. ഐക്യരാഷ്ട്രസഭയില്‍ നിന്ന് അവാര്‍ഡ് വാങ്ങിയ ഉമ്മന്‍ ചാണ്ടിക്ക് പുതിയൊരു അന്തരാഷ്ട്ര അവാര്‍ഡ് കൂടി ലഭിച്ചതിന് അദ്ദേഹത്തെ അഭിനന്ദിക്കാനും വി എസ് മറന്നില്ല. വൃത്തികെട്ട കേസില്‍ പണം തട്ടിയതിന് ശിക്ഷിക്കപ്പെട്ട മുഖ്യമന്ത്രിയെന്ന അവാര്‍ഡാണ് പുതുതായി ലഭിച്ചിരിക്കുന്നത്. പ്രതിപക്ഷനേതൃപദവി ഉമ്മന്‍ ചാണ്ടി ഏറ്റെടുക്കാതിരുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോഴാണ് പിടികിട്ടിയതെന്നും വി എസ് പരിഹസിച്ചു.
വി എസ് ദോഷൈക ദൃക്കാണെന്നായിരുന്നു കെ എം മാണിയുടെ തിരിച്ചടി. ജേക്കബ് തോമസിന് വി എസ് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് മകന്‍ അരുണ്‍കുമാറിന്റെ കേസ് എഴുതിത്തള്ളിയത് കൊണ്ടാണ്. നന്ദിയും ഉപകാരസ്മരണയും മനുഷ്യന് ഉണ്ടാകുന്നത് നല്ലതാണ്. ഇനിയുമൊരു 10 ഉപകാരസ്മരണയെങ്കിലും വി എസിന്റെ ഭാഗത്തുനിന്നുണ്ടാകും. തന്റെ കാലത്ത് മാറ്റിനിര്‍ത്തിയ സാന്റിയാഗോ മാര്‍ട്ടിനെ പോലെയുള്ള ചില ചെമ്പരന്തുകള്‍ സര്‍ക്കാരിന് മുകളില്‍ റാഗി പറക്കുന്നുണ്ടെന്നും മാണി മുന്നറിയിപ്പ് നല്‍കി.
വണ്ട് പൂവില്‍ നിന്ന് തേന്‍ നുകരുന്നതുപോലെ വേണം നികുതി പിരിക്കണമെന്നാണ് കൗടില്യന്റെ അര്‍ഥശാസ്ത്രത്തില്‍ പറയുന്നത്. എന്നാല്‍, ജെ സി ബി ഉപയോഗിച്ച് ചെടിയെ മൂടോടെ പിഴുതെടുക്കുന്ന നിലയിലാണ് ധനമന്ത്രിയുടെ നികുതി നിര്‍ദേശങ്ങളെന്ന് വി ഡി സതീശന്‍ നിരീക്ഷിച്ചു. തനത് വരുമാനത്തിന്റെ ശതമാനത്തിലധികവും മദ്യം, ലോട്ടറി എന്നിവയില്‍ നിന്നാകുന്നത് ടി എ അഹമ്മദ് കബീറിന്റെ മനസ്സിനെ അസ്വസ്ഥമാക്കി. പ്രതീക്ഷയോടെ ലോട്ടറിയെടുക്കുന്നവര്‍ അവസാനം എല്ലാനഷ്ടപ്പെട്ട് മദ്യത്തില്‍ അഭയം പ്രാപിക്കുന്നത് വേദനാജനകമാണ്. കുളയട്ടയോടാണ് കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിനെ കെ ദാസന്‍ ഉപമിച്ചത്. കുളയട്ട അറിയാതെ ശരീരത്തില്‍ കയറും. ചോര കുടിച്ചു ചീര്‍ക്കുമ്പോള്‍ മാത്രമാണ് അട്ട കടിച്ച വിവരം അറിയുക. പിന്നൊരു പരാക്രമമാണ്. നാം എത്രശമിച്ചാലും അട്ട പിടിവിടില്ല. ഉപ്പോ, പുകയിലയോ പ്രയോഗിക്കുമ്പോഴാണ് അട്ട പിടിവിടുക. ഇതേപോലെ അധികാരത്തില്‍ കടിച്ചുതൂങ്ങിയ യു ഡി എഫിനെ പുറത്താക്കാന്‍ കേരളജനത ഉപ്പ് ഉപയോഗിച്ചപ്പോഴാണ് അവര്‍ പിടിവിട്ടുപോയത്.
മുന്‍ സര്‍ക്കാറിന്റെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന തിരക്കിലാണ് പിണറായി വിജയനെന്ന് സണ്ണി ജോസഫ്. എ കെ ജി സെന്ററില്‍ ടെര്‍മിനലുണ്ടാക്കി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ച് ഫിറ്റു ചെയ്തുവെന്ന തരത്തിലാണ് ഭരണപക്ഷത്തുനിന്നുള്ള പ്രതികരണങ്ങള്‍. അഞ്ജു ബോബി ജോര്‍ജിന്റെ കണ്ണീര്‍ വീണിടത്ത് പകരം നിയമിച്ച ആളുടെ ട്രാക്ക് റെക്കോര്‍ഡ് പറയാന്‍ സണ്ണി ആഗ്രഹിച്ചില്ല. ബജറ്റ് അവതരിപ്പിച്ച് ലഡു തിന്നുപിരിഞ്ഞവര്‍ ഇന്നു തെറ്റിപ്പിരിഞ്ഞത് ചരിത്രത്തിന്റെ തിരുത്തലാവുമെന്ന് സി കെ നാണു നിരീക്ഷിച്ചു.
മുസ്‌ലിം ലീഗ് ന്യൂനപക്ഷങ്ങള്‍ക്ക് ഒന്നും ചെയ്തില്ലെന്ന് പറയുന്നവര്‍ ബംഗാളിലേക്ക് നോക്കണമെന്നാണ് പി കെ ബഷീറിന്റെ അഭ്യര്‍ഥന. 2.45 കോടി മുസ്‌ലീംകളുള്ള ബംഗാളില്‍ 35 വര്‍ഷം ഭരിച്ചിട്ട് ന്യൂനപക്ഷങ്ങള്‍ക്ക് എന്താണ് സി പി എം നല്‍കിയത്. അവിടെയുള്ളവരെല്ലാം ഇപ്പോള്‍ കേരളത്തിലേക്ക് വരികയാണ്.
കെ ടി ജലീലിന് സി എച്ചിനെ കുറച്ച് പറയാനുള്ള അവകാശവും അദ്ദേഹം ചോദ്യം ചെയ്തു. സി എച്ച് മുത്താണ് തങ്കക്കുടം. പെറ്റുവീണ കമ്യൂണിസ്റ്റായ പ്രദീപിനും ഷംസീറിനുമൊന്നും ഒന്നും കിട്ടിയില്ല. വന്നുകയറിയവരെ മന്ത്രിയാക്കുമ്പോള്‍ നിങ്ങള്‍ മിണ്ടാതിരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബംഗാളിലേക്ക് മാത്രമല്ല, ബീഹാറിലേക്കും ഝാര്‍ഖണ്ഡിലേക്കും അസാമിലേക്കും ഗുജറാത്തിലേക്കും കൂടി നോക്കണമെന്നായിരുന്നു എം എം മണിയുടെ നിര്‍ദേശം. അവിടെയുള്ള മുസ്‌ലിംകള്‍ ആക്രമിക്കപ്പെടുകയാണ്. ബംഗാളില്‍ സി പി എം ഭരിച്ച കാലത്ത് ഒരു മുസ്‌ലിംകളെയും നുള്ളി നോവിക്കാന്‍ അനുവദിച്ചിട്ടില്ല. കേരളത്തിലും ത്രിപുരയിലും സി പി എമ്മാണ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതെന്നും മണി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here