എസ് ഐയെ തട്ടിക്കൊണ്ടു പോയ സംഭവം: പോലീസ് പഴുതടച്ച് അന്വേഷണം തുടങ്ങി

Posted on: October 22, 2016 11:01 am | Last updated: October 22, 2016 at 11:01 am

തേഞ്ഞിപ്പലം: വാഹന പരിശോധനക്കിടെ എസ് ഐയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പോലീസ് പഴുതടച്ച് അന്വേഷണം തുടങ്ങി.
മലപ്പുറം ഡി വൈ എസ് പി. പി എം പ്രദീപ്കുമാര്‍, തിരൂരങ്ങാടി സി ഐ. വി ബാബുരാജ്, തേഞ്ഞിപ്പലം എസ് ഐ. എം അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക സംഘമാണ് അന്വേഷണം തുടങ്ങിയത്. കേരളത്തിനു പുറമെ അയല്‍ സംസ്ഥാനങ്ങളിലേക്കും പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേക സ്‌ക്വാഡുകളാക്കി തിരിച്ച് നിയോഗിച്ചാണ് തന്ത്രപരമായാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥരെ തന്ത്രപ്രധാന മേഖലകളിലടക്കം വിന്യസിച്ച് അതീവ രഹസ്യ സ്വഭാവത്തോടെയാണ് കേസിലെ തുടര്‍നടപടികള്‍ അന്വേഷണ സംഘം മുന്നോട്ടുനീക്കുന്നത്. ഇതിനിടെ കുഴല്‍പ്പണ മേഖലയിലും ക്വട്ടേഷന്‍ സംഘങ്ങളിലും കണ്ണികളായ ചിലരെ നിരീക്ഷിച്ചും ചോദ്യം ചെയ്തും പോലീസ് പ്രതികളെ കുരുക്കാന്‍ കരുക്കങ്ങള്‍ നീക്കുന്നുണ്ട്. കാറില്‍ നിന്ന് കണ്ടെടുത്ത മൊബൈലില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കാര്‍ ഉടമയില്‍ നിന്നും പോലീസ് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി പള്ളിക്കല്‍ മേഖലയില്‍ രാത്രി കാല പട്രോളിംഗ് കഴിഞ്ഞു വരുന്നതിനിടെ ദേശീയപാത കോഹിനൂരില്‍ വച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ കടന്നുപോയ കാറിനെ പിന്തുടര്‍ന്ന് പിടികൂടി പരിശോധന നടത്തുന്നതിനിടെയാണ് കാറിലെ നാലംഗ സംഘത്തിലെ രണ്ടു പേര്‍ ആദ്യം ഓടി രക്ഷപ്പെടുകയും മറ്റ് രണ്ടുപേര്‍ എസ് ഐ അഭിലാഷിനെ കാറിനുള്ളിലേക്ക് തള്ളിയിട്ട് കാറുമായി അമിതവേഗത്തില്‍ മുന്നോട്ടുപോകുകയും ചെയ്തത്. പോലീസ് സംഘം പിന്തുടര്‍ന്നതിനെ തുടര്‍ന്ന് കാര്‍ കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസിന് സമീപത്തെ ചെട്ടിയാര്‍മാട് മേഖലയില്‍ ഉപേക്ഷിച്ച് രണ്ടംഗ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു, ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. കാറിന്റെ പിന്‍ സീറ്റില്‍ ഉണ്ടായിരുന്ന ബാഗ് പരിശോധിക്കുന്നതിനിടെ മുന്‍ സീറ്റിലുണ്ടായിരുന്ന ഒരാള്‍ എസ് ഐ അഭിലാഷിനെ അകത്തേക്ക് തള്ളിക്കയറ്റി കാര്‍ ഓടിച്ചു പോകുകയായിരുന്നു. കാറില്‍ നിന്ന് വടിവാള്‍, കൊടുവാളുകള്‍, ജാക്കി ലിവര്‍, ഇരുമ്പ് ദണ്ഡ് എന്നീ ആയുധങ്ങളും മുഖം മൂടികളും കൈയുറകളും ഒരു മൊബൈല്‍ ഫോണും കണ്ടെടുത്തിരുന്നു.