നഴ്‌സുമാരുടെ വേതനവും സുരക്ഷിതത്വവും ഉറപ്പാക്കും

Posted on: October 20, 2016 1:39 pm | Last updated: October 20, 2016 at 1:39 pm

തിരുവനന്തപുരം:സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. നഴ്‌സുമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കും. സ്വകാര്യ ആശുപത്രി മേഖലയിലെ കൂലി പുതുക്കി നിശ്ചയിക്കുന്നതിനുള്ള കമ്മിറ്റിയുടെ കാലാവധി നീട്ടിനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
50 ബെഡുകള്‍ക്ക് താഴെയുള്ള ആശുപത്രികളില്‍ മിനിമം വേതനം 20,000 രൂപയാക്കണമെന്ന് ശിപാര്‍ശകള്‍ ലഭിച്ചിട്ടുണ്ട്. ഈ ശിപാര്‍ശകള്‍ പരിഗണിച്ച ശേഷം ആവശ്യമായ എന്തെല്ലാം മാറ്റം വരുത്തണോ അതെല്ലാം ചെയ്യും. ആശുപത്രികളിലെ സാഹചര്യം പരിശോധിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തും. നഴ്‌സുമാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തും. അവരുടെ ജീവിതസാഹചര്യങ്ങള്‍ മാറ്റം വരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും.
നിലവില്‍ ബി എസ് സി നഴ്‌സിംഗ് പഠിച്ചിറങ്ങിയ ഒരു നഴ്‌സിന് ലഭിക്കുന്ന മിനിമം വേതനം 11,747 രൂപയാണ്. ഇത് തീര്‍ത്തും അപര്യാപ്തമാണ്. ഇത് ഉയര്‍ത്താന്‍ വേണ്ട കാര്യങ്ങള്‍ സമയബന്ധിതമായി പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. നഴ്‌സുമാരുടെ ശമ്പള വര്‍ധന ശിപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് സര്‍ക്കാറിനു ലഭിച്ചതായി മന്ത്രി അറിയിച്ചു. 50 കിടക്കയില്‍ താഴെയുള്ള ആശുപത്രികള്‍ക്ക് 20,000 രൂപ ശമ്പളം നല്‍കാനാണ് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നത്. കേരളത്തില്‍ 4100 ആശുപത്രികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എല്ലാവിഭാഗത്തിലുമായി 11000 പേര്‍ ജോലി നോക്കുന്നു.
ആശുപത്രികളില്‍ ജോലി നോക്കുന്നവരുടെ ജോലി സ്ഥിരതക്ക് എല്ലാ നടപടികളും സ്വീകരിക്കും. അതേ സമയം സ്വകാര്യ ആശുപത്രികളുമായി ഏറ്റുമുട്ടലിനില്ല. ഇക്കാര്യങ്ങളെ സ്വകാര്യ ആശുപത്രികള്‍ യാഥാര്‍ഥ്യ ബോധത്തോടെ കാണണമെന്നും മന്ത്രി പറഞ്ഞു.