ജേക്കബ് തോമസ് തുടരണം

Posted on: October 20, 2016 6:23 am | Last updated: October 20, 2016 at 12:26 am

SIRAJവിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നുള്ള ജേക്കബ് തോമസിന്റെ രാജിക്കത്ത് പരിഗണിക്കേണ്ടതില്ലെന്ന സി പി എം അവയ്‌ലബിള്‍ സെക്രട്ടേറിയറ്റിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. അഴിമതിക്കെതിരായ പിണറായി സര്‍ക്കാറിന്റെ പോരാട്ടം ഫലം കാണണമെങ്കില്‍ അദ്ദേഹത്തെ പോലുള്ളവര്‍ സ്ഥാനത്ത് തുടരേണ്ടതാവശ്യമാണ്. വ്യക്തിപരമായ കാരണങ്ങളാല്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ പ്രയാസമുണ്ടെന്നും പദവിയില്‍ നിന്ന് മാറ്റിത്തരണമെന്നുമാവശ്യപ്പെട്ടാണ് ചൊവ്വാഴ്ച അദ്ദേഹം മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയത്. എന്നാല്‍, അദ്ദേഹത്തിനെതിരെ അസ്വാഭാവികമായി സോളാര്‍ ആരോപണം വീണ്ടും ഉയര്‍ന്നുവന്നതും മുതിര്‍ന്ന ഒരു വിഭാഗം ഐ എ എസ്/ഐ പി എസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ കണ്ട് ജേക്കബ് തോമസ് മനഃപൂര്‍വം പീഡിപ്പിക്കുന്നതായി പരാതിപ്പെട്ടതുമാണ് രാജിക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. അദ്ദേഹത്തിന്റെ രാജി സ്വീകരിക്കപ്പെട്ടാല്‍ അത് ഇത്തരം രാഷ്ട്രീയ, ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ വിജയമായിരിക്കും.
ഭരണരംഗത്തെ അഴിമതി തുടച്ചു നീക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിയമിച്ചത്. അഴിമതിക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതുമാണ്. അഴിമതിക്കാരെ ഇത് ആശങ്കാകുലരാക്കുക സ്വാഭാവികം. രാഷ്ട്രീയ, ഉദ്യോഗസ്ഥ മേഖലയിലെ പ്രമുഖര്‍ പ്രതികളായ നിരവധി കേസുകള്‍ ഉന്നത സമ്മര്‍ദത്തെ തുടര്‍ന്ന് അന്വേഷണം വഴിമുട്ടി വിജിലന്‍സില്‍ കെട്ടിക്കിടക്കുന്നുണ്ട്. ജേക്കബ് തോമസ് ഡയറക്ടര്‍ സ്ഥാനത്ത് വന്നാല്‍ ഈ കേസുകളുടെ ഫയലുകള്‍ പുറത്തെടുക്കുമെന്ന് രാഷ്ട്രീയ, ഉദ്യോഗസ്ഥ ലോബിക്കറിയാം. ഇതോടെയാണ് അദ്ദേഹത്തിനെതിരായ കരുനീക്കങ്ങള്‍ ആരംഭിച്ചത്. ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവുമായി തൃശൂര്‍ സ്വദേശി ഹൈക്കോടതിയെ സമീപിച്ചത് ഇതിന്റെ ആദ്യപടിയായിരുന്നു. ഗവേഷണത്തിനായി അവധിയെടുത്ത് സ്വകാര്യ കോളജില്‍ ജോലി ചെയ്ത് ശമ്പളം പറ്റിയെന്ന ആരോപണം ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ബാര്‍ കോഴക്കേസില്‍ ചില ഉന്നത നേതാക്കളും അവരോട് ഒട്ടിനില്‍ക്കുന്ന ഉദ്യോഗസ്ഥ പ്രമുഖരുമാണ് പിന്നിലെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഹരജിയില്‍ പരാതിക്കാരന് വേണ്ടി ഹാജരായത് ബാര്‍കോഴക്കേസില്‍ കെ എം മാണിക്ക് വേണ്ടി ഹാജരായ അഭിഭാഷകനായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഈ ആരോപണവുമായി ബന്ധപ്പെട്ട് നിയമാനുസൃതമുള്ള നടപടി സ്വീകരിക്കുകയും ജേക്കബ് തോമസ് സ്വകാര്യസേവന കാലത്തെ ശമ്പളം തിരിച്ചടക്കുയും ചെയ്ത സാഹചര്യത്തില്‍ ഹരജിക്ക് പ്രസക്തിയില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചതോടെയാണ് തത്പര കക്ഷികള്‍ സോളാര്‍ പാനല്‍ പ്രശ്‌നവുമായി വന്നത്. ജേക്കബ് തോമസ് കൊച്ചി തുറമുഖ ഡയറക്ടറായിരിക്കെ സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ അപാകം സംഭവിച്ചെന്നും ഇത് സര്‍ക്കാറിന് നഷ്ടംവരുത്തിയെന്നുമാണ് ആരോപണം. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ധനവകുപ്പ് ഇതു സംബന്ധിച്ചു അന്വേഷണം നടത്തി ജേക്കബ് തോമസിനെതിരെ വകുപ്പുതല നടപടിക്കു ശിപാര്‍ശ ചെയ്യുകയുണ്ടായി. തന്നോട് കടുത്ത വിരോധം പുലര്‍ത്തുന്ന ഒരു ഉന്നത രാഷ്ട്രീയ നേതാവിന്റെ താത്പര്യ പ്രകാരം കെട്ടിച്ചമച്ചതാണ് ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടെന്നാണ് ജേക്കബ് തോമസ് പറയുന്നത്. മുന്‍ ഭരണത്തില്‍ അദ്ദേഹത്തിന് നിരന്തരം ഏല്‍ക്കേണ്ടിവന്ന പീഡനവും അവമതിയും പരിഗണിക്കുമ്പോള്‍ അത് തള്ളിക്കളയാനാകില്ല.
അഴിമതിക്കെതിരെ നടപടി സ്വീകരിക്കുന്ന സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് നിലനില്‍പില്ലെന്നതായിരുന്നു മുന്‍ഭരണ കാലത്തെ അവസ്ഥ. അത്തരക്കാരെ പുകച്ചുപുറത്തു ചാടിക്കുകയും മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരെ ഉന്നതങ്ങളില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന നിലപാടായിരുന്നു അന്നത്തേത്. അര്‍ഹമായ സ്ഥാനങ്ങള്‍ നിരസിച്ചും അടിക്കടി താവളം മാറ്റിയും ഋഷിരാജ് സിംഗ്, ലോക്‌നാഥ് ബെഹ്‌റ, ജേക്കബ് തോമസ് തുടങ്ങിയ ഉദ്യോഗസ്ഥരെ അന്ന് പീഡിപ്പിച്ചു. ബെഹ്‌റയും സിംഗും കഴിഞ്ഞ മാര്‍ച്ചില്‍ സംസ്ഥാനം വിട്ടു കേന്ദ്ര സര്‍വീസിലേക്ക് മാറാന്‍ തീരുമാനിച്ചതിന്റെ പിന്നാമ്പുറം അതായിരുന്നല്ലോ. സംഭവം വിവാദമായപ്പോഴാണ് അവര്‍ അര്‍ഹമായ സ്ഥാനങ്ങളില്‍ നിയമിക്കപ്പെട്ടത്. അത്തരമൊരു സ്ഥിതി വിശേഷം ഇനിയും തുടര്‍ന്നു കൂടാ. മികച്ച ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹമായ പദവികള്‍ നല്‍കി സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാറുമായി സഹകരിക്കുന്നതിന് പകരം പ്രതിപക്ഷത്തെ ചില പ്രമുഖര്‍ അഴിമതിക്കാര്‍ക്കൊപ്പം ചേര്‍ന്ന് സത്യസന്ധതക്ക് പേര് കേട്ട ഉദ്യോഗസ്ഥരെ താറടിക്കാന്‍ ശ്രമിക്കുന്നത് ഖേദകരമാണ്. ഇതുവഴി തങ്ങള്‍ ജനങ്ങളില്‍ നിന്ന് കൂടുതല്‍ അകലുകയാണെന്ന് അവര്‍ മനസ്സിലാക്കണം. അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഒഴികെ, ജേക്കബ് തോമസ് വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്ത് തുടരണമെന്നാഗ്രഹിക്കുന്നവരാണ് ഒന്നടങ്കം കേരളീയരും.