രാജ്യത്ത് ആഡംബര കപ്പല്‍ സീസണ് തുടക്കമായി; ആദ്യ കപ്പലെത്തി

Posted on: October 19, 2016 7:45 pm | Last updated: October 20, 2016 at 2:08 pm
SHARE

cvcgh4jwaaa801dദോഹ: രാജ്യത്ത് ആഡംബര കപ്പല്‍ സീസണ് തുടക്കമായി. സ്വകാര്യ ഉടമസ്ഥതയിലുള്ള ലോകത്തെ ഏറ്റവും വലിയ താമസ യാട്ട് ‘ദി വേള്‍ഡ്’ ആണ് ദോഹ തുറമുഖത്ത് നങ്കൂരമിട്ടത്. ആഡംബര കപ്പല്‍ രണ്ട് ദിവസമാണ് ദോഹയിലുണ്ടാകുക. അതിന് ശേഷം മസ്‌കറ്റിലേക്ക് പോകും.
350 യാത്രക്കാരാണ് ദോഹയിലെത്തിയത്. 45 രാഷ്ട്രങ്ങളില്‍ നിന്നുള്ള 165 പേരുടെ താമസകേന്ദ്രം കൂടിയാണ് കപ്പല്‍. വിവിധ തുറമുഖങ്ങളില്‍ ദിവസങ്ങളോളം ചെലവഴിക്കാറുണ്ട്. ചില താമസക്കാര്‍ മുഴുവന്‍ സമയവും മറ്റു ചിലര്‍ നിശ്ചിത സമയങ്ങളിലുമാണ് കപ്പലില്‍ ചെലവഴിക്കാറുള്ളത്. 32 ആഡംബര കപ്പലുകളിലായി അര ലക്ഷത്തോളം യാത്രക്കാരെയാണ് ഖത്വര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണെ അപേക്ഷിച്ച് കപ്പലുകളുടെ എണ്ണത്തില്‍ മൂന്നിരട്ടിയും യാത്രക്കാരില്‍ നൂറ് ശതമാനവും വര്‍ധനയാണ് ഉണ്ടാകുക. ഒക്‌ടോബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ആഡംബര കപ്പല്‍ വിനോദസഞ്ചാര കാലം. നടപടികള്‍ പൂര്‍ത്തിയാക്കി മിനുട്ടുകള്‍ക്കകം കപ്പിലിറങ്ങാനാകുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ആഡംബര കപ്പല്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് യാത്രക്കാരുടെയും കപ്പല്‍ ജീവനക്കാരുടെയും പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. കപ്പല്‍ തുറമുഖത്ത് എത്തുന്നതിന് മുമ്പ് തന്നെ യാത്രക്കാരുടെ എന്‍ട്രിയുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കും. യാത്രക്കാര്‍ ട്രാന്‍സിറ്റ് വിസക്ക് അര്‍ഹരായിരിക്കും. ഇതിലൂടെ രാജ്യത്തേക്കുള്ള പ്രവേശനം സുഗമമാക്കാം. ടൂറിസ്റ്റ് വിസ അപേക്ഷാ നടപടിക്രമങ്ങള്‍ വേഗത്തിലും സുതാര്യമായും പൂര്‍ത്തിയാക്കാന്‍ വി എഫ് എസ് ഗ്ലോബലുമായി ഖത്വര്‍ അധികൃതര്‍ ഈയടുത്ത് ധാരണയിലെത്തിയിട്ടുണ്ട്.
ആയിരം യാത്രക്കാരില്‍ കുറവുള്ള ആഡംബര കപ്പലുകളാണ് മുന്‍വര്‍ഷങ്ങളില്‍ ഖത്വറില്‍ എത്തിയിരുന്നത്. 1500ലേറെ യാത്രക്കാരുള്ള വലിയ കപ്പലുകള്‍ ഇത്തവണയെത്തുന്നുണ്ട്. 3900 യാത്രക്കാരും 1500 ജീവനക്കാരുമുള്ള എം എസ് സി ഫാന്റസിയ ആണ് രാജ്യത്തെത്തുന്ന ഏറ്റവും വലിയ കപ്പല്‍. ഡിസംബറിലാണ് ഈ കപ്പലെത്തുക. ശരാശരി എട്ട് മണിക്കൂറാണ് യാത്രക്കാര്‍ ഖത്വറില്‍ ചെലവഴിക്കുക.

 

LEAVE A REPLY

Please enter your comment!
Please enter your name here