മാധ്യമങ്ങളെ പഴിച്ച് നേതാവ് നഷ്ടപ്പെടുത്തുന്നത്

ആരോപണമുയര്‍ന്നാല്‍ ആരോപണമുന്നയിച്ചവര്‍ തെളിവ് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാല്‍ അതെന്റെ മനസ്സാക്ഷിക്ക് വിശ്വസിക്കാവതല്ല എന്ന് വിശദീകരിക്കുകയും ചെയ്ത്, ആരോപണവിധേയരെ സംരക്ഷിക്കാന്‍ തത്രപ്പെട്ട ഒരു മുഖ്യമന്ത്രിയെ കണ്ടുപരിചയമുണ്ട് കേരളത്തിന്. അത്തരമൊരു നിര എതിര്‍പക്ഷത്ത് നില്‍ക്കെ, ആരോപണം പരിശോധിക്കുകയും അതില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ നടപടിയെടുക്കാന്‍ മടിക്കാത്തവരെ വിമര്‍ശിക്കുന്നതില്‍ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. ആ കഴമ്പില്ലായ്മ, സാമാന്യ ബോധമുള്ള ജനത്തിന് മനസ്സിലാകുന്ന ഘട്ടത്തിലാണ് മാധ്യമ വേട്ട ആരോപിച്ച് ജയരാജന്‍ രംഗത്തുവരുന്നത്. സി പി എമ്മിന്റെയും അത് നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്റെയും മേല്‍ പതിച്ച കളങ്കം, മന്ത്രിയുടെ രാജിയിലൂടെയും വിജിലന്‍സ് അന്വേഷണത്തിലൂടെയും കഴുകിക്കളയാന്‍ നടത്തിയ ശ്രമത്തെ നിഷ്ഫലമാക്കുന്നതാണ് ജയരാജന്റെ നടപടി.
Posted on: October 18, 2016 8:40 am | Last updated: October 18, 2016 at 8:40 am

jayarajan-at-niyamasabhaപ്രശ്‌നം മാധ്യമങ്ങളുടേതാണ്. അവരങ്ങനെ എല്ലാറ്റിനെയും പൊലിപ്പിച്ച് കാട്ടുകയും ഇല്ലാത്തതൊക്കെ ഉണ്ടെന്ന് വരുത്തുകയും ചെയ്യുകയാണ്. അതൊരു വേട്ടയാടലാണ്. അതിന്റെ ഇരയാണ് താന്‍ എന്നാണ് മന്ത്രി സ്ഥാനം രാജിവെച്ച ഇ പി ജയരാജന്‍ നിയമസഭയില്‍ വിശദീകരിച്ചത്. പ്രതിപക്ഷത്തിന്റെ പക്കല്‍ നിന്ന് പണം വാങ്ങിയാണ് മാധ്യമങ്ങള്‍ തനിക്കെതിരെ രംഗത്തുവന്നതെന്നും സി പി എം കേന്ദ്ര കമ്മിറ്റി അംഗം ആരോപിക്കുന്നു.
ഇതിനേക്കാള്‍ രൂക്ഷമായാണ് കേരള സംസ്ഥാനത്തെ അഭിഭാഷകരില്‍ ഒരു വിഭാഗം മാധ്യമങ്ങളുടെ കാര്യത്തില്‍ പ്രതികരിക്കുന്നത്. കോടതി മുറിയിലെത്തി വിവരം ശേഖരിക്കാനോ ബഞ്ചു ക്ലര്‍ക്കുമാരുടെ അടുക്കല്‍ ചെന്ന് വിവരങ്ങള്‍ കൃത്യമെന്ന് ഉറപ്പിക്കാനോ മാധ്യമ പ്രവര്‍ത്തകരെ അനുവദിക്കില്ലെന്ന നിലപാടിലാണ് അവര്‍. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെയോ സംസ്ഥാന മുഖ്യമന്ത്രിയുടെയോ ഉപദേശങ്ങളോ നിര്‍ദേശങ്ങളോ പാലിക്കാന്‍ തയ്യാറല്ലെന്ന പരോക്ഷ സന്ദേശമാണ് ഇക്കൂട്ടര്‍ നല്‍കുന്നത്. കോടതി ആരുടെയും സ്വകാര്യ സ്വത്തല്ലെന്നും ക്രമസമാധാനം ഭഞ്ജിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചാല്‍ ഇടപെടാന്‍ മടിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയതിന് ശേഷവും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പോസ്റ്റര്‍ പതിച്ച് രംഗത്തുവരാന്‍ അഭിഭാഷകര്‍ തയ്യാറായിരിക്കുന്നു.
ഇ പി ജയരാജനെപ്പോലുള്ള സി പി എം നേതാക്കള്‍ മാധ്യമങ്ങളെയോ മാധ്യമ പ്രവര്‍ത്തകരെയോ കുറ്റപ്പെടുത്തി രംഗത്തുവരുന്നതില്‍ പുതുമയില്ല. സി പി എമ്മിലെ തര്‍ക്കങ്ങള്‍ രൂക്ഷമായിരുന്ന കാലത്ത് പിണറായി വിജയന്‍ നിരന്തരം മാധ്യമങ്ങളെ വിമര്‍ശിച്ചിരുന്നു. ഇ പി ജയരാജന്‍ തന്നെ മുഖ്യ സ്ഥാനത്തുണ്ടായ, സി പി എമ്മുമായി ബന്ധപ്പെട്ട വലിയ ആരോപണങ്ങളില്‍ ചില മാധ്യമ പ്രവര്‍ത്തകരെ പേരെടുത്ത് പറഞ്ഞായിരുന്നു പിണറായിയുടെ വിമര്‍ശം. ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും മനോവീര്യം നഷ്ടപ്പെട്ട് നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധം തീര്‍ക്കുക എന്നത് പാര്‍ട്ടി സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നയാളുടെ ഉത്തരവാദിത്തമായിരുന്നു. ആ നിലക്ക് വിമര്‍ശത്തെ ന്യായീകരിക്കാന്‍ പിണറായിക്കും പാര്‍ട്ടിക്കും സാധിക്കുമായിരുന്നു. അന്നുയര്‍ന്ന ആരോപണങ്ങള്‍ ഒരു പരിധിവരെ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചുള്ളതായിരുന്നു, അത് പരിഹരിക്കാനും പാര്‍ട്ടി തലത്തില്‍ നടപടിയെടുക്കാനും സി പി എം തയ്യാറാകുകയും ചെയ്തിരുന്നുവെന്നത് വിമര്‍ശിക്കാനുള്ള ചെറിയ അവകാശം അവര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ മന്ത്രിയായിരുന്ന ജയരാജന്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് ബന്ധുക്കളെ നിയമിക്കാന്‍ തീരുമാനിക്കുമ്പോള്‍ അത് സി പി എമ്മിന്റെ ആഭ്യന്തര കാര്യമല്ല. അത്തരം നിയമനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ അത് പിന്തുടരാനും അവ പൊതുസ്വത്തിന്റെ പരിപാലനത്തിന് ഏതളവില്‍ ഗുണകരമാണ് എന്ന് ആലോചിക്കാനും മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. വേണ്ട യോഗ്യതയില്ലാത്തവരെയാണ് നിയമിച്ചിട്ടുള്ളത് എന്ന് വ്യക്തമാകുമ്പോള്‍ നടന്നത് സ്വജനപക്ഷപാതമാണെന്ന് തുറന്ന് പറയാന്‍ മാധ്യമങ്ങള്‍ മടിക്കേണ്ട കാര്യവുമില്ല. ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്, പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയും സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായയെ ബാധിച്ചുവെന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും പാളിച്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്ന് ചാനല്‍ ചര്‍ച്ചകളിലെത്തിയ സി പി എം നേതാക്കളുമൊക്കെ പറഞ്ഞപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് തന്നെയല്ലേ മാധ്യമ പ്രവര്‍ത്തകരും മാധ്യമങ്ങളും വിശ്വസിക്കേണ്ടത്? അതിനനുസരിച്ച് വാര്‍ത്തകള്‍ നല്‍കിയാല്‍ അത് വേട്ടയാകുന്നത് എങ്ങനെ?
പന്ത്രണ്ട് ദിവസം മാധ്യമ വേട്ട അരങ്ങേറിയെന്ന് ജയരാജന്‍ പറയുന്നു. ഈ ദിവസങ്ങളില്‍ സി പി എമ്മിന്റെ ഒരു നേതാവ് പോലും ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചിരുന്നില്ല. മുന്‍കാലങ്ങളില്‍ മാധ്യമങ്ങളെ വിമര്‍ശിക്കുന്നതില്‍ പിശുക്ക് കാട്ടിയിട്ടില്ലാത്ത പിണറായി വിജയന്‍ പോലും അതിന് തയ്യാറായില്ല, മാധ്യമങ്ങളില്‍ വരുന്നത് മുഴുവന്‍ ശരിയല്ലെന്ന് പറയാന്‍ പോലും പിണറായി സന്നദ്ധനായിരുന്നില്ല. ഇതിനൊക്കെ ശേഷമാണ് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തിയത്. തനിക്ക് പിഴവ് പറ്റിയെന്ന് സെക്രട്ടേറിയറ്റില്‍ ജയരാജന്‍ സമ്മതിച്ചുവെന്നാണ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുകയും ചെയ്തു. ഇതിനൊക്കെ ശേഷവും മാധ്യമ വേട്ടയാണ് നടന്നതെന്ന് ജയരാജന്‍ പറയുകയും പ്രതിപക്ഷത്തിന്റെ പണം പറ്റിയാണ് ഈ വേട്ട നടത്തിയത് എന്ന് ആരോപിക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനമെന്താണ്? ജയരാജന്‍ പറയുന്നതാണ് വസ്തുതയെങ്കില്‍ മാധ്യമ വേട്ടക്ക് ചൂട്ടുപിടിക്കുകയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയും സഹോദരതുല്യനെന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന പിണറായി വിജയനും ചെയ്തത്. അങ്ങനെയാണോ എന്ന് വിശദീകരിക്കേണ്ട ചുമതല പാര്‍ട്ടി നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമുണ്ട്.
സ്വജനപക്ഷപാതം നടത്തിയെന്ന ആരോപണത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് തുടക്കമിടുകയും അതിന് പിറകെ ജയരാജനെക്കൊണ്ട് രാജിവെപ്പിക്കുകയും ചെയ്തത്, കേരള രാഷ്ട്രീയത്തിന് അത്രത്തോളം പരിചിതമല്ലാത്ത നടപടിയാണ്. ആരോപണമുയര്‍ന്നാല്‍ ആരോപണമുന്നയിച്ചവര്‍ തെളിവ് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാല്‍ അതെന്റെ മനസ്സാക്ഷിക്ക് വിശ്വസിക്കാവതല്ല എന്ന് വിശദീകരിക്കുകയും ചെയ്ത്, ആരോപണവിധേയരെ സംരക്ഷിക്കാന്‍ തത്രപ്പെട്ട ഒരു മുഖ്യമന്ത്രിയെ കണ്ടുപരിചയമുണ്ട് കേരളത്തിന്. കോഴ, സ്വജനപക്ഷപാതം, അനധികൃത നിയമനം എന്നിങ്ങനെ ആ സര്‍ക്കാറിന്റെ കാലത്ത് ഉയരാത്ത ആരോപണമൊന്നുമില്ല. സംഗതി ഗൗരവമുള്ളതാണെന്നും പാര്‍ട്ടിയും മുന്നണിയുമൊക്കെ ചര്‍ച്ച ചെയ്യുമെന്നും കുറ്റംചെയ്തവരുണ്ടെങ്കില്‍ വിടില്ലെന്നുമൊക്കെ ആവര്‍ത്തിച്ചയാളാണ് അന്നും ഇന്നും കെ പി സി സി പ്രസിഡന്റായിരിക്കുന്ന വി എം സുധീരന്‍. ആരോപണ വിധേയരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന് വരെ അദ്ദേഹം വാദിച്ചുനോക്കി. ഒന്നും ഫലം കണ്ടില്ല. ആദര്‍ശധീരനായി തുടരുന്ന അദ്ദേഹം, കെ ബാബുവിനെതിരായ ആരോപണത്തില്‍ റെയ്ഡ് ഉള്‍പ്പെടെ പരിശോധനകള്‍ക്ക് വിജിലന്‍സ് തയ്യാറായപ്പോള്‍ അത് രാഷ്ട്രീയ പ്രേരിതമാണെന്ന പാര്‍ട്ടിയുടെയും മുന്നണിയുടെയും നിലപാട് അംഗീകരിക്കാന്‍ തയ്യാറായി. അത്തരമൊരു നിര എതിര്‍പക്ഷത്ത് നില്‍ക്കെ, ആരോപണം പരിശോധിക്കുകയും അതില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ നടപടിയെടുക്കാന്‍ മടിക്കാത്തവരെ വിമര്‍ശിക്കുന്നതില്‍ കഴമ്പുണ്ടെന്ന് തോന്നുന്നില്ല.
ആ കഴമ്പില്ലായ്മ, സാമാന്യ ബോധമുള്ള ജനത്തിന് മനസ്സിലാകുന്ന ഘട്ടത്തിലാണ് മാധ്യമ വേട്ട ആരോപിച്ച് ജയരാജന്‍ രംഗത്തുവരുന്നത്. താന്‍ പ്രവര്‍ത്തിച്ചത് രാജ്യത്തിന് വേണ്ടിയാണെന്നും അഴിമതി ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോള്‍ അതൃപ്തരായ മാഫിയ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് താന്‍ പുറത്താതയെന്നും വിശദീകരിക്കുന്നത്. സി പി എമ്മിന്റെയും അത് നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്റെയും മേല്‍ പതിച്ച കളങ്കം, മന്ത്രിയുടെ രാജിയിലൂടെയും വിജിലന്‍സ് അന്വേഷണത്തിലൂടെയും കഴുകിക്കളയാന്‍ നടത്തിയ ശ്രമത്തെ നിഷ്ഫലമാക്കുന്നതാണ് ജയരാജന്റെ നടപടി. പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ നടത്തിയ ഏറ്റുപറച്ചില്‍ നിയമസഭയില്‍ നടത്താന്‍ ജയരാജന് സാധിക്കില്ല. അത് ചെയ്താല്‍ സ്വജന പക്ഷപാതിത്വം കാട്ടിയെന്ന് സമ്മതിക്കലാകും. നിയമവും ചട്ടവുമനുസരിച്ചാണ് നിയമനങ്ങള്‍ നടത്തിയത്, അതിന്‍മേല്‍ സംശയമുയര്‍ന്ന സാഹചര്യത്തില്‍ രാജിവെച്ചു, അന്വേഷണത്തില്‍ നിരപരാധിത്വം തെളിയുമെന്നൊക്കെ വിശദീകരിച്ച് ഒഴിയാവുന്നതേയുള്ളൂ. അതിന് പകരം മാധ്യമ വേട്ട ആരോപിക്കുകയും അതിന് പ്രതിപക്ഷം പണം നല്‍കിയെന്ന് ആക്ഷേപിക്കുകയുമൊക്കെ ചെയ്യുമ്പോള്‍, നിലവില്‍ ശരമേല്‍ക്കാതെ നില്‍ക്കുന്ന മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ സംശയത്തിന്റെ നിഴലിലാകാനുള്ള സാധ്യത തുറന്നിടുക കൂടിയാണ് ജയരാജന്‍ ചെയ്യുന്നത്.
തെറ്റുണ്ടെങ്കില്‍ തിരുത്തും, അതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നൊക്കെ പാര്‍ട്ടിയുടെ ഉയര്‍ന്ന നേതാക്കളടക്കമുള്ളവര്‍ നേരത്തെ പറഞ്ഞിരുന്നു. അതിന് തെളിവായാണ് ജയരാജന്റെ രാജി അടക്കമുള്ള നടപടികളെ കണ്ടതും. ഇതൊക്കെ സാങ്കേതികമായ തിരുത്തലേ ആകുന്നുള്ളൂ. യഥാര്‍ഥ തിരുത്ത്, വ്യക്തികളുടെ സ്വഭാവത്തിലാണ് വരേണ്ടത്. പ്രത്യേകിച്ച് ഉയര്‍ന്ന നേതൃതലത്തില്‍ വിരാജിക്കുന്നവരുടെ. അതുണ്ടാകുന്നില്ലെങ്കില്‍ രാജി വെച്ചതുകൊണ്ടോ അന്വേഷണം നേരിട്ടതുകൊണ്ടോ പ്രത്യേകിച്ച് ഫലമൊന്നുമുണ്ടാകില്ല. വീഴ്ചയുണ്ടായെന്ന് പാര്‍ട്ടിക്ക് മുമ്പാകെ സമ്മതിച്ച നേതാവ്, വാക്കിലും പ്രവൃത്തിയിലും തിരുത്തുള്‍ക്കൊണ്ടുവെന്ന തോന്നല്‍ ഉണ്ടാകുമ്പോഴാണ് കീഴ്ഘടകങ്ങളിലുള്ളവര്‍ക്കും അത് പാഠമാകുക. അതിന് പകരം, മാധ്യമങ്ങളുടെ പിഴയാണൊക്കെ എന്ന് വാതോതാരെ വാദിച്ചാല്‍ പാര്‍ട്ടിയെടുക്കുന്ന നടപടികളൊക്കെ രോഗലക്ഷണങ്ങള്‍ മാറുന്നതിനുള്ള ചികിത്സ മാത്രമാണെന്ന് പ്രവര്‍ത്തകരും പൊതുജനവും ധരിക്കും. അതിന് വേണ്ടിയാണല്ലോ ഇത്രയേറെ സമയവും പണവും വ്യയം ചെയ്ത് തെറ്റുതിരുത്തല്‍ രേഖകളൊക്കെ തയ്യാറാക്കി വിതരണം ചെയ്യുന്നത് എന്ന് വിചാരിക്കുകയും ചെയ്യും.
മാധ്യമങ്ങളുടെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്‍വിധികളുണ്ട്. അത് അവ്വിധമാക്കിത്തീര്‍ക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് മാധ്യമങ്ങള്‍ വഹിച്ചിട്ടുമുണ്ട്. കോടതി വളപ്പില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ അടിച്ചോടിക്കാന്‍ അഭിഭാഷകര്‍ തീരുമാനിച്ചപ്പോള്‍ ആദ്യ ഘട്ടത്തില്‍ അങ്ങുമിങ്ങുമല്ലാത്ത നിലപാട് അദ്ദേഹം സ്വീകരിച്ചത് എന്ന് അഭിപ്രായമുയര്‍ന്നിരുന്നു. മാധ്യമങ്ങളുടെ മേല്‍ക്കൈ ഇല്ലാതാക്കുക എന്ന അജന്‍ഡ അദ്ദേഹത്തിനുണ്ടെന്ന തോന്നലും പ്രബലമാണ്. അതിന്റെ തുടര്‍ച്ചയാണോ ജയരാജന്റെ മാധ്യമ വിര്‍ശവുമെന്ന സംശയം ബലപ്പെടുകയാണ്. അതില്ലെന്ന് ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം സി പി എമ്മിനും മുഖ്യമന്ത്രിക്കു തന്നെയുമുണ്ട്. രാജിവെച്ചിറങ്ങിയ ജയരാജന്‍ ഇനിയങ്ങോട്ട് ലഭിക്കുന്ന പൊതുയോഗ വേദികളിലെല്ലാം ഈ വിമര്‍ശം തുടരുകയാണെങ്കില്‍, പ്രതിസ്ഥാനത്തു നില്‍ക്കു മാധ്യമങ്ങളും അതിന്റെ പ്രവര്‍ത്തകരും മാത്രമയിരിക്കില്ല, രാജിയിലേക്ക് നയിക്കും വിധത്തില്‍ പൊതുനിലപാടെടുത്ത പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ളവരായിരിക്കുമെന്ന് അവര്‍ ഓര്‍ക്കുന്നത് നന്നാകും.