‘ഞാന്‍ ഹിന്ദുക്കളുടെ ഫാനാണ്, ഇന്ത്യക്കാരുടെയും’: ഹിന്ദുത്വ കാര്‍ഡെടുത്ത് ട്രംപ്

Posted on: October 16, 2016 11:29 pm | Last updated: October 16, 2016 at 11:29 pm
Republican presidential candidate Donald Trump lights a diya before delivering remarks to the Republican Hindu Coalition, Saturday, Oct. 15, 2016, in Edison, N.J. (AP Photo/ Evan Vucci)
Republican presidential candidate Donald Trump lights a diya before delivering remarks to the Republican Hindu Coalition, Saturday, Oct. 15, 2016, in Edison, N.J. (AP Photo/ Evan Vucci)

ന്യൂജഴ്‌സി: താന്‍ പ്രസിഡന്റായാല്‍ ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. പാര്‍ട്ടിയെ പിന്തുണക്കുന്ന ഹിന്ദുസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിയെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപിന്റെ ഭരണത്തില്‍ നമ്മള്‍ സുഹൃത്തുക്കളാകാന്‍ പോകുകയാണെന്ന് പറഞ്ഞ അദ്ദേഹം അമേരിക്കാരനായതില്‍ അഭിമാനിക്കണമെന്നും ഈ ബന്ധത്തിന് മറ്റുതരത്തിലുള്ള പ്രാധാന്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് റാലിക്കിടെ മുസ്‌ലിംവിരുദ്ധ പരാമര്‍ശങ്ങള്‍ നിരന്തരം നടത്തുന്ന ട്രംപ് അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ വോട്ട് ലക്ഷ്യമിട്ടാണ് പുതിയ പ്രസ്താവനുയുമായി രംഗത്തെത്തിയത്.തന്റെ പ്രസംഗത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെ പ്രശംസിക്കാനും ട്രംപ് മറന്നില്ല. ദീര്‍ഘ വീക്ഷണത്തോടെ കാര്യങ്ങളെ നോക്കുന്ന മോദി വലിയ മനുഷ്യനാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ ഹിന്ദുക്കളുടെ ഫാനാണ്, അതുപോലെ ഇന്ത്യയുടെയും വലിയ ഫാനാണെന്ന് പറഞ്ഞ ട്രംപ് തന്റെ കമ്പനി ഇന്ത്യയില്‍ നടത്തിയ നിരവധി പദ്ധതികളെ കുറിച്ചും സംസാരിച്ചു.
2001ല്‍ പാര്‍ലിമെന്റ് ആക്രമണത്തെയും 2008ലെ മുംബൈ ഭീകരാക്രമണത്തെയും അപലപിച്ച ട്രംപ് പാക്കിസ്ഥാനെ പേരെടുത്ത് പറയാതെ രൂക്ഷമായാണ് വിമര്‍ശിച്ചത്. അതിര്‍ത്തി വഴിയുള്ള ഭീകരവാദത്തിന് ഇരയാണ് ഇന്ത്യയെന്ന് പറഞ്ഞ അദ്ദേഹം ഇതിനെതിരെ തോളോടു തോള്‍ ചേര്‍ന്ന് ഇന്ത്യക്കൊപ്പം അമേരിക്ക ഉണ്ടാകുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കി.
തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപ് ആദ്യമായാണ് ഹിന്ദു സഖ്യത്തെ അഭിമുഖീകരിച്ച് സംസാരിക്കുന്നത്. ഇന്ത്യക്കാരും ഹിന്ദുക്കളും അമേരിക്കയെ ശക്തിപ്പെടുത്തുന്നതിന് തലമുറകളായി സംഭാവന ചെയ്യുന്നവരാണ് അവരോട് ബഹുമാനമുണ്ടെന്നും ട്രംപ് പറഞ്ഞു.