ബേപ്പൂര്‍ ഖാളി പിടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി

Posted on: October 16, 2016 9:40 pm | Last updated: October 16, 2016 at 10:00 pm

pt-abdul-kader-musliyar

ബേപ്പൂര്‍: ബേപ്പൂര്‍ ഖാളിയും പ്രമുഖ പണ്ഡിതനുമായ പിടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ബേപ്പൂര്‍ വലിയ ജുമഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു ഖാളിയുടെ വിയോഗം. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ കാരണം കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് ബേപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികില്‍സ നല്‍കുന്നതിനായി ശനിയാഴ്ച രാവിലെ വീണ്ടും ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നിയോജക മണ്ഡലമുള്‍പ്പെടെയുള്ള പതിനെട്ടോളം മഹല്ലുകളില്‍ ഖാസി സ്ഥാനം വഹിച്ചുവന്ന അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ കഴിഞ്ഞ 46 വര്‍ഷമായി ബേപ്പൂരില്‍ ഖാസി സ്ഥാനത്ത് തന്നെ തുടര്‍ന്ന് വരികയായിരുന്നു. ബേപ്പൂരിലെ മുന്‍കാല പ്രാസ്ഥാനിക പണ്ഡിതനും മുന്‍ ബേപ്പൂര്‍ ഖാളി യുമായിരുന്ന പരേതനായ പുത്തലത്ത് പിപി മുഹമ്മദ് കോയ മുസലിയാരുടെയും പരേതയായ തറയില്‍ അഹമ്മദിന്റെ മകള്‍ ഖദീജ ബീവിയുടെയും ഏറ്റവും ഇളയ മകനായാണ് ജനനം. 1389/1969ല്‍ ബേപ്പൂരിലെ ഒമ്പതാമത് ഖാളിയായി അവരോധിതനായി.

സമസ്ത കേരള സുന്നി യുവജന സംഘം, സുന്നീ വിദ്യാഭ്യാസ ബോര്‍ഡ്, മര്‍കസു സഖാഫത്തി സുന്നിയ്യ കമ്മറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഓടക്കല്‍ മറിയും എന്ന കുഞ്ഞീവിയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് അലി സഖാഫി (മുദരിസ് എക്കാപ്പറമ്പ്), അബ്ദുസ്സലാം മുസ്ലിയാര്‍, അഹമ്മദ് സ്വാലിഹ്, മുഹമ്മദ് ഉനൈസ്, ഫാത്തിമത്ത് സൈബുന്നിസ, സുമയ്യ, ഹാജറ, ഖദീജ. പരേതരായ ജാഫര്‍ സ്വാദിഖ്, മുഹമ്മദ് ഇസ്മാഈല്‍.

മരുമക്കള്‍: ഹുസൈന്‍ സഖാഫി (മഞ്ചേരി), അഷ്‌റഫ് സഅദി (കൊളത്തറ), അബ്ദുര്‍റഷീദ് മുസ്ലിയാര്‍ ( ഒതുക്കുങ്ങല്‍), സഹ്ല്‍ ഇര്‍ഫാനി (കോടമ്പുഴ) നഫീസ (കൈപ്പറ്റ) , ത്വയ്യിബ ( കൂട്ടായി), സമീന (കക്കോവ്).

സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍, കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് അലി ബാഖഫി തങ്ങള്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കോട്ടൂര്‍ കുഞ്ഞിമ്മു മുസ്ലിയാര്‍, കോടമ്പുഴ ബാവ മുസ്ലിയാര്‍, പേരോട് അബ്ദുറഹിമാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, അബ്ദുല്‍ ഹക്കീം അസ്ഹരി, പകര മുഹമ്മദ് അഹ്‌സനി, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കട്ടിപ്പാറ അഹമ്മദ് കുട്ടി മുസ്ലിയാര്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് സ്വാലിഹ് തുറാബ് അസ്സഖാഫി, സയ്യിദ് അബ്ദുള്ള ബുഖാരി കടലുണ്ടി, കോഴിക്കോട് വലിയ ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, പ്രൊഫ. എകെ അബ്ദുല്‍ ഹമീദ്, പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, സയ്യിദ് കെവി തങ്ങള്‍, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ , പൊന്മള മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, തിരൂരങ്ങാടി ഒകെ അബ്ദുള്ള കുട്ടി മഖ്ദൂമി, അബ്ദുള്ള മുസ്ലിയാര്‍ പൊക്കുന്ന്, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, വികെസി മമ്മത് കോയ എംഎല്‍എ, എംസി മായിന്‍ ഹാജി, എംപി ആദം മുല്‍സി, ഉമ്മര്‍ പാണ്ടികശാല തുടങ്ങിയവ പ്രമുഖര്‍ ജനാസ സന്ദര്‍ശിക്കാനെത്തിയിരുന്നു.