ഒക്‌ടോബറില്‍ മാത്രം വേള്‍ഡ് ട്രേഡ് സെന്ററിലെത്തുക അഞ്ച് ലക്ഷത്തിലധികം സന്ദര്‍ശകര്‍

Posted on: October 15, 2016 5:54 pm | Last updated: October 18, 2016 at 8:24 pm

dubai-world-trade-centreദുബൈ :വാണിജ്യ, സാമ്പത്തിക, സാങ്കേതിക രംഗത്തെ ഏറ്റവും വലിയ പരിപാടികള്‍ നടക്കുന്ന ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഈ മാസം മാത്രം അഞ്ച് ലക്ഷത്തിലധികം സന്ദര്‍ശകരെത്തും. സാങ്കേതിക പരിപാടികള്‍ക്ക് മാത്രമായി മൂന്നര ലക്ഷത്തിലധികം ആളുകളെത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ആഗോള വ്യാപാര തലസ്ഥാനമെന്ന നിലയില്‍ മേഖലയിലെ ഏറ്റവും വലിയ ഹബ്ബായി ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ മാറിയതിന്റെ തെളിവാണിത്.
മേഖലയിലെ ഏറ്റവും വലിയ ഐ ടി-ഇലക്‌ട്രോണിക്‌സ് ഉത്പന്ന വിപണന മേളയായ ജൈറ്റക്‌സ് ഷോപ്പര്‍-2016ഓടെയാണ് ഈ മാസത്തെ വേള്‍ഡ് ട്രേഡ് സെന്ററിലെ പരിപാടികള്‍ ആരംഭിച്ചത്. ഒക്‌ടോബര്‍ ഒന്നിനായിരുന്നു ജൈറ്റക്‌സിന്റെ തുടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ കമ്പനികളും വിവിധ രാജ്യക്കാരും ജൈറ്റക്‌സിനെത്തി. കൂടാതെ ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദിവ)യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജല-ഊര്‍ജ-സാങ്കേതിക-പരിസ്ഥിതി സമ്മേളനമായ വെറ്റക്‌സും ഈ മാസമാണ് നടന്നത്.
ഈ രണ്ട് പ്രധാന ഇവന്റുകള്‍ക്കുമായി വേള്‍ഡ് സെന്ററിലെത്തിയത് പതിനായിരക്കണക്കിനാളുകളാണ്. ഇനി വരാനുള്ള പ്രധാന പരിപാടി ഈ മാസം 16 മുതല്‍ 20 വരെ നടക്കുന്ന ജൈറ്റക്‌സ് സാങ്കേതിക വാരമാണ്. 150ലധികം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെത്തും. ഇതിന്റെ ഭാഗമായി നടക്കുന്ന ജൈറ്റക്‌സ് ഗ്ലോബല്‍ സ്റ്റാര്‍ടപ് മൂവ്‌മെന്റില്‍ 60 രാജ്യങ്ങളില്‍ നിന്നുള്ള 400ലധികം പുതു സംരംഭകര്‍ എത്തും. ആയിരത്തിലധികം വ്യവസായ സംരംഭകരുമുണ്ടാകും.
ദുബൈ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കണക്ക് പ്രകാരം 2019ല്‍ യു എ ഇ. ഐ ടി കമ്പോളത്തിലെ വ്യാപാരം 2,200 കോടി ദിര്‍ഹമെത്തുമെന്നാണ്. 2018ല്‍ ഒരാള്‍ ശരാശരി 2,000 ദിര്‍ഹമാണ് ചെലവഴിക്കുക. ജൈറ്റക്‌സ് ഷോപ്പറും വെറ്റക്‌സും കൂടാതെ ഈ മാസം മൂന്നു മുതല്‍ ആറ് വരെ ഡിസ്ട്രിപ്രസ് വാര്‍ഷിക സമ്മേളനം, നാലു മുതല്‍ ആറ് വരെ പേഷ്യന്റ് സേഫ്റ്റി എക്‌സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സ്, അഞ്ച്, ആറ് തിയതികളില്‍ ആഗോള ഹരിത സാമ്പത്തിക ഉച്ചകോടി എന്നിവ നടന്നു. ഒന്‍പത്, 10 തിയതികളില്‍ അന്താരാഷ്ട്ര മെഡിക്കല്‍ ടൂറിസം പ്രദര്‍ശനവും സമ്മേളനവും, ദ ട്രെയ്‌നിംഗ് ആന്‍ഡ് ഡവലപ്‌മെന്റ് ഷോ, എം പവേര്‍ഡ് സമ്മിറ്റ് എന്നീ മൂന്ന് പരിപാടികള്‍ക്ക് വേള്‍ഡ് ട്രേഡ് സെന്റര്‍ വേദിയായി. 10നും 11നും കഫാത്ത് ഇന്റേണ്‍ഷിപ്പ് 2016 അരങ്ങേറി.
നാളെ തുടങ്ങുന്ന ജൈറ്റക്‌സ് സാങ്കേതികവാരം ഈ മാസം 20 വരെ നീണ്ടുനില്‍ക്കും. 17നും 18നും ജി എസ് എം എ മൊബൈല്‍ 360 സീരിസ് മിഡില്‍ ഈസ്റ്റ്-2016, 25, 27 തിയതികളില്‍ ഒപ്റ്റിക്കല്‍ ആന്‍ഡ് ഒഫ്താല്‍മിക് പ്രദര്‍ശനവും സമ്മേളനവുമായ വിഷന്‍ എക്‌സ് ദുബൈ, 25, 26 തിയതികളില്‍ മിന മൈനിംഗ് കോണ്‍ഫറന്‍സ്, 25 മുതല്‍ 31 വരെ ശൈഖ ഹിന്ദ് ടൂര്‍ണമെന്റും നടക്കും. 25ന് തന്നെ കണ്‍സെപ്റ്റ് ബിഗ് ബ്രാന്‍ഡ് സെയില്‍ തുടങ്ങും. 29ന് സമാപിക്കും. 25 മുതല്‍ 27 വരെ കൊറിയന്‍ എക്‌സ്‌പോ-2016 നടക്കും. 26, 27 തിയതികളില്‍ ഗള്‍ഫ് വിദ്യാഭ്യാസ-പരിശീലന പ്രദര്‍ശനമായ ജെറ്റെക്‌സ്-2016, 26 മുതല്‍ 28വരെ ഇറ്റാലിയന്‍ലൈഫ് സ്റ്റൈല്‍ ദുബൈ എന്നിവ നടക്കും. 27ന് ഇന്ത്യന്‍ കൊമേഡിയനും ടെലിവിഷന്‍ അവതാരകനും നടനുമായ കപില്‍ ശര്‍മ നയിക്കുന്ന കോമഡി വിത്ത് കപില്‍ ശര്‍മ ആന്‍ഡ് ഫാമിലി അരങ്ങേറും.
ശൈഖ് റാശിദ് ഹാളിലാണ് പരിപാടി. രാത്രി ഒന്‍പതിനാണ് പരിപാടി ആരംഭിക്കുക. ഏഴ് മണി മുതല്‍ പ്രവേശനം അനുവദിക്കും. 2,500 ദിര്‍ഹമാണ് വി വി ഐ പി ടിക്കറ്റിന്റെ നിരക്ക്. ഈ ടിക്കറ്റിലൂടെ കപില്‍ശര്‍മയെ കാണാനും നേരിട്ട് സംസാരിക്കാനും സാധിക്കും. 1,500, 1,000, 750, 550, 450, 350, 250 ദിര്‍ഹമിനും ടിക്കറ്റുകള്‍ ലഭിക്കും. ഈ മാസം 31ന് ആരംഭിക്കുന്ന ലൈറ്റ് മിഡില്‍ ഈസ്റ്റ് എക്‌സിബിഷന്‍, സീ ട്രേഡ് എക്‌സിബിഷന്‍, പ്രൊലൈറ്റ് സൗണ്ട് എക്‌സിബിഷന്‍ എന്നിവ അടുത്ത മാസം രണ്ട് വരെ തുടരും.