Connect with us

Gulf

ലോകത്ത് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ യു എ ഇക്ക് മൂന്നാം സ്ഥാനം

Published

|

Last Updated

ദുബൈ;ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ യു എ ഇയും. ലോക സാമ്പത്തിക ഫോറത്തിന്റെ (ഡബ്ല്യുഇ എഫ്) കണക്കനുസരിച്ചു ലോകത്ത്ജീവിക്കാന്‍ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് യു എ ഇക്കുള്ളത്. ഫിന്‍ലാന്‍ഡ്, ഖത്വര്‍ എന്നീ രാജ്യങ്ങളാണ് തൊട്ടു മുന്നില്‍.
പ്രകൃതിദത്തമായ വിഭവങ്ങള്‍ കൊണ്ട് വിനോദ സഞ്ചാര മേഖലകള്‍ യു എ ഇയില്‍ സമൃദ്ധമല്ലെങ്കിലും (95-ാം സ്ഥാനം) വ്യാപാര-വിനോദ സഞ്ചാരികള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം അധികൃതര്‍ സൃഷ്ടിച്ചെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എക്‌സ്‌പോ 2020 മുന്നില്‍ കണ്ട് പ്രബലമായ ഒട്ടനവധി നിക്ഷേപങ്ങളാണ് ട്രാവല്‍, ടൂറിസം മേഖലകളില്‍ നടത്തുന്നത്.
സുരക്ഷിതമായ കേന്ദ്രമെന്ന നിലക്ക് ഈ വര്‍ഷം യു എ ഇയിലെ താമസക്കാരുടെ അളവ് എട്ട് ശതമാനം വര്‍ധിച്ചിട്ടുണ്ട്.
ലോകം ഉറ്റു നോക്കുന്ന തരത്തില്‍ വ്യോമയാന രംഗത്തെ മികച്ച സൗകര്യങ്ങളാണ് അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത് (മൂന്നാം സ്ഥാനം). ഇത് യുറോപ്പിനെയും ആഫ്രിക്കന്‍ രാജ്യങ്ങളെയും മധ്യ പൗരസ്ത്യ ദേശത്തേയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായി യു എ ഇയെ വളര്‍ത്തി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ജി സി സി രാജ്യമായ ഒമാനും പട്ടികയില്‍ ഒന്‍പതാമതായി ഇടം പിടിച്ചു.
നൈജീരിയ, കൊളംബിയ, യമന്‍, പാക്കിസ്ഥാന്‍, വെനിസ്വേല എന്നിവ സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ അവസാനം ഇടം നേടി. ഭീകരാക്രമണങ്ങള്‍ ഇല്ലാത്തവയും മറ്റു കുറ്റ കൃത്യങ്ങള്‍ കുറഞ്ഞവയുമായ രാജ്യങ്ങളാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ മികച്ച പോലീസ് സംവിധാനങ്ങളും സുരക്ഷിത രാജ്യങ്ങളെ വിലയിരുത്തുന്നതില്‍ മാനദണ്ഡമായിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ഉക്രൈന്‍, ലിബിയ, നോര്‍ത്ത് കൊറിയ എന്നീ രാജ്യങ്ങളെ കുറിച്ച് പട്ടികയില്‍ പരാമര്‍ശിക്കുന്നില്ല.