Connect with us

Kollam

ഹജ്ജ് , ഉംറ തട്ടിപ്പ് വ്യാപകം; കൊല്ലത്ത് തട്ടിപ്പിനിരയായത് നിരവധി പേര്‍

Published

|

Last Updated

കൊല്ലം: ഹജ്ജ് – ഉംറ യാത്രകളുടെ പേരില്‍ ചില സ്വകാര്യട്രാവല്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുന്നത് വ്യാപകമായ തട്ടിപ്പ്. ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായി മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് പണം നല്‍കി ബന്ധുക്കളടക്കമുള്ളവരോട് യാത്ര പറഞ്ഞിറങ്ങിയിട്ട് പരിശുദ്ധ കര്‍മത്തിന് പോകാനാകാതെ നിരവധി പേരാണ് ഇത്തവണ കുടുങ്ങിയത്. ജിദ്ദയിലെത്തിയിട്ടും ഹജ്ജ് ചെയ്യാനാകാത്തവരും ഏജന്റിന്റെ സംഘം മരുഭൂമിയില്‍ ഇറക്കിവിട്ടതിനാല്‍ നടന്ന് കുന്നും മലകളും കയറിയിറങ്ങി പുണ്യസ്ഥലത്തെത്തേണ്ടി വന്നവരും നിരവധിയാണ്. പത്തനംതിട്ട, കൊല്ലം ജില്ലകളിലായി പന്ത്രണ്ടോളം പേരാണ് ഈ വര്‍ഷം ഒരു സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന്റെ തട്ടിപ്പിനിരയായത്. കൊല്ലത്തു നിന്ന് ഹജ്ജിന് പുറപ്പെട്ട കണ്ണനല്ലൂര്‍ വടക്കേമുക്ക് റസിയ മന്‍സിലില്‍ അബ്ദുര്‍റഹീം, ഭാര്യ റഫീഖ, ബന്ധുക്കളും മുട്ടക്കാവ് സ്വദേശികളുമായ ദമ്പതികള്‍ തുടങ്ങി ഏഴംഗ സംഘത്തിന് പറഞ്ഞറിയിക്കാനാകാത്ത ദുരിതമാണ് നേരിടേണ്ടി വന്നത്. മാസങ്ങള്‍ക്ക് മുമ്പ് കൊല്ലത്തെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് ഉടമക്ക് മൂന്ന് ലക്ഷം രൂപ നല്‍കിയ അബ്ദുര്‍ റഹീമിനും ബന്ധുക്കള്‍ക്കും ആദ്യം യാത്ര സംബന്ധിച്ച് ഒരു വിവരവും നല്‍കിയിരുന്നില്ല. പിന്നീട് അന്വേഷിച്ചപ്പോള്‍ ഇത്തവണ ഹജ്ജിന് പോകാനാകില്ലെന്ന് അറിയിച്ചു. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പണം തരാനാകില്ലെന്നും അടുത്ത തവണ നേരത്തെ പോകാനാകുമെന്നും പറഞ്ഞു. പണം തിരിച്ചുകിട്ടണമെന്ന് വാശി പിടിച്ചപ്പോള്‍ ഇത്തവണ തന്നെ എങ്ങനെയെങ്കിലും ശ്രമിക്കാമെന്നായിരുന്നു മറുപടി. തുടര്‍ന്ന് ആഗസ്റ്റ് 30 ന് വിളിച്ചപ്പോള്‍ എല്ലാവരോടും യാത്ര പറയാനും സെപ്തംബര്‍ അഞ്ചിനോ, ആറിനോ പോകാനാകുമെന്നും അറിയിച്ചു. ഇത് വിശ്വസിച്ച് ഒന്നിന് യാത്രയയപ്പ് സല്‍ക്കാരമൊരുക്കി. നാലിന് വിസ കൈയില്‍ കിട്ടിയിട്ടുണ്ടെന്നും അഞ്ചിന് എയര്‍പോര്‍ട്ടിലെത്താനും അതിനായി കൊട്ടാരക്കരയില്‍ വണ്ടി ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും പറഞ്ഞു. മറ്റ് എട്ട് പേര്‍ കൂടി സംഘത്തിലുണ്ടായിരുന്നു. എയര്‍പോര്‍ട്ടില്‍ ഹജ്ജിനാണ് വന്നതെന്ന് പറയരുതെന്ന് പറഞ്ഞ് ടൂറിസ്റ്റ് വിസയാണ് ഇവര്‍ക്ക് ഏജന്റ് നല്‍കിയത്. വിസയില്‍ ഹജ്ജും ഉംറയും ചെയ്യാന്‍ പാടില്ലെന്ന് രേഖപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അവിടെ ചെല്ലുമ്പോള്‍ മുത്തവ്വഫിന്റെ പേപ്പര്‍ വാങ്ങിത്തരാമെന്ന് പറഞ്ഞു സമാധാനിപ്പിച്ചു. തുടര്‍ന്ന് ജിദ്ദ ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലാണ് വിമാനമിറങ്ങിയത്. മൂന്ന് ദിവസം അവിടെ തങ്ങിയ ശേഷം ഒരു വണ്ടിയില്‍ ഷറഫിയ്യയിലെത്തിച്ചു. അവിടെ നിന്ന് രണ്ട് വണ്ടികളിലായി മക്കയിലേക്ക് പുറപ്പെട്ടു. ആറ് മണിക്കൂറോളം കറങ്ങിത്തിരിഞ്ഞ വണ്ടി പരിശോധനയുണ്ടെന്ന് പറഞ്ഞ് മരുഭൂമിക്കു സമീപം നിര്‍ത്തി ഇവരെ അവിടെ ഇറക്കിവിടുകയായിരുന്നു.
മറ്റൊരു വണ്ടിയില്‍ യാത്ര ചെയ്തിരുന്ന ഹജ്ജ് ഗ്രൂപ്പ് ഉടമ അതിനിടയില്‍ മുങ്ങി. അബ്ദുര്‍ റഹീം, ഭാര്യ റഫീഖ, ബന്ധുക്കളും മുട്ടക്കാവ് സ്വദേശികളുമായ ദമ്പതികള്‍, സംഘത്തിന്റെ അമീര്‍ ഉളളാട്ടില്‍ അബ്ദുല്‍ ലത്വീഫ് മൗലവി, ഷറഫിയയില്‍ നിന്ന് ഇവര്‍ക്കൊപ്പം കൂടിയ രണ്ട് ഇടുക്കി സ്വദേശികള്‍, ആലപ്പുഴ സ്വദേശിയായ ഒരു ഏജന്റ് എന്നിവരാണ് വണ്ടിയിലുണ്ടായിരുന്നത്. തുടര്‍ന്ന് രണ്ട് മണിക്കൂറോളം മരുഭൂമിയിലൂടെ നടന്ന് കുന്നും മലകളും കയറിയിറങ്ങി വാഹന സൗകര്യമുള്ള ഒരു സ്ഥലത്തെത്തി. അവിടെ നിന്ന് ജീപ്പില്‍ അസീസിയയിലേക്ക് പോയി. കമ്പിയിട്ടതിനാല്‍ 20 വര്‍ഷമായി കാല്‍ മടക്കാന്‍ പോലുമാകാത്ത റഫീഖ വളരെ പ്രയാസപ്പെട്ടാണ് നടന്നത്. അതിനിടയില്‍ അവര്‍ക്ക് ശ്വാസതടസ്സവും അനുഭവപ്പെട്ടു. അസീസിയയില്‍ നിന്ന് കാറില്‍ മക്കയിലെത്തി. അറഫാ ദിനത്തിന് തലേന്ന് രാത്രിയാണ് അവിടെ എത്തിയത്. മക്കക്ക് വളരെ അകലെയായി അമീര്‍ ഒരു ഡോര്‍മെട്രി സംഘടിപ്പിച്ചു കൊടുത്തു. ആറ് പേര്‍ വീതം താമസിച്ചിരുന്ന അവിടേക്ക് മക്കയില്‍ നിന്ന് കാര്‍ വിളിച്ചാണ് പോയിരുന്നത്. ഹജ്ജിന് മുമ്പ് ഒരു ഉംറ പോലും അവര്‍ക്ക് ചെയ്യാന്‍ പറ്റിയില്ല. ഹജ്ജിന് ശേഷം മദീനയിലേക്ക് പോയി. യാത്രക്കുള്‍പ്പെടെ വേണ്ടി വന്ന മുഴുവന്‍ ചെലവും ഇവര്‍ സ്വന്തം കൈയില്‍ നിന്നാണ് വഹിച്ചത്. വിസക്ക് 28 ദിവസത്തെ കാലാവധിയേ ഉണ്ടായിരുന്നുള്ളു. അതിനാല്‍ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളൊന്നും സന്ദര്‍ശിക്കാനുമായില്ല. അതിനിടെ മദീനയില്‍ നിന്ന് ഹ്രജ്ജ് ഗ്രൂപ്പ് ഉടമയെ കണ്ടെങ്കിലും അയാള്‍ അവിടെ വെച്ച് വളരെ മോശമായാണ് പെരുമാറിയതെന്ന് അബ്ദുര്‍റഹീം പറഞ്ഞു. ഇനിയാരും ഇത്തരം തട്ടിപ്പിനിരയാവരുതെന്ന നിര്‍ബന്ധമുള്ളതിനാല്‍ വകുപ്പ് മന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് സംഭവം സംബന്ധിച്ച് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് അബ്ദുര്‍ റഹീം.

Latest