Connect with us

Ongoing News

സാംസംഗ് നോട്ട് 7 ഉപയോഗിക്കരുതെന്ന് കമ്പനി; ഉത്പാദനവും വില്‍പ്പനയും നിര്‍ത്തി

Published

|

Last Updated

സിയോള്‍: സാംസംഗിന് പേരുദോഷം വരുത്തിയ ഏറ്റവും പുതിയ ഫഌഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ നോട്ട് 7ന്റെ ഉത്പാദനവും വില്‍പ്പനയും ആഗോള വ്യാപകമായി നിര്‍ത്തി. ഫോണ്‍ പൊട്ടിത്തെറിച്ച നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. നോട്ട് 7 ഉപയോഗിക്കുന്നവര്‍ അത് സ്വിച്ച് ഓഫ് ചെയ്യണമെന്നും തുടര്‍ന്ന് ഉപയോഗിക്കരുതെന്നും കമ്പനി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊട്ടിത്തെറി സംഭവങ്ങളെ തുടര്‍ന്ന് എക്‌സ്‌ചേഞ്ച് ചെയ്ത് നല്‍കിയ ഫോണുകളും ഉപയോഗിക്കരുതെന്ന് നിര്‍ദേശമുണ്ട്. ഫോണ്‍ പൊട്ടിത്തെറിക്കാനുള്ള കാരണം സംബന്ധിച്ച് അന്വേഷിച്ചുവരികയാണെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

ബാറ്ററി തകരാറിനെ തുടര്‍ന്ന് സാംസംഗ് നോട്ട് 7 പൊട്ടിത്തെറിച്ച സംഭവങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ആദ്യ ഘട്ടത്തില്‍ ഫോണ്‍ തിരിച്ചുവിളിച്ച് മാറ്റി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഫോണ്‍ വില്‍പ്പന നിര്‍ത്താന്‍ തീരുമാനമായത്. ഫോണിന്റെ ഉത്പാദനവും താത്കാലികമായി നിര്‍ത്തിയിട്ടുണ്ട്. നോട്ട് 7 സാംസംഗ് എന്നെന്നേക്കുമായി ഉപേക്ഷിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പൊട്ടിത്തെറിയെ തുടര്‍ന്ന് വിമാനത്തില്‍ ഫോണ്‍ ഉപയോഗിക്കുന്നത് നേരത്തെ വിലക്കിയരുന്നു.

നോട്ട് 7 പ്രശ്‌നം സാംസംഗിന്റെ ഓഹരി വിപണിയിലും പ്രതിഫലിച്ചു. ഓഹരിയില്‍ എട്ട് ശതമാനത്തിന്റെ ഇടിവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫോണ്‍ ഉത്പാദനം നിര്‍ത്താനുള്ള സാംസംഗിന്റെ തീരുമാനത്തെ യുഎസ് കണ്‍സ്യൂമര്‍ പ്രൊഡക്ട് സേഫ്റ്റി കമ്മീഷന്‍ സ്വാഗതം ചെയ്തു.