വിദ്യാഭ്യാസ മന്ത്രാലയം പുതിയ പാഠ്യപദ്ധതി പ്രഖ്യാപിച്ചു

Posted on: October 7, 2016 7:24 pm | Last updated: October 7, 2016 at 9:51 pm

ministry-of-educationദുബൈ: ”യു എ ഇയുടെ വിദ്യാഭ്യാസ വളര്‍ച്ചക്കായി” വിദ്യാഭ്യാസ മന്ത്രാലയം പുതിയ പാഠ്യ പദ്ധതി പ്രഖ്യാപിച്ചു.
ലോകോത്തര പാഠ്യവിഷയങ്ങള്‍ ലഭ്യമാക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയവും ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം സി ഗ്രോ എജ്യുക്കേഷനുമാണ് ഏഴ് വര്‍ഷത്തെ കരാറൊപ്പുവെച്ചത്.
പ്രൈമറി, സെക്കന്‍ഡറി ക്ലാസുകളിലെ ശാസ്ത്രം, കണക്ക് എന്നിവ പഠിപ്പിക്കുന്നതിനുള്ള പാഠങ്ങള്‍, ഇ-ബുക്, അച്ചടിച്ച പുസ്തകങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിനുള്ള കരാറാണ് ഒപ്പിട്ടതെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ ഇബ്‌റാഹീം അല്‍ ഹമ്മാദി പറഞ്ഞു. പുരോഗമനോന്മുഖവും നിലവാരവുമുള്ള അമേരിക്കന്‍ അടിസ്ഥാന മാതൃകക്ക് അനുയോജ്യവുമായ പാഠ്യ വിഷയങ്ങളാണ് പുസ്തകത്തിലുണ്ടാവുക.
എം സി ഗ്രോ എജ്യുക്കേഷന്‍ നല്‍കുന്ന പാഠ്യവിഷയങ്ങള്‍ യു എ ഇയുടെ നാളയെ സൃഷ്ടിച്ചെടുക്കുന്നതില്‍ വലിയ പങ്ക് വഹിക്കുമെന്ന് മന്ത്രി അല്‍ ഹമ്മാദി പറഞ്ഞു.
അറിവുള്ള സമൂഹത്തെ കെട്ടിപ്പടുക്കാനുള്ള വിദ്യാഭ്യാസ രംഗത്തെ നിക്ഷേപത്തെ ആശ്രയിച്ചാവും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെന്ന് അദ്ദേഹം പറഞ്ഞു.
പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ലോകോത്തര വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന്റെകൂടി ഭാഗാമായാണ് പുതിയ ചുവടുവെപ്പെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏഷ്യ പസിഫിക്, യൂറോപ്പ്, ഇന്ത്യ, ലാറ്റിനമേരിക്ക, മിഡിലീസ്റ്റ്, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളിലെ 135 രാജ്യങ്ങളിലെ സ്‌കൂളുകളില്‍ 60 ഭാഷകളിലുള്ള പുസ്തകങ്ങള്‍ എം സി ഗ്രോ എജ്യുക്കേഷന്‍ നല്‍കുന്നുണ്ട്.