തൊഴില്‍ വിസ നടപടിക്രമങ്ങള്‍ ലളിതമാക്കുമെന്ന് പ്രധാനമന്ത്രി

Posted on: October 6, 2016 7:43 pm | Last updated: October 7, 2016 at 7:40 pm
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി

ദോഹ: തൊഴില്‍ വിസ നടപടിക്രമങ്ങള്‍ ലളിതമാക്കുമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി പ്രഖ്യാപിച്ചു. ഖത്വര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ചെയര്‍മാന്‍മാരുമായി ഷെറാട്ടണ്‍ ഹോട്ടലില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഖത്വറിലെ വ്യവസായമേഖലക്ക് ഏറെ ഗുണകരവും ആശ്വാസകരവുമാണ് ഈ പ്രഖ്യാപനം. സ്വകാര്യകമ്പനികള്‍ ജീവനക്കാരെ നിയമിക്കുന്നതിന് പലവിധ തടസ്സങ്ങള്‍ നേരിടുന്നുണ്ട്. തൊഴില്‍ വിസ സംബന്ധമായ നടപടിക്രമങ്ങള്‍ സങ്കീര്‍ണവും സമയം ഏറെ ആവശ്യമായി വരുന്നതുമായതിനാല്‍ കമ്പനികളുടെ പ്രവര്‍ത്തനങ്ങളെതന്നെ ബാധിക്കുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് സര്‍ക്കാര്‍ പുതിയ പ്രഖ്യാപനം നടത്തിയത്.
സ്വകാര്യ കമ്പനികളുടെ തൊഴില്‍വിപണിയിലെ ആവശ്യകത നിറവേറ്റുന്നതിന് ഈ തീരുമാനം സഹായകമാകും. നേരത്തെ ടൂറിസ്റ്റ് വിസ, ട്രാന്‍സിറ്റ് വിസ നടപടിക്രമങ്ങള്‍ ലളിതമാക്കിയിരുന്നു. വേഗത്തില്‍ ഈ വിസകള്‍ ലഭിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് തൊഴില്‍ വിസ നടപടിക്രമങ്ങളും ചട്ടങ്ങളും ലളിതമാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നിരവധി മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.
സ്വകാര്യമേഖലയെ പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പൊതുമേഖലയിലെ പദ്ധതികള്‍ക്ക് വേഗത്തില്‍ ക്ലിയറന്‍സ് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാറിന്റെ നിര്‍ണായക പങ്കാളികളാണ് സ്വകാര്യമേഖലയെന്നും ദേശീയ സമ്പദ്ഘടനയുടെ പ്രധാന തൂണുകളിലൊന്നാണതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഖത്വറില്‍ നിക്ഷേപം നടത്തുന്നതിനും വ്യവസായങ്ങളിലേര്‍പ്പെടുന്നതിനുമുള്ള സാഹചര്യങ്ങള്‍ സര്‍ക്കാര്‍ കൂടുതല്‍ മെച്ചപ്പെടുത്തും. ഇതിനായി നിയമപരമായ ചട്ടക്കൂടുകള്‍ വികസിപ്പിക്കുകയും നടപടിക്രമങ്ങള്‍ ലളിതമാക്കുകയും ചെയ്യും.
നടപടിക്രമങ്ങള്‍ പുനഃപരിശോധിക്കുന്നതിന് ഒരു കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിന്റെ എല്ലാ സാമ്പത്തികപ്രവര്‍ത്തനങ്ങളിലും സ്വകാര്യമേഖലയുടെ പങ്കാളിത്തം കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ നടപടികളെടുക്കുന്നുണ്ട്. വിസ, ട്രാന്‍സിറ്റ് വിസ നടപടികളിലെ മാറ്റം ഈ ശ്രമങ്ങളുടെ ഉദാഹരണമാണ്.
തൊഴില്‍ വിസ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനുള്ള നടപടികളുമെടുക്കുന്നുണ്ട്. സ്വകാര്യമേഖലക്ക് തൊഴില്‍വിപണിയില്‍ നിന്നും തങ്ങളുടെ ആവശ്യകത നിറവേറ്റാന്‍ ഇതിലൂടെ കഴിയുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഖത്വറിലെ വ്യവസായ, നിക്ഷേപ സാഹചര്യങ്ങള്‍ എങ്ങനെ വികസിപ്പിക്കാം എന്നതു സംബന്ധിച്ചായിരുന്നു യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. പ്രാദേശിക, വിദേശ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കേണ്ടതും ചര്‍ച്ചയായി.
സ്വകാര്യമേഖല നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ചചെയ്യുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനുമായി സര്‍ക്കാര്‍ സ്വകാര്യമേഖലയെ ഉള്‍പ്പെടുത്തി സംയുക്ത കമ്മിറ്റി രൂപവത്കരിക്കാന്‍ യോഗത്തില്‍ പ്രധാനമന്ത്രി സമ്മതം നല്‍കി. ഈ കമ്മിറ്റി പ്രധാനമന്ത്രിക്കായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
ഖത്വര്‍ ദേശീയ വികസന കര്‍മപദ്ധതി 2017- 22ന് മന്ത്രിസഭ അന്തിമരൂപം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്വര്‍ ദേശീയ ദര്‍ശനരേഖ 2030 യാഥാര്‍ഥ്യമാക്കുന്നതിലെ രണ്ടാമത്തെ തന്ത്രപരമായ പദ്ധതിയാണിത്. സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തം ശക്തമാക്കുക, ലോജിസ്റ്റിക് മേഖല കൂടുതല്‍ വികസിപ്പിക്കുക, നിക്ഷേപകര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍, നിയമപരമായ ചട്ടക്കൂടുകള്‍ വികസിപ്പിക്കുക, നിക്ഷേപത്തിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുക എന്നിവയുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കാണ് രണ്ടാം ദേശീയ വികസന കര്‍മപദ്ധതിയില്‍ മുന്‍ഗണന നല്‍കിയത്.