ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ വിമാനം രാജസ്ഥാനിലെ പൊക്രാനില്‍ തകര്‍ന്ന് വീണു

Posted on: October 3, 2016 9:54 pm | Last updated: October 3, 2016 at 9:57 pm
(PTI file photo)
2016 സെപ്തംബര്‍ 13ന് പരിശീലന പറക്കലിനിടെ തകര്‍ന്നുവീണ വ്യോമസേനയുടെ മിഗ്21 വിമാനം. (PTI file photo)

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ വിമാനം രാജസ്ഥാനിലെ പൊക്രാനില്‍ തകര്‍ന്ന് വീണു. പൈലറ്റ് രക്ഷപ്പെട്ടു. പതി പരിശീലന പറക്കലിനിടയാണ് അപകടം. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. പതിവായുള്ള പരിശീലനത്തിനിടെ ഇന്ത്യ-പാക്ക് അതിര്‍ത്തിക്കു സമീപമാണ് വിമാനം തകര്‍ന്നുവീണതെന്ന് പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണല്‍ മനീഷ് ഓജ പറഞ്ഞു.

കഴിഞ്ഞമാസം പരിശീലന പറക്കലിനിടെ വ്യോമസേനയുടെ മിഗ്-21 വിമാനവും തകര്‍ന്നുവീണിരുന്നു. ഹരിയാനയിലെ അംബാലക്ക് സമീപമായിരുന്നു അപകടം.

ബ്രിട്ടനും ഫ്രഞ്ചും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത യുദ്ധവിമാനമാണ് ജാഗ്വര്‍. ലേസര്‍ ബോംബുകള്‍, ന്യൂക്ലിയര്‍ ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാന്‍ കഴിയുന്ന വിമാനത്തിന്റെ 145 യൂണിറ്റുകള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കുണ്ട്. 1987ല്‍ ഇന്ത്യ, ശ്രീലങ്കയിലേക്ക് അയച്ച സമാധാന സേനയുടെ ഭാഗമായിരുന്നു ജാഗ്വര്‍ ജെറ്റുകള്‍. 1999 ലെ കാര്‍ഗില്‍ യുദ്ധത്തിനും ഇന്ത്യന്‍ വ്യോമസേനയുടെ ഈ യുദ്ധവിമാനം നിര്‍ണായക പങ്ക് വഹിച്ചു.