തമിഴ്‌നാടിന് വെള്ളം നല്‍കല്‍ അന്തിമ തീരുമാനം: കര്‍ണാടക നിയമസഭ ഇന്ന്

Posted on: October 3, 2016 9:13 am | Last updated: October 3, 2016 at 11:26 am

kaveriബെംഗളുരു :കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കര്‍ണാടക നിയമസഭ ഇന്ന് സമ്മേളിക്കുന്നു. നിയമസഭയുടെ സംയുക്ത സമ്മേളനമാണ് ചേരുന്നത്. ശനിയാഴ്ച രാത്രിയില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് വെള്ളം നല്‍കുന്ന കാര്യത്തെക്കുറിച്ച് അന്തിമമായി തീരുമാനമെടുക്കാന്‍ ഒരു ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിന് ധാരണയായത്. വെള്ളം വിട്ടുനല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാടിനോട് പ്രതിപക്ഷ കക്ഷികള്‍ക്കും യോജിച്ച സമീപനമാണുള്ളത്.
ഈ മാസം ആറ് വരെ ആറായിരം ഘനയടി വെള്ളം തമിഴ്‌നാടിന് നല്‍കണമെന്നും ഒക്‌ടോബര്‍ നാലിനകം കാവേരി ജല മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്ക്കരിക്കണമെന്നുമായിരുന്നു ഏറ്റവും ഒടുവില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ്. എന്നാല്‍, ഈ കാര്യങ്ങള്‍ ഒന്നും പാലിക്കാന്‍ കര്‍ണാടക തയ്യാറായിട്ടില്ല. കാവേരി നദിയില്‍ നിന്ന് വെള്ളം വിട്ടുനല്‍കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും വെള്ളം നല്‍കിയാല്‍ കുടിക്കാന്‍ വെള്ളമില്ലാത്ത അവസ്ഥ സംജാതമാകുമെന്നും കോടതിയില്‍ കര്‍ണാടകയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു. ഇത് ചെവിക്കൊള്ളാന്‍ സുപ്രീംകോടതി ഡിവിഷന്‍ ബഞ്ച് തയ്യാറായില്ല.
കര്‍ണാടകയിലെ അണക്കെട്ടുകളിലെ ജലവിതാനത്തിന്റെ യഥാര്‍ഥ വസ്തുതകള്‍ മനസിലാക്കാന്‍ കേന്ദ്രം നിയോഗിക്കുന്ന വിദഗ്ധ സമിതി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ഉത്തരവ് നടപ്പിലാക്കാന്‍ കര്‍ണാടകക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ് കര്‍ണാടകയെന്നും ജസ്റ്റീസ് ദീപക് മിശ്ര, യു യു ലളിത് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടിയതോടെ സ്ഥിതിഗതികള്‍ പൂര്‍ണമായും കര്‍ണാടകക്ക് എതിരാവുകയായിരുന്നു.
എന്നാല്‍ വെള്ളം വിട്ടുനല്‍കില്ലെന്ന കര്‍ണാടക നിയമസഭയുടെ പ്രമേയം നിലനില്‍ക്കുന്നതിനാല്‍ ഇതിന് തടസമുണ്ടെന്നായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിലപാട്. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച രാവിലെ ചേര്‍ന്ന സര്‍വ കക്ഷിയോഗത്തിലും രാത്രി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും ഒരടി വെള്ളം പോലും തമിഴ്‌നാടിന് നല്‍കേണ്ടതില്ലെന്ന ഒറ്റക്കെട്ടായ തീരുമാനമാണുണ്ടായത്.
പക്ഷെ സുപ്രീംകോടതി ഇക്കാര്യത്തില്‍ അന്ത്യശാസനം നല്‍കിയ സാഹചര്യത്തിലാണ് വെള്ളം നല്‍കണമോ എന്നതില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത്. സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിന് മുഖ്യമന്ത്രി ഗവര്‍ണറോട് ശിപാര്‍ശ ചെയ്തു.
വെള്ളം നല്‍കേണ്ടതില്ലെന്ന എന്നതിനൊപ്പം കാവേരിജല മാനേജ്‌മെന്റ് ബോര്‍ഡില്‍ പങ്കാളിയാവേണ്ടെന്നും സര്‍വകക്ഷി യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് ദൂരവ്യാപകമായ പ്രത്യാഘാതമായിരിക്കും ക്ഷണിച്ചുവരുത്തുകയെന്ന് സര്‍ക്കാറിന് ബോധ്യമുണ്ട്. ഇത് സംബന്ധിച്ച ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഇന്ന് സുപ്രീംകോടതി പുന:പരിശോധനാ ഹരജി സമര്‍പ്പിക്കുന്നുണ്ട്. ഈ മാസം ആറിനാണ് കാവേരി കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നത്.
അതേ സമയം, കാവേരി ജല മാനേജ്‌മെന്റ് ബോര്‍ഡിലേക്കുള്ള പ്രതിനിധിയെ തമിഴ്‌നാട് നിശ്ചയിച്ചുകഴിഞ്ഞു. കോടതി ഉത്തരവുകള്‍ ലംഘിച്ച് മുന്നോട്ടുപോയാല്‍ കര്‍ണാടകയില്‍ അത് അസാധാരണമായ സ്ഥിതിവിശേഷമായിരിക്കും സൃഷ്ടിക്കുക. കോടതിയലക്ഷ്യത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യും. ഈയൊരു സാഹചര്യത്തിലാണ് വെള്ളം വിട്ടുകൊടുക്കണമോ എന്ന് തീരുമാനിക്കാന്‍ ഇന്ന് നിയമസഭ ചേരുന്നത്. ഇന്നത്തെ സഭാ സമ്മേളനത്തെ കര്‍ണാടക ജനത ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. കാവേരി പ്രശ്‌നത്തിന്റെ പേരില്‍ കര്‍ണാടക- തമിഴ്‌നാട് അതിര്‍ത്തിയില്‍ വീണ്ടും പ്രക്ഷോഭ സമരങ്ങള്‍ പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം ഇരിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതി പ്രഖ്യാപിച്ചിട്ടുണ്ട്.