ഒളി ക്യാമറയില്‍ കുടുങ്ങി; ഇംഗ്ലണ്ട് ഫുട്‌ബോള്‍ കോച്ച് പുറത്ത്

Posted on: September 29, 2016 12:53 am | Last updated: September 28, 2016 at 11:58 pm

allardyce2ലണ്ടന്‍: ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം പരിശീലകന്‍ സാം അലര്‍ഡൈസിനെ ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ (എഫ് എ) പുറത്താക്കി. ഇംഗ്ലീഷ് ഫുട്‌ബോളിലെ രഹസ്യവിവരങ്ങള്‍ പണത്തിന് വേണ്ടി സാം വെളിപ്പെടുത്തുന്നത് ഡെയ്‌ലി ടെലഗ്രാഫ് പത്രത്തിന്റെ സ്റ്റിംഗ് ഓപറേഷനില്‍ തെളിഞ്ഞതോടെയാണിത്. ഒരു സ്വകാര്യ കമ്പനിയുടെ ഏജന്റ് എന്ന വ്യാജേനയെത്തിയ ജേര്‍ണലിസ്റ്റുകളുമായി നാല് ലക്ഷം പൗണ്ടിന്റെ കരാറിനായി സാം വിലപേശി. ഇംഗ്ലണ്ട് പരിശീലകനായി തുടരാന്‍ സാമിന് അര്‍ഹതയില്ലെന്ന് എഫ് എ ചെയര്‍മാന്‍ ഗ്രെഗ് ക്ലാര്‍ക്ക് പറഞ്ഞു.
സാം അലര്‍ഡൈസ് തെറ്റ് സമ്മതിച്ച് മാപ്പപേക്ഷിച്ചെങ്കിലും എഫ് എ അത് മുഖവിലക്കെടുത്തില്ല. അതീവ ഗൗരവമേറിയ വിഷയമാണിത്. ഫുട്‌ബോളിന്റെ വിശാലമായ താത്പര്യമാണ് എഫ് എ പരിഗണിക്കുക. ഇത്തരം അപകടകരമായ പ്രവണതകളെ വെച്ചുപൊറുപ്പിക്കാനാകില്ല. ഇംഗ്ലണ്ടിന്റെ പരിശീലകന്‍ എന്നത് ഉന്നതമായ സ്ഥാനമാണ്. അതുല്യമായ നേതൃത്വപാടവവും മറ്റുള്ളവരുടെ ബഹുമാനം പിടിച്ചു പറ്റുകയും ചെയ്യുന്ന വ്യക്തിത്വങ്ങള്‍ക്കേ ഈ സ്ഥാനം അലങ്കരിക്കാന്‍ സാധിക്കൂ – എഫ് എ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
പ്രീമിയര്‍ ലീഗിലെ ദുര്‍ബല ക്ലബ്ബുകളുടെ രക്ഷകനായി മാറിയാണ് സാം അലര്‍ഡൈസ് പരിശീലകരുടെ ലോകത്ത് സ്വന്തമായ മേല്‍വിലാസമുണ്ടാക്കിയത്. ബോള്‍ട്ടന്‍ വാണ്ടറേഴ്‌സ്, ന്യൂകാസില്‍ യുനൈറ്റഡ്, ബ്ലാക്‌ബേണ്‍ റോവേഴ്‌സ്, വെസ്റ്റ്ഹാം യുനൈറ്റഡ്, സണ്ടര്‍ലാന്‍ഡ് ക്ലബ്ബുകളുടെ പരിശീലകനായിരുന്നു. യൂറോ കപ്പില്‍ ഇംഗ്ലണ്ട് പുറത്തായതോടെ റോയ് ഹൊഗ്‌സനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയ എഫ് എ സാം അലര്‍ഡൈസിനെ ആ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം പറ്റുന്ന പരിശീലകനായി സാം മാറി. 3.9 ദശലക്ഷം ഡോളറായിരുന്നു വാര്‍ഷിക ശമ്പളം.
സ്ഥാനമേറ്റെടുത്ത് അറുപത്തേഴാം ദിനമാണ് സാം പുറത്തായത്. ഇതിനിടെ ഒരു മത്സരം മാത്രം. പുതിയ കോച്ചിന് വേണ്ടിയുള്ള അന്വേഷണം എഫ് എ ആരംഭിച്ചു. ആഴ്‌സണല്‍ കോച്ച് ആര്‍സെന്‍ വെംഗറെ സമീപിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. താത്കാലിക പരിശീലകനായി ഗാരെത് സൗത്‌ഗേറ്റിനെ നിയമിച്ചു. മാള്‍ട്ട, സ്ലൊവേനിയ, സ്‌കോട്‌ലാന്‍ഡ്, സ്‌പെയിന്‍ ടീമുകള്‍ക്കെതിരെ സൗത്‌ഗേറ്റ് ടീമിനെ ഒരുക്കും.