സ്വാശ്രയം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു; സഭാകവാടത്തിൽ സത്യഗ്രഹവുമായി യുവ എംഎൽഎമാർ

Posted on: September 28, 2016 10:11 am | Last updated: September 28, 2016 at 2:52 pm
SHARE

niyamasabhaതിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനത്തിന് ഫീസ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ നിയമസഭാ നടപടികള്‍ നിര്‍ത്തിവെച്ചു. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിപ്പിടിച്ച് സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു. പ്രതിപക്ഷ ബഹളത്തിനിടയിലും ചോദ്യോത്തര വേള തുടര്‍ന്ന സ്പീക്കര്‍ ചോദ്യോത്തര വേള പൂര്‍ണമായതോടെ ശൂന്യവേള റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിയുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. പ്രതിപക്ഷത്തിന് പരോക്ഷ പിന്തുണയുമായി കേരളാ കോണഗ്രസ് എം ചോദ്യോത്തര വേളയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.

നിയമസഭ ചേർന്നത് മുതൽ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ചോദ്യോത്തര വേള ആരംഭിച്ചതോടെ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ചേംബർ വളഞ്ഞു. പിന്നെ മുദ്രാവാക്യം വിളികളായി. സഭാ നടപടികളുമായി സഹകരിക്കണമെന്ന് സ്പീക്കർ ആവർത്തിച്ച് ആവശ്യപ്പെട്ടുവെങ്കിലും പ്രതിപക്ഷം ചെവി കൊണ്ടില്ല. ഇതോടെ സ്പീക്കർ ചോദ്യോത്തര വേളയുമായി മുന്നോട്ടുപോകുകയായിരുന്നു. ചോദ്യേത്തര വേള പൂർത്തിയായി സഭ പിരിച്ചുവിടും വരെ പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ ചേ‌ംബറിന് മുന്നിൽ പ്രതിഷേധിച്ചു.

ബഹളത്തിനിടെ പ്രതിപക്ഷ നേതാവ് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ മൈക്ക് ഓഫ് ചെയ്തതും വിവാദമായി. സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്കുതര്‍ക്കതിലാണ് ഇത് കലാശിച്ചത്. ചോദ്യോത്തര വേളയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് സ്പീക്കറോട് ചെന്നിത്തല പരാതിപ്പെട്ടപ്പോള്‍ അത് പറയേണ്ടത് തന്നോടല്ല എന്നായിരുന്നു സ്പീക്കറുടെ മറുപടി. പിന്നെ ആരോട് പറയുമെന്ന മറുചോദ്യമായിരന്നു ഇതിന് ചെന്നിത്തലയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രസ്താവന നിയമസഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന ആവശ്യം പരിഗണനയിലാണെന്നും ചെന്നിത്തലക്ക് സ്പീക്കര്‍ മറുപടി നല്‍കി.

സഭക്ക് അകത്തും പുറത്തും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുവാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. മൂന്ന് യുവ എംഎല്‍എമാരെ നിയമസഭാ കവാടത്തില്‍ സത്യഗ്രഹം ആരംഭിച്ചിട്ടുണ്ട്. ഹൈബി ഈഡന്‍, അനൂബ് ജേക്കബ്, ഷാഫി പറമ്പില്‍ എന്നിവരാണ നിയമസഭയില്‍ നിരാഹാരമിരിക്കുന്നത്. ഇവരോട് അനുഭാവം പ്രകടിപ്പിച്ച് രണ്ട് ലീഗ് എംഎല്‍എമാരും സത്യഗ്രഹമിരിക്കുന്നത്. കെഎം ഷാജി, എന്‍ ഷംസുദ്ദീന്‍ എന്നിവരാണ് അനുഭാവ സത്യഗ്രഹമിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here