ഓസോണ്‍ ജീവന്‍ കാക്കുന്ന കുട

Posted on: September 16, 2016 6:00 am | Last updated: September 16, 2016 at 12:50 am
SHARE

മനുഷ്യന്റെ ചെയ്തികള്‍ ഭൂമിയുടെയും ജീവന്റെയും നിലനില്‍പിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. ആണവായുധങ്ങള്‍, ആഗോളതാപനം, ഓസോണ്‍ ശോഷണം തുടങ്ങി വിവിധ തരത്തിലുള്ള ഭീഷണികള്‍ ഭൂമിയുടെ നിലനില്‍പ്പിനെയും ഭാവിയെയും ചോദ്യം ചെയ്യുന്നു.
ഇന്ന് ഭൂമി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഓസോണ്‍ ശോഷണം. ഭൂമിയുടെ മേലാപ്പായ ഓസോണ്‍ പാളി സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യം ലോകത്തെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് 1998 സെപ്തംബര്‍ 16 മുതല്‍ എല്ലാ വര്‍ഷവും അതേദിവസം ഓസോണ്‍ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി തീരുമാനിച്ചത്. ഈ വര്‍ഷത്തെ ഓസോണ്‍ ദിനാചരണത്തിന്റെ പ്രചാരണാശയം ‘Ozone and climate: Restored by World United working towards reducing global warming HFCs under Montreal Protocol’ എന്നതാണ്.
ഓസോണ്‍ പാളി സംരക്ഷിക്കുന്നത് സംബന്ധിച്ച ചരിത്രപ്രസിദ്ധമായ മോണ്‍ട്രിയല്‍ ഉടമ്പടിയില്‍ ലോക രാഷ്ട്രങ്ങള്‍ ഒപ്പുവച്ചത് 1987 സെപ്തംബര്‍ 14നാണ്. അന്ന് 24 രാഷ്ട്രങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. 197 രാഷ്ട്രങ്ങള്‍ ഇതിനോടകം ഉടമ്പടിയില്‍ ഒപ്പുവച്ചു. 1992 സെപ്തംബര്‍ 17ന് ഇന്ത്യയും ഈ ഉടമ്പടിയില്‍ ഒപ്പുവച്ചു.
ഓസോണ്‍ പാളിയിലെ വിള്ളല്‍ കണ്ടെത്തി 31 വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. 1985ല്‍ പുറത്തിറക്കിയ നേച്ചര്‍ എന്ന ഗവേഷണ ജേണലിലാണ് ഇതു സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചത്. ഓസോണ്‍ കവചത്തിലെ വിള്ളല്‍ ആദ്യമായി കണ്ടെത്തിയത് അന്റാര്‍ട്ടിക് മേഖലയിലായിരുന്നു. ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേയിലെ ശാസ്ത്രഞ്ജരായ ജോയ് ഫാര്‍മാന്‍, ബിയാന്‍ ഗാര്‍ഡിനര്‍, ജോനാതന്‍ ഷാങ്ക്ലിന്‍ എന്നിവര്‍ ചേര്‍ന്നാണ് അത് കണ്ടെത്തിയത്. ഓസോണിനെ സംരക്ഷിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണെന്ന ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനം ഭൂമിയെ സംരക്ഷിക്കാനുള്ള ഓര്‍മപ്പെടുത്തലാണ്.

എന്താണ് ഓസോണ്‍ പാളി?
മൂന്ന് ഓക്‌സിജന്‍ തന്മാത്രകള്‍ ചേര്‍ന്നാണ് ഓസോണ്‍ (03) രൂപപ്പെടുന്നത്. സക്രിയവും അസ്ഥിരവുമായ വാതകമാണിത്. ഓക്‌സിജന്റെ അപര രൂപം തന്നെയാണ് ഓസോണ്‍ വാതകം. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേസല്‍ സര്‍വകലാശാലയിലെ പ്രൊഫസറായിരുന്ന ക്രിസ്ത്യന്‍ ഫ്രീഡ്രിച്ച് ഷോണ്‍ബെയ്ന്‍ (1799-1868)) എന്ന ജര്‍മന്‍ ശാസ്ത്രജ്ഞനാണ് ഈ പുതിയ വാതകത്തിന് മണക്കുന്നു (വാസനയുള്ളത്) എന്ന അര്‍ഥത്തില്‍ ഓസോണ്‍ എന്ന പേര് നല്‍കിയത്. തുടര്‍ന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജി എം ബി ഡോബ്‌സണ്‍ ഓസോണിന്റെ ഘടനയും ഗുണങ്ങളും മനസ്സിലാക്കി സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോണിനെ അളക്കുന്നതിനുള്ള സ്‌പെക്‌ട്രോ ഫോട്ടോമീറ്റര്‍ (Spectro Photometer) വികസിപ്പിച്ചെടുക്കുകയും ചെയ്തു. അന്തരീക്ഷത്തിന്റെ സംരക്ഷണ കവചമായാണ് ഓസോണ്‍ പ്രവര്‍ത്തിക്കുന്നത്. സ്ട്രാറ്റോസ്ഫിയറില്‍ കാണപ്പെടുന്ന ഓസോണ്‍ സൂര്യപ്രകാശത്തില്‍ അടങ്ങിയിരിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളെ ഭൗമോപരിതലത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നു തടയുന്നു. ഭൂമിയുടെ അന്തരീക്ഷത്തില്‍ 10 മുതല്‍ 50 കിലോമീറ്റര്‍ വരെ ഉയരത്തിലാണ് ഓസോണ്‍ പാളി കാണപ്പെടുന്നത്. ഭൂമിയിലുള്ള സകല ജീവജാലങ്ങള്‍ക്കും ഏറെ ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ 93.99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു.

ഓസോണ്‍ പാളിക്ക് ശോഷണം സംഭവിച്ചാല്‍?
മനുഷ്യര്‍ ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ചില രാസവസ്തുക്കള്‍ തന്നെയാണ് ഓസോണെന്ന ജീവസംരക്ഷണ കവചത്തിന് ക്ഷതമേല്‍പ്പിക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ട വില്ലന്‍ സി എഫ് സികള്‍ അഥവാ ക്ലോറോ ഫഌറോ കാര്‍ബണുകളാണ്. നൈട്രജന്‍ ഓക്‌സൈഡ്, കാര്‍ബണ്‍ ടെട്രോ ക്ലോറൈഡുകള്‍, മീഥൈല്‍ ബ്രോമൈഡ് ഇങ്ങനെ നീളുന്നു പട്ടിക. ഓസോണ്‍ പാളിക്ക് ക്ഷതം സംഭവിച്ചാല്‍ ഓസോണിന്റെ സാന്ദ്രത കുറയുകയും ശക്തി കൂടിയ അള്‍ട്രാവയലറ്റ് വിഷരശ്മികള്‍ ഭൂമിയില്‍ എത്താന്‍ ഇടയാകുകയും ചെയ്യും. ഇത് മനുഷ്യരില്‍ മാലിഗ്‌നന്റ് മെലാനോമ (Malignant Melanoma) പോലുള്ള മാരകമായ ചര്‍മാര്‍ബുദങ്ങള്‍, കണ്ണില്‍ തിമിരം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുകയും ജീവികളുടെ പ്രതിരോധശക്തി തകരാറിലാക്കുകയും ചെയ്യുന്നു. ആഹാര ചങ്ങലയുടെ ഏറ്റവും അടിത്തട്ടിലുള്ള ഫൈറ്റോ പ്ലാംഗ്ടണ്‍ എന്ന സമുദ്രസസ്യം തുടങ്ങി നെല്‍ച്ചെടിക്ക് നൈട്രജന്‍ ആഗിരണത്തിന് സഹായിക്കുന്ന സയാനോ ബാക്ടീരിയകളെ വരെ ഇത് നശിപ്പിക്കുന്നു. കാര്‍ഷിക വിളകളുടെ വംശനാശവും സമുദ്ര ആവാസവ്യവസ്ഥയുടെ തകിടം മറിച്ചിലിനും കടല്‍ ജീവികളുടെയും മത്സ്യസമ്പത്തിന്റെയും തകര്‍ച്ചക്കും ഇത് വഴിവെക്കും. 1980 മുതല്‍ വര്‍ഷം തോറും നാല് ശതമാനം എന്ന തോതില്‍ ഓസോണ്‍ ശോഷണം സംഭവിക്കുന്നു എന്നതാണ് കണക്ക്.

ലോകം പ്രതീക്ഷയോടെ
”എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്. എന്റെ ആയുഷ്‌കാലത്തേക്കല്ലെങ്കിലും ഓസോണ്‍ പാളി പൂര്‍വസ്ഥിതി പ്രാപിക്കും.” ഡേവിഡ് ഹോഫ്മാന്‍ 2006ലെ ഓസോണ്‍ ദിന സന്ദേശത്തിലാണ് ഇങ്ങനെ പ്രസ്താവിച്ചത്. ലോകം ശുഭപ്രതീക്ഷയോടെ ഉറ്റുനോക്കിയ ആ ചിന്ത ഇന്ന് പൂവണിയുകയാണ്. ഓസോണ്‍ പാളി സംരക്ഷണം ലക്ഷ്യമിട്ട് മോണ്‍ട്രിയല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ ലോക രാഷ്ട്രങ്ങള്‍ സ്വീകരിച്ച നടപടികള്‍ ഇന്ന് ഫലപ്രാപ്തിയിലെത്തിക്കൊണ്ടിരിക്കുകയാണ്. ഓസോണ്‍ പാളിയുടെ നാശത്തിന് കാരണമാകുന്ന മാരക രാസവസ്തുക്കളുടെ ഉത്പാദനവും ഉപയോഗവും നിയന്ത്രിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ക്കായിട്ടുണ്ട്. ഈ നിലയില്‍ മുന്നോട്ടു പോകുകയാണെങ്കില്‍ 2050 ആകുമ്പോഴേക്കും ഓസോണ്‍ പാളി പരുക്കുകള്‍ തീര്‍ത്ത് 1980ന് മുമ്പുള്ള അവസ്ഥയിലെത്തിച്ചേരുമെന്ന ശുഭപ്രതീക്ഷയിലാണ് പരിസ്ഥിതി ഗവേഷകരും പ്രകൃതി സ്‌നേഹികളും.

LEAVE A REPLY

Please enter your comment!
Please enter your name here