അസഹിഷ്ണുതയുടെ ഈ കാലത്തെ കരുതിയിരിക്കണം

Posted on: September 9, 2016 5:44 am | Last updated: September 8, 2016 at 11:48 pm
SHARE
കെ പി രാമനുണ്ണി
കെ പി രാമനുണ്ണി

വെല്ലുവിളികള്‍ നിറഞ്ഞ കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. കലുഷിതമായ ഈ കാലത്ത് എസ് എസ് എഫ് നടത്തുന്ന സാഹിത്യോത്സവം കേരളത്തിലെ സംസ്‌കാരിക ജീവിതത്തിലെ ഒരു പൊന്‍തൂവല്‍ എന്ന് പറയാവുന്ന ഒന്നാണ്. പൊതുവില്‍ സാഹിത്യോത്സവ വേദികള്‍ മത്സരവേദികളായി മാത്രം മാറിക്കൊണ്ടിരിക്കുകയാണ്. മാതാപിതാക്കള്‍ തമ്മിലും അധ്യാപകര്‍ തമ്മിലുമാണ് ഇവിടെ മത്സരങ്ങള്‍ നടക്കുന്നത്. സാഹിത്യത്തിന്റെയും കലയുടെയും പ്രയോജനം എന്താണ്, അതിന്റെ ലക്ഷ്യം എന്താണ് എന്ന് മറന്നുകൊണ്ടാണ് ഇന്നത്തെ മത്സരങ്ങളെല്ലാം. മാപ്പിള കലയും സാഹിത്യവും മനോഹരമായി അവതരിപ്പിക്കുന്ന എസ് എസ് എഫ് സാഹിത്യോത്സവുകള്‍ ഈ പശ്ചാതലത്തില്‍ വ്യത്യസ്തത കാത്തുസൂക്ഷിക്കുന്നു.
സാഹിത്യവും കലയും മത്സരിക്കാന്‍ മാത്രമുള്ളതല്ല, സ്‌നേഹം പങ്കിടാന്‍ കൂടിയുള്ളതാണ്. മറ്റുള്ളവനോട് അസൂയ തോന്നുക, അവനെ ചവിട്ടിത്താഴ്ത്തി മുന്നോട്ടുപോകുക, മുകളില്‍ ഉള്ളവനെ താഴേക്ക് പിടിച്ചിറക്കുക തുടങ്ങി ആര്‍ത്തിയുടെയും പരാക്രമത്തിന്റെയും ഹിംസയുടെയും ഒരു സാംസ്‌കാരിക ലോകത്താണ് നാം ജീവിക്കുന്നത്.
മതപരമായി ശരിയായിട്ടുള്ള മൂല്യങ്ങളെ മനസ്സിലാക്കാനും പകര്‍ത്താനും ഇന്ന് പലര്‍ക്കും കഴിയുന്നില്ല. മതത്തിന്റെ പേരിലും ഇന്ന് വലിയ ക്രൂരതകള്‍ നടന്നുകൊണ്ടിരിക്കുന്നു. ശരിയായ ഇസ്‌ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കൊണ്ടുള്ള സുന്നി മുസ്‌ലിം വിഭാഗത്തിന് ഇവിടുത്തെ മണ്ണിന്റെ പാരമ്പര്യത്തിലൂടെ അലിഞ്ഞു ചേര്‍ന്ന് നില്‍ക്കാന്‍ സാധിക്കുന്നു. പാരമ്പര്യത്തിന്റെ മഹനീയമായിട്ടുള്ള ഗുണമാണത്. മതത്തെ യാന്ത്രികമായി പ്രഖ്യാപിക്കുകയല്ല, മുന്നേ വന്നിട്ടുള്ള വലിയ മഹത്തുക്കളായ വ്യക്തികളുടെ പാരമ്പര്യത്തില്‍ നിന്ന് കൊണ്ട് വേണം മതത്തെ മനസ്സിലാക്കാന്‍. അവരെ സ്‌നേഹിച്ചും ആദരിച്ചും മതം പഠിക്കുകയും അനുവര്‍ത്തിക്കുകയും വേണം. സ്‌നേഹിക്കുന്നതും ആദരിക്കുന്നതും ആരാധനയല്ല, മറിച്ച് ബഹുമാനമാണ്. ഉമ്മയെ സ്‌നേഹിക്കുന്നത് ആരാധനയല്ല മറിച്ച് അത് സ്‌നേഹം മാത്രമാണ്. ഇങ്ങനെ ഇന്ത്യയുടെ മണ്ണില്‍ നിന്നുകൊണ്ട് കേരളത്തിന്റെ മക്കളായി ഇസ്‌ലാമിന്റെ തത്വസംഹിതകള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്നതാണ് സുന്നികളെ വ്യത്യസ്തരായി നിലനിര്‍ത്തുന്നത്.
ഇസ്‌ലാമില്‍ പറയുന്ന ഏറ്റവും വലിയ തത്വം തന്നെ ഇസ്‌ലാം ബഹുസ്വരതയെ അംഗീകരിക്കുന്നുവെന്നതാണ്. നിന്നെ ഒരു സ്ത്രീയില്‍ നിന്നും പുരുഷനില്‍ നിന്നും സൃഷ്ടിച്ചു. പരസ്പരം തിരിച്ചറിയാന്‍ വേണ്ടി വര്‍ഗങ്ങളും വംശങ്ങളും ആയി തിരിച്ചു എന്ന ദൈവിക വചനം തന്നെ മനോഹരമായ ജഗദ്‌സത്യമാണ്. ഏകത്വത്തിന്റെ പൊരുളിനെ പറഞ്ഞുകൊണ്ട് തന്നെ ബഹുസ്വരതയെ അംഗീകരിക്കാനാണ് ഇസ്‌ലാം ഉദ്‌ഘോഷിക്കുന്നത്. പൊന്നാനിക്കാരനായ എനിക്ക് ഈ ഭാഷ എളുപ്പം മനസ്സിലാകും. സൈനുദ്ധീന്‍ മഖ്ദൂമിന്റെ സത്യസന്ധവും നിഷ്‌കളങ്കവുമായ ജീവിതത്തില്‍ ആകൃഷ്ടരായാണ് കേരളത്തില്‍ മുസ്‌ലിം സമുദായത്തിലേക്ക് കുറെ ആളുകള്‍ വന്നിട്ടുള്ളത്.
ഇങ്ങനെ വ്യത്യസ്ത മതങ്ങള്‍ തമ്മില്‍ സഹകരിച്ച് കൊണ്ടുള്ള ഒരു പാരമ്പര്യം ഈ ഭൂമിലോകത്ത് മറ്റെവിടെയും കാണുക സാധ്യമല്ല. ഹിന്ദു- മുസ്‌ലിം മൈത്രിയുടെ പാരമ്പര്യമാണ് ഇന്ത്യാ മഹാരാജ്യത്തിന്റെ പാരമ്പര്യം. അതിനെ ഹിന്ദു- മുസ്‌ലിം സംഘട്ടനത്തിന്റെ പാരമ്പര്യമാക്കി മാറ്റിയത് വിദേശ ശക്തികള്‍ ആയിരുന്നു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇന്ത്യയില്‍ അസഹിഷ്ണുത ഉണ്ടാക്കുന്നവരും ഹിന്ദുവിനെയും മുസ്‌ലിമിനെയും തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവരും ഇംഗ്ലീഷുകാരുടെ പ്രത്യയശാസ്ത്രത്തെയും കൊളോണിയല്‍ മേധാവികളുടെ പ്രത്യയശാസ്ത്രത്തെയും പുറത്തേക്ക് കൊണ്ടുവരുന്നവരാണ്. കോര്‍പറേറ്റുകളെ വിളിച്ചുവരുത്തുകയും നാട്ടുകാരുടെ മുതലെല്ലാം അവര്‍ക്ക് തീറെഴുതിക്കൊടുക്കുകയും ചെയ്ത് ഫാസിസത്തിന്റെ നിലപാടുകളോടെ ഇവിടുത്തെ ന്യൂനപക്ഷങ്ങളെ അന്യരായി മുദ്രകുത്താന്‍ ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് ഇന്ത്യയുടെ ഏറ്റവും ദാരുണമായ അവസ്ഥ.
സാഹിത്യം മനുഷ്യനെ ഉന്നതിയിലേക്ക് ഉയര്‍ത്താനുള്ളതാണ്. കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും കൊടുമുടികള്‍ കീഴടക്കി കയറുന്ന സമയത്താണ് മനുഷ്യജന്മം സഫലമാകുന്നത്. തന്നെ വേദനിപ്പിച്ച ജൂത സ്ത്രീക്ക് അസുഖം ബാധിച്ചപ്പോള്‍ അവരെ സന്ദര്‍ശിക്കുകയും അതുവഴി ഖുര്‍ആനിന്റെ തനിയാവര്‍ത്തനം ജീവിതത്തില്‍ കാണിച്ചുതരുകയും ചെയ്തു നബിതിരുമേനി. അടുത്ത കാലത്ത് ഞാന്‍ ഒരു സിയാറത്ത് യാത്ര പോയി. യാത്രാ സംഘത്തിലെ ഏക അമുസ്‌ലിം ഞാനായിരുന്നു. ജോര്‍ദാന്‍, ഈജിപ്ത്, ഇറാഖ്, ഫലസ്തീന്‍, ഇസ്‌റാഈല്‍ തുടങ്ങിയ രാഷ്ട്രങ്ങളിലേക്കായിരുന്നു യാത്ര. അവിടങ്ങളിലെല്ലാം വിവിധ മതങ്ങള്‍ക്കിടയില്‍ ആഴത്തില്‍ വേരോടിയ സാഹോദര്യബന്ധം കാണാം. യാത്രക്കിടയില്‍ പരമ്പരാഗത ഇസ്‌ലാമിന്റെ പ്രാധാന്യം നിരവധി ബുദ്ധിജീവികള്‍ എന്നോട് വിശദീകരിച്ച് തന്നപ്പോള്‍, പരമ്പരാഗത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കാണ് ആധുനിക ലോകത്തെ അഭിസംബോധന ചെയ്യാനുള്ള മൂലധനമുള്ളതെന്ന് ഞാന്‍ മനസ്സിലാക്കി. മതത്തിന്റെ തത്വങ്ങളില്‍ ഒരു വീട്ടുവീഴ്ചക്കും തയ്യാറാകാതെയും ബഹുസ്വരമായ സാധ്യതകള്‍ പ്രായോഗികമാക്കിയുമാണ് മുസ്‌ലിംകള്‍ വളര്‍ന്നുവന്നിട്ടുള്ളത്. ഈ അര്‍ഥത്തില്‍ കേരളീയ പാരമ്പര്യ ജീവിതത്തില്‍ മുസ്‌ലിംകള്‍ വലിയ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്.
മുസ്‌ലിം സഹോദരന്മാരെ അക്രമിക്കുന്ന ഹിന്ദുത്വം ശരിയായ മതദര്‍ശനമല്ല. ഹിന്ദുമതത്തിന്റെ പേരില്‍ അസഹിഷ്ണുത പ്രചരിപ്പിക്കുന്ന ഇന്നത്തെ ഒരു രാഷ്ട്രീയ നീക്കത്തിനും ആ മതത്തില്‍ യാതൊരു സ്ഥാനവും ഇല്ലെന്നുള്ളതാണ് വലിയ വിരോധാഭാസം. ഫാസിസത്തോട് ജാഗ്രതയോടെ പ്രതികരിക്കേണ്ട ഉത്തരവാദിത്വം ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കുമുണ്ട്. മൂല്യങ്ങളില്‍ വിശ്വസിക്കാത്ത, ആര്‍ത്തിയുടെ പിന്നാലെ പോകുന്ന സംസ്‌കാരം രാജ്യത്ത് വളര്‍ന്നുവരുന്നുണ്ട്. പാശ്ചാത്യ സംസ്‌കാരത്തെ ജീവിതത്തില്‍ പകര്‍ത്തുകയും പരസ്പര വിശ്വാസവും സ്‌നേഹവും നഷ്ടമാകുകയും ചെയ്യുമ്പോഴാണ് ഫാസിസത്തിന് വേരോട്ടമുണ്ടാകുന്നത്. പാശ്ചാത്യ സംസ്‌കാരത്തിലെ നല്ല വശങ്ങളൊന്നും സ്വീകരിക്കാന്‍ നാം തയ്യാറുമല്ല. വ്യക്തി കേന്ദ്രീകൃതമായ ജീവിതമാണ് നാം അവരില്‍ നിന്ന് കടം കൊള്ളുന്നത്. അന്യന്‍ നരകമാണവര്‍ക്ക്. അപരന്റെ സുഖത്തിലൂടെയാണ് അവനവന്റെ ആത്മാവിന് വെളിച്ചം ലഭിക്കുന്നതെന്ന സത്യം അവര്‍ക്കറിയില്ല.
ഞാനും നീയും ഒന്നാണെന്നത് മാനസികവും ആത്മീയവുമായ ഒരു പ്രക്രിയയാണ്. അതാണ് സാഹിത്യം നമുക്ക് വേണ്ടി സൃഷ്ടിക്കുന്നത്. മനുഷ്യഭാഷ അങ്ങനെയാണ് വിനിമയം ചെയ്യപ്പെടുന്നത്. സഹജീവികളുടെ വേദനയും സന്തോഷവുമെല്ലാം അവനവന്റേതായി അനുഭവിക്കാനുള്ള ഒരു തലം മനുഷ്യഭാഷയില്‍ സാധ്യമാക്കുന്നു. ഇതാണ് സാഹിത്യം. ഒരു നോവലിലെ കഥാപാത്രത്തിന് വിഷമമുണ്ടാകുമ്പോള്‍ വായനക്കാരന്‍ കരയുന്നത് സഹജീവികളോട് ഉദാത്തമായ ആത്മബന്ധമുള്ളത് കൊണ്ടാണ്. മനുഷ്യനാകുക എന്ന പ്രക്രിയക്ക് വേഗം കൂട്ടുകയാണ് സാഹിത്യം ചെയ്തുകൊണ്ടിരിക്കുന്നത്.
മനോഹരമായ മനുഷ്യ ബന്ധങ്ങള്‍ മറച്ചുവെച്ചുകൊണ്ടാണ് ഇവിടെ പലരും ശത്രുത നിര്‍മിക്കുന്നതും അസഹിഷ്ണുത വളര്‍ത്തുന്നതും. പൊന്നാനിയിലെ അബ്ദുല്ല ഹാജിയുടെ വീട്ടുമുറ്റത്താണ് ഞാന്‍ എന്റെ കുട്ടിക്കാലം ചെലവഴിച്ചത്. ഒന്നര വയസ്സില്‍ എന്റെ പിതാവ് മരണപ്പെട്ടിരുന്നു. ആ അനാഥത്വം അറിയാതെ എന്നെ സ്‌നേഹിക്കാനും വളര്‍ത്താനും മുന്നോട്ടുവന്നത് സാത്വികനായ അബ്ദുല്ല ഹാജിയായിരുന്നു. നോമ്പ് തുറക്കുന്ന സമയത്ത് പോലും അദ്ദേഹം എന്നെ അന്വേഷിച്ചിരുന്നു. ഇങ്ങനെയുള്ള വിശാലമായ പാരമ്പര്യത്തില്‍ നിന്നാണ് നാം ഓടിയകലുന്നത്. ഈ സാഹചര്യങ്ങളാണ് നാം പൊളിച്ചെഴുതേണ്ടത്. പരസ്പരം വിശ്വാസവും സ്‌നേഹവും വളര്‍ത്തിയെടുക്കേണ്ടതും അസഹിഷ്ണുതയുടെ ഈ കാലത്ത് പ്രധാനപ്പെട്ടതാകുന്നത് അതുകൊണ്ടാണ്. മനുഷ്യബന്ധങ്ങള്‍ നഷ്ടപ്പെടുത്തുന്ന ഒാരോ നീക്കവും നാം കരുതിയിരിക്കണം.

(എസ് എസ് എഫ് കണ്ണൂര്‍ ജില്ലാ സാഹിത്യോത്സവ് വേദിയില്‍ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.)

തയ്യാറാക്കിയത്: സഫ്‌വാന്‍ വളപട്ടണം