Connect with us

Gulf

പാര്‍പ്പിട വാടക സുസ്ഥിരതയിലേക്ക്; റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ പ്രതിസന്ധിയില്‍

Published

|

Last Updated

ദോഹ: രാജ്യത്തെ പാര്‍പ്പിട കെട്ടിടങ്ങളുടെ വാടക സുസ്ഥിരത കൈവരിക്കുകയേ കുറയുകയോ ചെയ്യുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും മാസങ്ങങ്ങളിലെ സ്ഥിതിവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. വാടക ഇനിയും കുറയുമെന്ന നിഗമനത്തിലാണ് ജനം. വലിയ മാറ്റമുണ്ടായില്ലെങ്കിലും ഉയര്‍ച്ചയില്ലാത്ത വിധം വാടക സ്ഥിരപ്പെടുമെന്ന് ഭൂരിഭാഗം പേരും കരുതുന്നതായും ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്താകെ വാടക കുറയുന്നുണ്ടെന്നും ഈ പ്രവണത ഇനിയും തുടരുമെന്നും റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരും വീടുകള്‍ അന്വേഷിക്കുന്നവരും ഈ മേഖലയുമായി ബന്ധമുള്ളവരും പറയുന്നു. വാടക ഇനിയും കുറയുമെന്നാണ് എല്ലാ സാഹചര്യങ്ങളും വ്യക്തമാക്കുന്നതെന്ന് ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റ് പറയുന്നു. രാജ്യത്ത് ഒഴിവുള്ള കെട്ടിടങ്ങള്‍ വര്‍ധിച്ചു എന്നതാണ് പ്രധാന കാരണം. ഒഴിഞ്ഞ കെട്ടിടങ്ങളില്‍ വാടകക്കാരെ എത്തിക്കാനാണ് ഏജന്റുമാരും പ്രോപ്പര്‍ട്ടി ഡീലര്‍മാരും ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ വാടക കുറച്ച് ഓഫര്‍ ചെയ്യേണ്ടി വരുന്നു. ദോഹയിലും പുറത്തും വ്യത്യസ്ത വലുപ്പമുള്ള പാര്‍പ്പിട യൂനിറ്റുകള്‍ കിട്ടാനുണ്ട്. ഒരു റൂമും കിച്ചണും ടോയ്‌ലറ്റും അടങ്ങുന്ന വില്ലകളിലെ സ്റ്റുഡിയോ ടൈപ്പ് യൂനിറ്റിന് ഇപ്പോഴത്തെ ശരാശരി വാടക 2000ലെത്തി നില്‍ക്കുകയാണ്. ദോഹത്തു പുറത്താണെങ്കില്‍ ഇതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കും.
കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റിന് 3,200 റിയാല്‍ വരെയായിരുന്നു വാടക. ഉയര്‍ന്ന വാടക നല്‍കിയാലും പാര്‍പ്പിടം കിട്ടാനില്ലാത്ത അവസ്ഥയുമുണ്ടായിരുന്നു. നഗരത്തിലും പുറത്തും ഇപ്പോള്‍ താങ്ങാവുന്ന നിരക്കില്‍ പാര്‍പ്പിട കെട്ടിടങ്ങള്‍ ലഭിക്കാനുണ്ടെന്ന് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ പറയുന്നു. നിലവില്‍ ഉയര്‍ന്ന വാടക കൊടുത്തു താമസിക്കുന്നവരെല്ലാം വാടക കുറച്ചു തരാന്‍ ആവശ്യപ്പെടുകയോ കുറവുള്ള കെട്ടിടങ്ങളിലേക്ക് മാറാന്‍ തയാറെടുക്കുകയോ ചെയ്യുന്നുണ്ട്. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളില്‍ വാടകക്കാരെ കിട്ടാന്‍ റിയല്‍ എസ്റ്റേറ്റ് ഏജന്‍സികളും ഉടമകളം ഏജന്റുമാരും പ്രയാസപ്പെടുകയാണ്. വീടുകള്‍ ആവശ്യമുള്ളവരെ അങ്ങോട്ട് വിളിച്ച് മാര്‍ക്കറ്റ് ചെയ്യുന്ന രീതിയും ഏജന്റുമാര്‍ ആരംഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍ രാജ്യത്ത് താമസിക്കുന്നവരില്‍ ഭൂരിഭാഗം പേരും ചെറിയ ഫഌറ്റുകളിലോ വില്ലകളിലോ ആണ് താമസിക്കുന്നത്. അതുകൊണ്ടു തന്നെ വാടക കുറഞ്ഞ സന്ദര്‍ഭത്തില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള കെട്ടിടങ്ങളിലേക്കു മാറിത്താമസിക്കാന്‍ താത്പര്യപ്പെടുന്നവരുണ്ട്. ഈ സാഹചര്യംകൂടി ഉപയോഗപ്പെടുത്തിയാണ് മാര്‍ക്കറ്റിംഗ് നടക്കുന്നത്. അതേസമയം റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചു വന്നവര്‍ പ്രതിസന്ധി നേരിടുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഡിമാന്‍ഡിനൊപ്പം വാടകയും കുറഞ്ഞതാണ് കാരണം. ഇത്തരം സ്ഥാപനങ്ങളും വ്യക്തികളും വരുമാനത്തിനായി മറ്റു മാര്‍ഗങ്ങള്‍ ആരാഞ്ഞു തുടങ്ങിയിട്ടുണ്ട്. പ്രതിദിന ചെലവുകള്‍ക്കു പോലും പണം കിട്ടാത്താ അവസ്ഥയുണ്ടെന്ന് ഈ രംഗത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്റ് പറഞ്ഞു. വാടക കുറഞ്ഞതോടെ ഇടനിലക്കാരെ ഒഴിവാക്കിയുള്ള ഇടപാടുകളും വര്‍ധിച്ചു. ഒരു മാസത്തിനിടെ ആകെ ഒരു ഇടപാടു മാത്രമാണ് നടത്തിയതെന്നും 500 റിയാല്‍ മാത്രമാണ് കമ്മീഷനായി ലഭിച്ചതെന്നും ഈ സാഹചര്യത്തില്‍ തുടരാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് ഒരു ഏജന്റ് പറയുന്നു. വാടക ഇനിയും കുറയുകയല്ലാതെ കൂടാനുള്ള സാഹചരര്യം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വീടുകള്‍ കുറഞ്ഞ വാടകക്ക് ലഭ്യമാകുന്നത് ഏറെ സഹായകമാണെന്നാണ് പ്രവാസികളുടെ അഭിപ്രായം. വാടക താങ്ങാനാകാതെ കുടുംബത്തെ നാട്ടിലയച്ച് ബാച്ചിലര്‍ ജീവിതം നയിക്കുന്ന നിരവധി പേരുണ്ട്. അവര്‍ക്കെല്ലാം പുതിയ സാഹചര്യം അനുകൂലമാണ്. വര്‍ഷങ്ങളായി ഭീതിയോടെ കണ്ടിരുന്ന സാഹചര്യത്തിനാണ് പരിഹാരമായിരിക്കുന്നതെന്നും പ്രവാസികള്‍ പറയുന്നു. രാജ്യത്ത് പാര്‍പ്പിട യൂനിറ്റുകള്‍ക്കു പുറമേ വന്‍കിട ഓഫീസ് കെട്ടിടങ്ങള്‍ക്കും വാടക കുറുയുകയാണെന്ന് നേരത്ത റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രധാന ഓഫീസ് പ്രദേശങ്ങളിലെല്ലാം 20 ശതമാനം വരെ വാടക കുറഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ട്.