മെഡിക്കല്‍ പ്രവേശം: ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് കീഴിലെ മുഴുവന്‍ സീറ്റിലും ഏകീകൃത ഫീസ്

Posted on: August 24, 2016 9:38 am | Last updated: August 24, 2016 at 9:38 am

തിരുവനന്തപുരം: കേരള ക്രിസ്ത്യന്‍ പ്രൊഫഷനല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷന്റെ കീഴിലുള്ള കോളജുകളില്‍ എന്‍ ആര്‍ ഐ ക്വാട്ട ഒഴികെ മുഴുവന്‍ സീറ്റിലും ഏകീകൃത ഫീസായിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എല്ലാ സീറ്റിലും 4,40,000 രൂപയായിരിക്കും വാര്‍ഷിക ഫീസ്. കഴിഞ്ഞ വര്‍ഷം സര്‍ക്കാറുമായുണ്ടാക്കിയ ധാരണ പ്രകാരമാണിത്. എന്‍ ആര്‍ ഐ സീറ്റുകളില്‍ പന്ത്രണ്ട് ലക്ഷം രൂപയാണ് വാര്‍ഷിക ഫീസായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍, ഈ കോളജുകള്‍ വിദ്യാര്‍ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തണം. നൂറ് എം ബി ബി എസ് സീറ്റുകളുള്ള കോളജില്‍ 44 ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ് നല്‍കാനായി പ്രത്യേക ഫണ്ടായി മാറ്റിവെക്കണം. ബി പി എല്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളുടെ വാര്‍ഷിക ഫീസില്‍ ഇളവ് നല്‍കാനായിട്ടാണിത്.

നൂറ് കുട്ടികളില്‍ കുറവുള്ള കോളജില്‍ സ്‌കോളര്‍ഷിപ്പ് ഫണ്ട് തുക ആനുപാതികമായി കുറയും. സംസ്ഥാന പ്രവേശന പരീക്ഷയില്‍ നിന്നും പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കായിരിക്കും ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കുക. സ്‌കോളര്‍ഷിപ്പ് നല്‍കിക്കഴിഞ്ഞും തുക മിച്ചമുണ്ടെങ്കില്‍ അടുത്ത വര്‍ഷത്തേക്ക് നീക്കിവെക്കണം.
പരിയാരം, കണ്ണൂര്‍ ഉള്‍പ്പെടെയുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ അമ്പത് ശതമാനം മെറിറ്റ്, 35 ശതമാനം മാനേജ്‌മെന്റ് സീറ്റ്, പതിനഞ്ച് ശതമാനം എന്‍ ആര്‍ ഐ ക്വാട്ട എന്നിവയിലേക്കുള്ള ഫീസ് പിന്നീട് തീരുമാനിക്കും. സര്‍ക്കാര്‍ നിശ്ചയിച്ച ഫീസിനു പുറമെ ക്വാഷന്‍ ഡിപ്പോസിറ്റായി പതിനായിരം രൂപ വാങ്ങാം. എന്നാല്‍, മറ്റു തുകയൊന്നും വാങ്ങാന്‍ പാടില്ലെന്നും എല്ലാ തുകക്കും രസീത് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. പ്രവേശന സമയത്ത് വിദ്യാര്‍ഥികള്‍ മുഴുവന്‍ വാര്‍ഷിക ഫീസും നല്‍കണം. സ്‌കോളര്‍ഷിപ്പിനും ഇളവിനും അര്‍ഹതയുള്ളവര്‍ക്ക് ഒരാഴ്ചക്കുള്ളില്‍ ഫീസ് ഇളവ് നല്‍കണം. ഇല്ലെങ്കില്‍ 18 ശതമാനം പിഴ പലിശ കൂടി മനേജ്‌മെന്റുകളില്‍ നിന്ന് ഈടാക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ പരിശീലനം ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് എല്ലാ സൗകര്യങ്ങളും ഉത്തരവില്‍ ഉറപ്പ് നല്‍കുന്നുണ്ട്.