ജയ്ഷ ട്രാക്കില്‍ തളര്‍ന്ന് വീണുവെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കിയെന്ന് മുഖ്യമന്ത്രി

Posted on: August 22, 2016 9:14 pm | Last updated: August 22, 2016 at 9:14 pm

pinarayiതിരുവനന്തപുരം: റിയോ ഒളിമ്പിക്‌സിലെ വനിത മാരത്തണില്‍ മലയാളി താരം ഒപി ജയ്ഷ ട്രാക്കില്‍ തളര്‍ന്നു വീണെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാരത്തണില്‍ ഓരോ 2.5 കിലോ മീറ്ററിലും ക്ഷീണമകറ്റാനുള്ള അവസരമുണ്ട്. എന്നാല്‍ ജയ്ഷക്ക് അത് ലഭിച്ചില്ലെന്നാണ് അറിഞ്ഞത്.

സാക്ഷിയുടേയും സിന്ധുവിന്റേയും ദീപയുടേയും നേട്ടങ്ങളില്‍ അഭിമാനിക്കുമ്പോഴും ഇന്ത്യന്‍ കായികരംഗത്ത് നിലനില്‍ക്കുന്ന പോരായ്മകളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഇത്തരം സംഭവങ്ങള്‍. 130 കോടി ജനങ്ങളും മനുഷ്യവിഭവശേഷിയും ഉള്ള ഒരു രാജ്യം രാജ്യാന്തര കായിക മത്സരങ്ങളില്‍ പിന്നിലാകുന്നതിന് പ്രധാന കാരണം കായികതാരങ്ങളോടും കായികമേഖലയോടും കാണിക്കുന്ന ഇത്തരം അവഗണനകളാണ്. കായിക താരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിലും ആരോഗ്യത്തിലും ശ്രദ്ധ പതിപ്പിക്കുന്ന ഒരു കായിക സംസ്‌കാരം നമ്മള്‍ രൂപപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.