കുടിയിറക്കാനും കുടിയേറ്റാനും

1955ലെപൗരത്വ നിയമത്തിലൊരു ഭേദഗതിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്തു മതങ്ങളില്‍പ്പെട്ടവര്‍ക്ക് 1955ലെ നിയമത്തിലെ വ്യവസ്ഥ ബാധകമല്ലെന്നാണ് ഭേദഗതി. അതായത് കാലാവധിയുള്ള പാസ്‌പോര്‍ട്ടോ മറ്റ് യാത്രാ രേഖകളോ ഇല്ലാതെ ഇന്ത്യയിലെത്തുന്ന ഈ മതക്കാരായ ആളുകള്‍ ആറ് വര്‍ഷം രാജ്യത്ത് തുടര്‍ന്നാല്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കും. പട്ടികയില്‍ നിന്ന് മുസ്‌ലിം മാത്രമാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ എതിര്‍പ്പിനെത്തുടര്‍ന്ന് നിയമ ഭേദഗതി പാര്‍ലിമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ലോക്‌സഭയില്‍ ബില്ല് പാസ്സാകും. രാജ്യസഭയില്‍ എന്‍ ഡി എക്ക് പോലും ഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രയാസമാണ്. ഇതൊക്കെ അറിഞ്ഞിട്ടും ഭേദഗതിക്ക് ശ്രമിക്കുന്നുവെന്നതിലാണ് യഥാര്‍ഥ രാഷ്ട്രീയം.
Posted on: August 17, 2016 6:00 am | Last updated: August 16, 2016 at 11:41 pm
SHARE

ഈ രാജ്യം ആര്‍ക്ക് ജീവിക്കാനുള്ളതാണ് എന്നതില്‍ രാഷ്ട്രീയ സ്വയം സേവക് സംഘിന് (ആര്‍ എസ് എസ്) ഒരു കാഴ്ചപ്പാടുണ്ട്. ഇതൊരു ഹിന്ദു സ്ഥാനമാകണമെന്നും ഹിന്ദു മതത്തിന്റെ രീതികള്‍ പൊതുരീതിയാകണമെന്നും അത് സ്വീകരിക്കാന്‍ സന്നദ്ധരായവര്‍ മാത്രം രാജ്യത്ത് തുടര്‍ന്നാല്‍ മതിയെന്നുമാണ് അവരുടെ കാഴ്ചപ്പാട്. അത് നടപ്പാക്കിയെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ പല നിലക്ക് പുരോഗമിക്കുന്നുണ്ട്. ലോക്‌സഭയില്‍ ബി ജെ പി ഒറ്റക്ക് ഭൂരിപക്ഷം നേടുകയും നരേന്ദ്ര മോദി പരമാധികാരിയാകുകയും ചെയ്തതോടെ ഈ ശ്രമങ്ങള്‍ക്ക് വേഗം കൂടുകയും ചെയ്തു. ജനം ചിലത് നേരിട്ട് അറിയുന്നു, ചിലത് നേരിട്ടല്ലാതെയും. അറിയാതെ സ്വാംശീകരിച്ച് പോകുന്നതും കുറവല്ല.
ആര്‍ എസ് എസ്സിന്റെ അജന്‍ഡകള്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്കായി ഭരണഘടനാപരവും അല്ലാത്തതുമായ ഏതാണ്ടെല്ലാ വേദികളും ഉപയോഗപ്പെടുത്തുന്നുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളെയും വര്‍ഗീയ അജന്‍ഡകളെ എതിര്‍ക്കാന്‍ ശ്രമിക്കുന്നവരെയും ഭീതിയുടെ നിഴലിലേക്ക് മാറ്റി, അനുസരണ പഠിപ്പിക്കാനുള്ള ചുമതല സംഘപരിവാര സംഘടനകളോ അവരുടെ തന്നെ സൃഷ്ടികളായ, ‘സാമൂഹിക വിരുദ്ധരെ’ന്ന് മോദിമാരാല്‍ വിശേഷിപ്പിക്കപ്പെടുന്നവരോ ഏറ്റെടുത്തിരിക്കുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ചിലത് നിയമത്തിന്റെ മറവിലാണ്. ചില പ്രവര്‍ത്തനങ്ങള്‍ക്ക് നിയമത്തിന്റെ പിന്‍ബലം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയും ചെയ്യുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്ന ഒരു നിയമ ഭേദഗതിയും ഒരു നിയമ നിര്‍മാണവും ഇതിന് തെളിവാണെന്ന് പറയേണ്ടിവരും.
1955ലാണ് പൗരത്വ നിയമം രാജ്യത്ത് പ്രാബല്യത്തിലായത്. അനധികൃത കുടിയേറ്റം തടയുക എന്നതായിരുന്നു നിയമത്തിന്റെ പ്രഥമോദ്ദേശ്യം. പാസ്‌പോര്‍ട്ടോ മറ്റ് യാത്രാ രേഖകളോ ഇല്ലാതെ രാജ്യത്ത് തങ്ങുകയോ യാത്രാരേഖകള്‍ പ്രകാരം അനുവദിക്കപ്പെട്ട കാലപരിധിയിലധികം രാജ്യത്ത് തുടരുകയോ ചെയ്യുന്നവരെ വിദേശികളായി കണക്കാക്കാന്‍ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇതിലൊരു ഭേദഗതിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്തു മതങ്ങളില്‍പ്പെട്ടവര്‍ക്ക് 1955ലെ നിയമത്തിലെ വ്യവസ്ഥ ബാധകമല്ലെന്നാണ് ഭേദഗതി. അതായത് കാലാവധിയുള്ള പാസ്‌പോര്‍ട്ടോ മറ്റ് യാത്രാ രേഖകളോ ഇല്ലാതെ ഇന്ത്യയിലെത്തുന്ന ഈ മതക്കാരായ ആളുകള്‍ ആറ് വര്‍ഷം രാജ്യത്ത് തുടര്‍ന്നാല്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കുമെന്ന് ചുരുക്കം. പട്ടികയില്‍ നിന്ന് മുസ്‌ലിം മാത്രമാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നിയമ ഭേദഗതി പാര്‍ലിമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ബി ജെ പിക്ക് ഭൂരിപക്ഷമുള്ളതിനാല്‍ ലോക്‌സഭയില്‍ ബില്ല് പാസ്സാകും. രാജ്യസഭയില്‍ എന്‍ ഡി എക്ക് പോലും ഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രയാസമാണ്. ഇതൊക്കെ അറിഞ്ഞിട്ടും ഭേദഗതിക്ക് ശ്രമിക്കുന്നുവെന്നതിലാണ് യഥാര്‍ഥ രാഷ്ട്രീയം.
അനധികൃക കുടിയേറ്റക്കാരില്‍ മുസ്‌ലിംകള്‍ മാത്രം എന്തുകൊണ്ട് അനഭിമതരാകുന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരം അന്തരീക്ഷത്തില്‍ ഇതിനകം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മുസ്‌ലിംകളൊക്കെ ഭീകരരല്ലെങ്കിലും ഭീകരരെല്ലാം മുസ്‌ലിംകളാണ്, അവര്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന കൂട്ടരാണ്, അംഗബലം വര്‍ധിപ്പിച്ച് ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരാണ്, സര്‍വോപരി ഇന്ത്യാ വിഭജനത്തിന് കാരണക്കാരാണ് അങ്ങനെ പല ഉത്തരങ്ങള്‍. ഈ ഉത്തരങ്ങള്‍ ഇതിനകം സൃഷ്ടിക്കപ്പെട്ട മറ്റൊരു ചോദ്യത്തെ കൂടുതല്‍ ബലത്തോടെ മുന്നില്‍ നിര്‍ത്തും. കുടിയേറ്റക്കാരെ വിശ്വസിക്കാനാവില്ലെങ്കില്‍, നിലവില്‍ പൗരന്‍മാരായി രാജ്യത്തുള്ള മുസ്‌ലിംകളെ എങ്ങനെ വിശ്വസിക്കുമെന്ന ചോദ്യം. പൗരത്വമുള്ള മുസ്‌ലിംകളില്‍ പലരും ഭീകരവാദക്കേസുകളില്‍ ആരോപണവിധേയരാകുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്ത സാഹചര്യം കൂടി ചൂണ്ടിക്കാട്ടപ്പെടുമ്പോള്‍ ഈ ചോദ്യത്തിന് ബലം വീണ്ടും കൂടും. പല പ്രചാരണങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത സംശയത്തിന്റെ നിഴലിന് കനം കൂട്ടുക വഴി, വര്‍ഗീയ വിഭജനത്തിന്റെ ആഴമേറ്റുക എന്ന ഉദ്ദേശ്യത്തിലാണ് പാസ്സാകാന്‍ ഇടയില്ലെന്ന് അറിഞ്ഞിട്ടും ഈ നിയമ ഭേദഗതി അവതരിപ്പിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറായത്.
രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍, പ്രത്യേകിച്ച് അസമില്‍, പൗരത്വം ചോദ്യംചെയ്യപ്പെട്ട് കഴിയുന്ന ആയിരക്കണക്കായ മുസ്‌ലിംകളുണ്ട്. അവരില്‍ ചിലര്‍ ദശകങ്ങള്‍ക്ക് മുമ്പ് ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലെത്തി തലമുറകളായി ഇവിടെ കഴിയുന്നവരാണ്. മറ്റു ചിലര്‍ ബംഗ്ലാദേശികളെന്ന ആരോപണം നേരിടുന്ന ഇന്ത്യക്കാര്‍ തന്നെയാണ്. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി പ്രാബല്യത്തിലായാല്‍ ഇവരെയൊക്കെ രാജ്യത്തിന് പുറത്താക്കേണ്ടിവരും. പതിനായിരക്കണക്കിന് ആളുകള്‍ പുറംതള്ളപ്പെടുന്ന സാഹചര്യമുണ്ടായാല്‍ അത് രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് വളരാന്‍ സാധ്യത ഏറെയാണ്. അതൊക്കെ മുന്നില്‍ക്കണ്ട് തന്നെയാകണം ഭേദഗതിക്ക് മോദി സര്‍ക്കാര്‍ ശ്രമിച്ചത് എന്ന് കരുതണം. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളെ പുറംതള്ളുമെന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തെ നരേന്ദ്ര മോദിയുടെ വാഗ്ദാനമായിരുന്നു. അസം നിയമസഭയിലേക്ക് അടുത്തു നടന്ന തെരഞ്ഞെടുപ്പിലും ബി ജെ പി ഈ വാഗ്ദാനം നല്‍കിയിരുന്നു. വാഗ്ദാനം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ തടയപ്പെടുകയാണെന്ന് സ്വന്തം അണികളെ ബോധ്യപ്പെടുത്തുകയും പൊതുവില്‍ തന്നെ വംശീയ സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലകളെ കൂടുതല്‍ കലുഷിതമാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യവും ഭേദഗതി നീക്കത്തിനുണ്ട്.
പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലുമൊക്കെ ന്യൂനപക്ഷങ്ങളായതുകൊണ്ടാണ് ഈ മതവിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് പൗരത്വ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കാന്‍ ആലോചിച്ചത് എന്നാണ് സര്‍ക്കാറിന്റെ ഔദ്യോഗിക വിശദീകരണം. സംഘ്പരിവാരവും അവരുടെ സര്‍ക്കാറും ഇന്ത്യന്‍ യൂണിയനിലെ ന്യൂനപക്ഷങ്ങളെ അവഗണിക്കുകയോ അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയോ അവരെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയോ ഒക്കെ ചെയ്യുന്നതിനിടെയാണ് അയല്‍ രാഷ്ട്രങ്ങളിലെ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങളില്‍ ആകുലത രേഖപ്പെടുത്തുന്നത്. അതില്‍ ആത്മാര്‍ഥതക്ക് അപ്പുറത്ത് വൈരം മാത്രമേ കാണാനാകൂ. ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഭൂരിപക്ഷമായ സമുദായത്തിനെതിരെ ഭൂരിപക്ഷ വിഭാഗത്തെ അണിനിരത്തുന്നതിനൊപ്പം ഇതര ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് കൂടി ഒറ്റപ്പെടുത്താനുള്ള ഗൂഢ ബുദ്ധി. അതിലൂടെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാകാനുള്ള സാധ്യതയെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ ബുദ്ധിയും.
തീവ്രവാദ/ഭീകരവാദ ശൃംഖലകളെക്കുറിച്ച് വിവരം ശേഖരിക്കാന്‍ നടത്തുന്ന രഹസ്യ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന നിയമ നിര്‍മാണമാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന രണ്ടാമത്തേത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ ശ്രമിക്കുന്നവരെ തകര്‍ക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ ഇതുവരെ കഴിഞ്ഞില്ലല്ലോ എന്ന ചിന്തയാണ് സ്വാഭാവികമായും ഇവിടെ ഉയരുക. അതിന് ശ്രമിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാറിന് രാജ്യത്തോടുള്ള അകമഴിഞ്ഞ സ്‌നേഹം, ഇതുവരെ ആര്‍ക്കുമുണ്ടായില്ലല്ലോ എന്ന തോന്നലും. പക്ഷേ, യാഥാര്‍ഥ്യം മറിച്ചാണ്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ അരങ്ങേറിയ ഏറ്റുമുട്ടലുകളില്‍ വലിയൊരു പങ്ക് വ്യാജമാണെന്ന ആരോപണം നിലവിലുണ്ട്. സാദിഖ് ജമാല്‍, സുഹ്‌റാബുദ്ദീന്‍ ശൈഖ്, ഇശ്‌റത് ജഹാന്‍ എന്നീ പേരുകളില്‍ പ്രസിദ്ധമായ കേസുകള്‍, നിരപരാധികളെ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിക്കുകയായിരുന്നുവെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. അതില്‍ ആരോപണവിധേയരായവര്‍ നിയമപ്രകാരം ശിക്ഷിക്കപ്പെടുമോ ഇല്ലയോ എന്നതില്‍ സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും.
നരേന്ദ്ര മോദിയെയോ ബി ജെ പിയുടെ ഇതര മുതിര്‍ന്ന നേതാക്കളെയോ ലക്ഷ്യമിട്ടെത്തിയ ലശ്കറെ ത്വയ്യിബ തീവ്രവാദികളെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന വിശദീകരണമാണ് കൊലപാതകം നടന്ന സമയത്ത് പോലീസ് നല്‍കിയിരുന്നത്. നേതാക്കളെ ലക്ഷ്യമിട്ട് ലശ്കറെ ത്വയ്യിബ തീവ്രവാദികള്‍ നുഴഞ്ഞുകയറിയിരിക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ തെളിവായി ഹാജരാക്കപ്പെടുകയും ചെയ്തു. ഇത്തരം റിപ്പോര്‍ട്ടുകള്‍ വ്യാജമായി തയ്യാറാക്കുകയായിരുന്നുവെന്നും നടന്നത് ഏറ്റുമുട്ടലാണെന്ന് തെളിയിക്കാന്‍ കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ ആയുധങ്ങള്‍ നിക്ഷേപിച്ചത് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണെന്നും ആരോപണമുണ്ടായി. ഇതില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി. ഈ ഉദ്യോഗസ്ഥരെ രക്ഷിച്ചെടുക്കേണ്ടത് നരേന്ദ്ര മോദിയുടെയും ബി ജെ പിയുടെ അഖിലേന്ത്യ അധ്യക്ഷന്‍ അമിത് ഷായുടെയും അവരുടെ കീഴിലുള്ള സര്‍ക്കാറിന്റെയും ബാധ്യതയാണ്. അതിന് വേണ്ടിയാണ് പുതിയ നിയമ നിര്‍മാണമെന്ന് തിരിച്ചറിയുമ്പോഴാണ്, ചോരക്കറ പുരണ്ടതാണ് രാജ്യസ്‌നേഹമെന്ന് മനസ്സിലാകുക. വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിക്കാന്‍ പാകത്തില്‍ ‘രഹസ്യ വിവര’ങ്ങള്‍ പ്രദാനം ചെയ്യുന്ന ഉദ്യോഗസ്ഥരെ സൃഷ്ടിക്കാന്‍, ഏറ്റുമുട്ടലുകളുടെ ആധികാരികത ചോദ്യം ചെയ്ത് ഇത്തരം ഉദ്യോഗസ്ഥരുടെ ‘മനോവീര്യം’ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ നിയന്ത്രിക്കാന്‍ ഒക്കെ ഉദ്ദേശിക്കുന്നുണ്ടാകണം സര്‍ക്കാര്‍. രാജ്യ സുരക്ഷക്കെന്ന പേരില്‍ ഭരണകൂടവും അതിന്റെ ആയുധങ്ങളും നടത്തുന്ന നടപടികള്‍ ചോദ്യം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ സൃഷ്ടിക്കുന്നതിനുള്ള നീക്കങ്ങളില്‍ ഒന്നുമാത്രമാകണം ഈ നിയമ നിര്‍മാണ നിര്‍ദേശം.
സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം, രാജ്യത്ത് ചില ഭാഗങ്ങളിലെങ്കിലും നിലവിലുണ്ട്. സംശയം തോന്നുന്നവരെ കസ്റ്റഡിയിലെടുക്കാന്‍, വേണമെങ്കില്‍ ഇല്ലാതാക്കാന്‍ ഒക്കെ അവകാശം സൈനികര്‍ക്ക് നല്‍കുന്ന ഈ നിയമം, ഇത്തരം സംഭവങ്ങളുടെ പേരിലുള്ള നിയമ നടപടികളില്‍ നിന്ന് അവര്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്നു. ഇതിന്റെ മറ്റൊരു പതിപ്പാണ് പുതിയ നിര്‍ദേശത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
സ്വാതന്ത്ര്യം സപ്തതി ആഘോഷിക്കുകയാണ്; ലഭ്യമായ സ്വാതന്ത്ര്യങ്ങളില്‍ ഏതൊക്കെയാണ് പരിമിതപ്പെടുത്തുന്നത്, ഇല്ലാതാക്കപ്പെടുന്നത് എന്നീ സംശയങ്ങള്‍ ശക്തമാകുന്നതിനിടെ. അതിനൊപ്പമാണ് ജനതയെ കൂടുതല്‍ ഭിന്നിപ്പിക്കാനും കൂടുതല്‍ അടിച്ചമര്‍ത്താനും ലക്ഷ്യമിട്ടുള്ള നിയമ നിര്‍മാണത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ഹിന്ദുത്വയുടെ അതിരുകള്‍ക്കുള്ളിലാണ് നിങ്ങളുടെ സ്വാതന്ത്ര്യമെന്ന് നിയമത്തിലും പുറത്തും പറയാന്‍ ശ്രമിക്കുകയാണ് സംഘപരിവാരം. ആ പാരതന്ത്ര്യമാണ് യഥാര്‍ഥ സ്വാതന്ത്ര്യമെന്നും.

LEAVE A REPLY

Please enter your comment!
Please enter your name here