ഇകെ നിരഞ്ജന് ശൗര്യചക്ര; ജേക്കബ് തോമസിന് വിശിഷ്ട സേവാ മെഡല്‍

Posted on: August 14, 2016 6:21 pm | Last updated: August 15, 2016 at 11:19 am

niranjan kumarന്യൂഡല്‍ഹി: എഴുപതാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ധീരതക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ലഫ്റ്റനന്റ് കേണല്‍ ഇകെ നിരഞ്ജന് ശൗര്യചക്ര പുരസ്‌കാരം ലഭിച്ചു. ദേശീയ സുരക്ഷാ സേനയാണ് ധീരതക്കുള്ള പുരസ്‌കാരത്തിന് നിരഞ്ജനെ ശുപാര്‍ശ ചെയ്തത്.

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തില്‍ കെട്ടിവെച്ച സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് നിരഞ്ജന്‍ വീരമൃത്യു വരിച്ചത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് എളുമ്പിലാശ്ശേരി സ്വദേശിയാണ് നിരഞ്ജന്‍.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡല്‍ ലഭിച്ചു. 11 മലയാളി ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡലും ലഭിച്ചിട്ടുണ്ട്. പിഎ വര്‍ഗീസ്, ഇ മോഹനന്‍ നായര്‍, കുരികേശ് മാത്യു, ബി അജിത്, വിവി ത്രിവിക്രമന്‍ നമ്പൂതുരി, കെഎല്‍ അനില്‍, എന്‍ ജയചന്ദ്രന്‍, ആര്‍ മഹേഷ്, എംടി ആന്റണി തുടങ്ങിയവരാണ് മെഡല്‍ ലഭിച്ച മലയാളികള്‍.