ബിജെപിയുമായി സഖ്യത്തിനില്ലെന്ന് മാണി

Posted on: August 14, 2016 5:23 pm | Last updated: August 14, 2016 at 9:17 pm
SHARE

MANIകോട്ടയം: ബിജെപിയുമായി ഒരു സഖ്യവും ഉണ്ടാക്കില്ലെന്ന് കെഎം മാണി. അതേസമയം യുഡിഎഫിലെ ചിലര്‍ ശത്രുക്കള്‍ക്കൊപ്പം നിന്ന് ഗൂഢാലോചന നടത്തിയെന്ന ആരോപണം മാണി ആവര്‍ത്തിച്ചു. കോട്ടയത്ത് നടന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫില്‍ നിന്ന് കൊടുത്ത സ്‌നേഹവും വിശ്വാസവും തിരിച്ച് കിട്ടിയില്ല. ഒപ്പം നിന്നവര്‍ ചതിക്കുകയാണെന്ന് കണ്ടപ്പോഴാണ് യുഡിഎഫ് വിട്ടത്. കേരളാ കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താന്‍ ശ്രമം നടന്നു. ശത്രുക്കള്‍ക്ക് മാന്യത ഉണ്ടാക്കാനാണ് പലരും ശ്രമിച്ചതെന്നും മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസിന് ലഭിക്കുന്ന സ്വീകാര്യതയെ സംശയത്തോടെയാണ് ചിലര്‍ കണ്ടത്. മുന്നണി വിട്ട് ഒറ്റക്ക് നില്‍ക്കാനുള്ള തീരുമാനമെടുത്തത് പാര്‍ട്ടി ഒറ്റക്കെട്ടായാണ്. എല്ലാ മേഖലകളിലും ആലോചിച്ചാണ് തീരുമാനമെടുത്തത്. ഒരു എതിര്‍പ്പും ഉണ്ടായിട്ടില്ലെന്നും മാണി പറഞ്ഞു.