ദളിത് രോഷത്തിന്റെ വോട്ട് സാധ്യതകള്‍

രോഹിത് വെമുലയുടെ സ്വയംഹത്യ ഉയര്‍ത്തി വിട്ട ദളിത് വികാരത്തിന് സാമാന്യ ജനവിഭാഗങ്ങളില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിച്ചില്ല. രോഹിതുമാര്‍ ബൗദ്ധിക രംഗത്ത് അനുഭവിക്കുന്ന വിവേചനം സാധാരണ മനുഷ്യര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകില്ലെന്നത് തന്നെയാണ് പ്രശ്‌നം. എന്നാല്‍ പശു രാഷ്ട്രീയം പകല്‍ പോലെ വ്യക്തതയുള്ളതാണ്. ദളിതന്റെ തൊഴില്‍, ഭക്ഷണം, ഉപജീവനം തുടങ്ങി അസ്ഥിക്ക് തൊടുന്ന പ്രശ്‌നങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് പശുവാദം. ദാദ്രി സംഭവത്തേക്കാള്‍ വിശാലമായ തലം ദളിത് പീഡനത്തിനുണ്ട്. അതുകൊണ്ട് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ എല്ലാ തരം ഇരകളുടെയും ഒന്നിക്കലിന് കളമൊരുക്കുകയാണ് ദളിത് മുന്നേറ്റം ചെയ്യുന്നത്. ഇത് തിരിച്ചറിയാന്‍ മതേതര ലേബലുമായി നില്‍ക്കുന്ന രാഷ്ട്രീയ കക്ഷികള്‍ തയ്യാറാകണം.
Posted on: August 14, 2016 6:26 am | Last updated: August 13, 2016 at 10:59 pm

ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാനപരമായ ദൗര്‍ബല്യം അത് സാമൂഹിക ഘടനയിലെ ഉച്ചനീചത്വത്തെ പൊളിച്ചു പണിയാന്‍ തയ്യാറാകുന്നില്ല എന്നതാണ്. ജാതിവ്യവസ്ഥയെ അത് കൃത്യമായി അഭിമുഖീകരിക്കുന്നില്ല. ജാതി ഒരു യാഥാര്‍ഥ്യമാണെന്ന് അംഗീകരിച്ചുകൊണ്ട് കീഴാളരെ ശാക്തീകരിക്കാനുള്ള ചില ചട്ടപ്പടി പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്. സംവരണം അടക്കമുള്ള സംവിധാനങ്ങള്‍ കീഴാള സമൂഹത്തിന്റെ അന്തസ്സ് ഒട്ടും ഉയര്‍ത്തിയിട്ടില്ല. വിദ്യാഭ്യാസത്തിലും ജോലിയിലും ജനപ്രാതിനിധ്യത്തിലുമുള്ള സംവരണം ഉപയോഗിച്ച് അധികാരത്തിന്റെ ഉന്നതശ്രേണിയില്‍ എത്തിയവര്‍ പോലും കടുത്ത അവഹേളനങ്ങള്‍ക്കിരയാകുകയാണ്. അതിശക്തമെന്ന് വിലയിരുത്തപ്പെടുന്ന ദളിത് പീഡനവിരുദ്ധ നിയമവും അയിത്താചരണവിരുദ്ധ നിയമവുമൊന്നും ജാതിശ്രേണിയില്‍ താഴെ നില്‍ക്കുന്നവരുടെ സാമൂഹിക അവസ്ഥയില്‍ അടിസ്ഥാനപരമായ മാറ്റത്തിന് ഉപകരിച്ചിട്ടില്ല. സ്വതന്ത്ര ഇന്ത്യയുടെ മുന്‍ഗണനകള്‍ നിശ്ചയിച്ച ഗാന്ധിജിയടക്കമുള്ള നേതൃനിരയില്‍ മിക്കവരും ജാതിയെ അനിവാര്യതയായി കണ്ടവരാണ്. അത്‌കൊണ്ട് ചാതുര്‍വര്‍ണ്യത്തില്‍ അധിഷ്ഠിതമായ ജാതിവ്യവസ്ഥയുടെ എല്ലാ ലക്ഷണങ്ങളും ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ആര്‍ക്കും കാണാന്‍ പാകത്തില്‍ ഇന്നും നിലനില്‍ക്കുന്നു. സവര്‍ണരും അവര്‍ണരും ഇഴുകിച്ചേരാനുള്ള സാധ്യതകളെ അടയ്ക്കുന്നതാണ് ഗ്രാമത്തിന്റെ ഘടന. തുകല്‍പ്പണിക്കാരും തോട്ടിപ്പണിക്കാരും ഗ്രാമത്തിന്റെ പുറമ്പോക്കിലാണ് ജീവിക്കുന്നത്. തകഴിയുടെ തോട്ടിയുടെ മകനില്‍ പറയുന്നത് പോലെയുള്ള തുടര്‍ച്ചകളാണ് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. ജാതിയുടെ ചാക്രിക പ്രവാഹത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ഒരു കീഴാളനും സാധ്യമല്ല. ഇങ്ങനെ ചില ചാട്ടങ്ങളാണ് പ്രണയത്തില്‍ സംഭവിക്കാറുള്ളത്. അത്തരം പ്രണയങ്ങള്‍ക്ക് കിട്ടുന്ന ശമ്പളം ദുരഭിമാന കൊലകളാണ്. മതപരിവര്‍ത്തനത്തിന്റെ സ്വച്ഛതയിലേക്കും അന്തസ്സിലേക്കും സഞ്ചരിച്ചവരെ ഘര്‍വാപസി നടത്തിയും ഒറ്റപ്പെടുത്തിയും തിരിച്ചു കൊണ്ടുവരും. കോരന് കുമ്പിളില്‍ തന്നെ കഞ്ഞി. പശു സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്താകെ നടക്കുന്ന ദളിത് ആക്രമണങ്ങളെ ഈ വിശാലമായ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്.

സ്വാതന്ത്ര്യത്തിന്റെ ഒരു ആണ്ടറുതി കൂടി മധുരം നുണഞ്ഞും ദേശസ്‌നേഹ പ്രതിജ്ഞകള്‍ പുതുക്കിയും ആഘോഷിക്കുമ്പോള്‍ അത്യന്തം ഗൗരവപൂര്‍വം ആലോചിക്കേണ്ടത് നിലവിലെ രാഷ്ട്രീയ ബലാബലം ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും മതനിരപേക്ഷവാദികള്‍ക്കും അനുകൂലമായി പൊളിച്ചു പണിയേണ്ടതിനെക്കുറിച്ചാണ്. വര്‍ഗീയ രാഷ്ട്രീയത്തിന് ആധിപത്യം ലഭിക്കുമ്പോള്‍ രാജ്യം എങ്ങോട്ടാണ് പോകുകയെന്ന് നരേന്ദ്ര മോദി സര്‍ക്കാറിന്റെ രണ്ടു വര്‍ഷങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ നേതൃത്വത്തിനോ നിയന്ത്രിക്കാനാകാത്ത വിധം തീവ്രവലതുപക്ഷ, ഹിന്ദുത്വ വാദികള്‍ ശിഥിലീകരണ ദൗത്യം നിര്‍വഹിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും ഇതുണ്ടാക്കുന്ന അന്യവത്കരണം പുറമേ കാണുന്നതിനേക്കാള്‍ എത്രയോ ഭീകരമാണ്. അത്‌കൊണ്ട് ഈ രാഷ്ട്രീയ അന്തരീക്ഷം മാറിയേ തീരൂ. കോണ്‍ഗ്രസിനെ ശാക്തീകരിക്കുകയെന്ന ലളിത യുക്തിയാണോ അതിന് മറുപടി? ചരിത്രത്തിലുടനീളം മൃദു ഹിന്ദുത്വ സമീപനം പുലര്‍ത്തുകയും മറ്റ് മതേതര പാര്‍ട്ടികളെപ്പോലെ സവര്‍ണാധിപത്യം നിലനില്‍ക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് പാതി ഉത്തരം മാത്രമാണ്. മറിച്ച് ഇരകളുടെ നിരുപാധികമായ ഐക്യപ്പെടലാണ് സംഭവിക്കേണ്ടത്. അതിന്റെ ആത്യന്തിക ഫലം വര്‍ഗീയ കക്ഷികളെ സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയെന്നതായിരിക്കണം. അത്തരമൊരു ഐക്യപ്പെടല്‍ സെക്യുലര്‍ പാര്‍ട്ടികളുടെ നയസമീപനങ്ങളില്‍ കാര്യമായ തിരുത്തലുകള്‍ വരുത്തുമെന്നുറപ്പാണ്.
ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും ഭീകരമായ ആവിഷ്‌കാരം മുസ്‌ലിംകള്‍ക്കും മറ്റ് മത ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളാണെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്. വംശഹത്യയുടെ മാരകമായ തലമുള്ളത് കൊണ്ടും രാഷ്ട്രീയമായ പ്രഹര ശേഷി പൂര്‍ണമായി വിനിയോഗിക്കപ്പെടുന്നത് മതന്യൂനപക്ഷങ്ങള്‍ക്കെതിരെയായത് കൊണ്ടും ഈ വിലയിരുത്തല്‍ കൃത്യമാണ്. പക്ഷേ, ഹിന്ദുത്വത്തിന്റെ ശത്രുപ്പട്ടികയില്‍ ദളിതുകളും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നുവെന്ന വസ്തുത കാണാതെ പോകരുത്. ദളിതുകള്‍ ഹിന്ദുത്വത്തിന് ഉന്‍മൂലനം ചെയ്യപ്പെടേണ്ട വിഭാഗമല്ലെന്ന് മാത്രം. ജാതി ശ്രേണിയുടെ താഴേത്തട്ടില്‍ അവര്‍ വേണം. ഉന്നത ശ്രേണിയിലുള്ളവരെ സേവിക്കാനുള്ളവരാണ് അവര്‍. എല്ലു മുറിയെ പണിതാല്‍ മാത്രമേ അവന്‍ തിന്നാവൂ. അവന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുത്. നിശ്ചയിക്കപ്പെട്ട ഇടങ്ങളിലേ അവനെ കാണാവൂ. സവര്‍ണനെ പരിചരിക്കുകയെന്നതും അവര്‍ ഉത്പാദിപ്പിക്കുന്ന അഴുക്ക് കോരുകയെന്നതും തന്റെ കര്‍മമായി കരുതി ദളിതന്‍ സന്തോഷപൂര്‍വം സദാ ‘അനുഷ്ഠിച്ചു’ കൊള്ളണം.

വോട്ടിന് അയിത്തമില്ല
ഇത്രമേല്‍ വിചിത്രമായി, ക്രൂരമായി മാറ്റി നിര്‍ത്തപ്പെടുന്ന ദളിതന്റെ വോട്ടിന് സവര്‍ണ വോട്ടിനോളം തന്നെ വിലയുണ്ട് എന്നതിനാല്‍ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ രൂപമായ ബി ജെ പിക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് ദളിതനെ ഒഴിച്ചു നിര്‍ത്താനാകില്ല. തീര്‍ത്തും അഹിന്ദുവായ ദളിതനിലേക്ക് ഹിന്ദു വികാരം കടത്തി വിടാന്‍ കലാപങ്ങളെയും അന്യമത ദ്വേഷത്തെയുമാണ് സംഘ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എക്കാലത്തും ഉപയോഗിച്ചിട്ടുള്ളത്. യു പിയിലും ഗുജറാത്തിലും ഈ തന്ത്രം ഏറ്റവും കൃത്യമായി നടപ്പാക്കിയതിന്റെ ഭാഗമായാണ് അവിടങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ബി ജെ പിക്ക് സാധിച്ചത്. പക്ഷേ, ഈ രണ്ട് സംസ്ഥാനങ്ങളിലും ഇപ്പോള്‍ അരങ്ങേറുന്ന ദളിത് മുന്നേറ്റം സംഘ് രാഷ്ട്രീയത്തിന് വലിയ പരുക്കേല്‍പ്പിക്കുമെന്നുറപ്പാണ്. യു പിയിലായിരിക്കും വലിയ അട്ടിമറി നടക്കുക.
ഗുജറാത്തിലെ ഗീര്‍ സോമനാഥ് ജില്ലയിലെ ഉനയില്‍ നിന്നാണ് ആ കൊടുങ്കാറ്റ് തുടങ്ങിയത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വന്‍മരങ്ങളെ കടപുഴകിയെറിയാന്‍ ശേഷിയുള്ള ആ പ്രക്ഷോഭത്തിര രാജ്യത്താകെ ആഞ്ഞടിക്കുകയാണ്. ഗുജറാത്തില്‍ മാത്രമല്ല, അടുത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശിലും ബി ജെ പിക്ക് വന്‍ തിരിച്ചടിയൊരുക്കാന്‍ ഈ പ്രക്ഷോഭത്തിന് ശക്തിയുണ്ട്. തുകല്‍പ്പണിക്കാരായ ദളിത് യുവാക്കള്‍ ചത്ത പശുവിന്റെ തോലുരിയുകയായിരുന്നു. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇത്. അവരുടെ ജാതി അവരില്‍ അടിച്ചേല്‍പ്പിച്ച ജോലിയാണത്. എന്നാല്‍, പശു സംരക്ഷകരെന്ന് സ്വയം വിശേഷിപ്പിച്ച് കാവിക്കുറിയും പൂശി, കണ്ണില്‍ ക്രൗര്യവുമായി നടക്കുന്നവര്‍ക്ക് ചത്ത പശു ജീവനുള്ള പശുവായി. ഗോമാതാവായി. ദളിത് യുവാക്കള്‍ പശു ഹത്യക്കാരായി, അമ്മയെ കൊന്നവരായി. ഗുജറാത്ത് ഇന്ത്യയിലായതിനാല്‍ അവിടെയും നിയമം നടപ്പാക്കാന്‍ പോലീസും മറ്റ് ക്രമസമാധാന സംവിധാനങ്ങളുമുണ്ട്. പക്ഷേ, കേന്ദ്ര- സംസ്ഥാന ഭരണത്തിന്റെ ഹുങ്കില്‍ മതിമറന്നിരിക്കുന്ന സവര്‍ണ ഗുണ്ടകള്‍ സത്വരം പോലീസും പട്ടാളവും കോടതിയുമായി. ദളിതരെ ക്രൂരമായി മര്‍ദിച്ച് മൃതപ്രായരാക്കി. സാധാരണഗതിയില്‍ ഒരു പ്രതിരോധവും ഉണ്ടാകാതെ ഒടുങ്ങിപ്പോകാമായിരുന്ന സംഭവം ഇത്തവണ വലിയ പ്രതിഷേധത്തീ പടര്‍ത്തി. ഉനയില്‍ ദളിത് യുവാക്കള്‍ സംഘടിച്ച് കൂറ്റന്‍ പ്രതിഷേധ പ്രകടനം നടത്തി. ഏഴ് ദളിത് യുവാക്കളെ നഗ്‌നരാക്കി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം കത്തിപ്പടര്‍ന്നത്. പ്രക്ഷോഭകാരികളില്‍ 11 യുവാക്കള്‍ ആത്മാഹുതി ശ്രമം നടത്തി. ജൂലൈ 20ന് വിവിധ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് ഗുജറാത്തിലെ നല്ലൊരു ഭാഗം നിശ്ചലമാക്കി. ഗീര്‍സോമനാഥ് ജില്ല ഉള്‍പ്പെടുന്ന സൗരാഷ്ട്ര മേഖലയിലും വടക്കന്‍ ഗുജറാത്തിലും ബന്ദ് പൂര്‍ണമായിരുന്നു. അഹമ്മദാബാദില്‍ പോലും സവര്‍ണ ഹിന്ദുത്വത്തിനെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്. തൊഴില്‍ സാധ്യതയുടെയും വ്യവസായിക വികസനത്തിന്റെയും ഉജ്ജ്വല പ്രതീകമായി ഉയര്‍ത്തിക്കാട്ടപ്പെട്ട ഗുജറാത്തിന്റെ യഥാര്‍ഥ മുഖം അനാവരണം ചെയ്യുകയായിരുന്നു ദളിത് പ്രക്ഷോഭം.
പഴയ പോലെയല്ല
സാധാരണഗതിയില്‍ ദളിത് വിഷയമുയര്‍ത്തി രംഗത്ത് വരാറുള്ളത് അവര്‍ക്ക് പുറത്തുള്ള സന്നദ്ധ സംഘടനകളും ആക്ടിവിസ്റ്റുകളുമാണെങ്കില്‍ ഇത്തവണ ദളിതുകള്‍ നേരിട്ടിറങ്ങിയെന്നതാണ് ഈ പ്രക്ഷോഭത്തെ സവിശേഷമാക്കുന്നത്. വിദ്യാസമ്പന്നരും അല്ലാത്തവരുമായ ദളിത് യുവാക്കള്‍ കൂട്ടം കൂട്ടമായി തെരുവിലിറങ്ങി. എല്ലാ ദുരിതങ്ങള്‍ക്കും കാരണമായി അന്യമതസ്ഥനെ ചൂണ്ടിക്കാണിച്ച് തന്ന് വര്‍ഗീയ വിദ്വേഷം കത്തിച്ച് തങ്ങളെ ഹിന്ദുത്വ രാഷ്ട്രീയത്തോടൊപ്പം അണിനിരത്തുകയായിരുന്നുവെന്ന് ദളിതരിലെ പുതിയ തലമുറ തിരിച്ചറിയുന്നു. പതിറ്റാണ്ടുകളായി സംഘ് നേതാക്കള്‍ നടത്തിയ തന്ത്രപരമായ പ്രചാരണങ്ങളുടെയും ഹിന്ദുവത്കരണത്തിന്റെയും ഇരകളായിരുന്നു തങ്ങളെന്ന തിരിച്ചറിവ് അവരില്‍ സമരാവേശം നിറയ്ക്കുന്നു. ഗുജറാത്ത് വംശഹത്യയില്‍ വിറകുകളായിത്തീര്‍ന്നത് ആര്‍ക്കു വേണ്ടിയായിരുന്നുവെന്ന് അവര്‍ ചോദിക്കുന്നു. ദളിതരുടെ രാഷ്ട്രീയ ശക്തി ഇത്രകാലം പാഴായിപ്പോയെന്നും അവര്‍ക്കിടയിലെ വിദ്യാസമ്പന്നര്‍ വിലയിരുത്തുന്നു. ഈ തിരിച്ചറിവ് നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഗുജറാത്തിലും ഉത്തര്‍പ്രദേശിലും വലിയ ചലനങ്ങള്‍ സൃഷ്ടിക്കും. ബി ജെ പിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. വരുതിയില്‍ നില്‍ക്കാത്ത ദളിതരുടെ വോട്ടുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യുക, വോട്ട് ചെയ്യാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പതിവ് ഷോര്‍ട്ട് കട്ടുകള്‍ വഴി ഈ മുന്നേറ്റത്തെ തടയാന്‍ കഴിയില്ല. ഗുജറാത്തില്‍ മൊത്തം ജനസംഖ്യയുടെ ഏഴ് ശതമാനം മാത്രമാണ് വങ്കാര്‍, ചമാര്‍, ഗറോദാ, മഹ്യാവംശി, വാല്‍മീകി തുടങ്ങിയ ദളിത് വിഭാഗങ്ങള്‍. ഇവരാകെക്കൂടി ഒറ്റ ബ്ലോക്കായി നിന്നാല്‍ പോലും ബി ജെ പിയുടെ സാധ്യതകളെ വലിയ തോതില്‍ ബാധിക്കില്ലെന്നാണ് ചിലര്‍ വിലയിരുത്തുന്നത്. ഈ വാദം അംഗീകരിച്ചാല്‍ തന്നെ ഗുജറാത്തിലെ ദളിത് മുന്നേറ്റം ദേശീയതലത്തില്‍ ഉണ്ടാക്കുന്ന സ്വത്വരാഷ്ട്രീയ അവബോധം വിലകുറച്ച് കാണാനാകില്ലല്ലോ.

ജിഗ്നേഷ് മേവാനിയാണ് ഗുജറാത്തിലെ ദളിത് പ്രക്ഷോഭത്തിന്റെ മുഖമായി ഉയര്‍ന്നു വന്നിരിക്കുന്നത്. 35കാരനായ അദ്ദേഹം നിയമബിരുദധാരിയും പത്രപ്രവര്‍ത്തകനും വിവിധ തുറകളിലെ സമരങ്ങളില്‍ പങ്കെടുത്ത ആക്ടിവിസ്റ്റുമാണ്. കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തനിക്കുണ്ടെന്ന് തുറന്ന് പറയുന്ന മേവാനി ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയില്‍ അംഗമാണ്. പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയില്‍ മേവാനി തന്നെയാകുമോ നേതാവെന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍ പട്ടേല്‍ വിഭാഗത്തില്‍ നിന്ന് ഹര്‍ദിക്കും ഒ ബി സി വിഭാഗത്തില്‍ നിന്ന് അല്‍പേഷ് ഠാക്കൂറും ഉയര്‍ന്നു വരുമ്പോള്‍ ദളിതുകള്‍ക്ക് മുന്നോട്ട് വെക്കാവുന്ന യുവ നേതൃത്വം തന്നെയാണ് മേവാനി.

പട്ടേല്‍ വിഭാഗത്തിന്റെ സംവരണ പ്രക്ഷോഭവും ഒ ബി സി വിഭാഗത്തിന്റെ ചെറുത്തു നില്‍പ്പും ഗുജറാത്തിലെ യുവാക്കള്‍ എങ്ങനെ ചിന്തിക്കുന്നുവെന്നാണ് വ്യക്തമാക്കുന്നത്. അവര്‍ അതൃപ്തരാണ്. തൊഴില്‍ രാഹിത്യം രൂക്ഷമാണ്. ഒരര്‍ഥത്തില്‍ ദളിത് പ്രക്ഷോഭവും ഈ അതൃപ്തിയുടെ തുടര്‍ച്ചയാണ്. പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങളും അനുബന്ധ സംഘര്‍ഷങ്ങളും ഇക്കാലമത്രയും പാടിപ്പതിഞ്ഞ വലിയ നുണകളെയാണ് അടിച്ചു തകര്‍ക്കുന്നത്.

ഈ സ്ഥിതിവിശേഷം മറ്റാരേക്കാളും നന്നായി നരേന്ദ്ര മോദിയും അമിത് ഷായും മനസ്സിലാക്കുന്നുണ്ട്. അത്‌കൊണ്ടാണ് തന്റെ അരുമ അനുയായി ആനന്ദി ബെന്‍ പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മോദി മാറ്റിയത്. മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഉത്തുംഗത്തിലേക്ക് ഉയര്‍ത്തപ്പെട്ടപ്പോള്‍ മോദിക്ക് പകരക്കാരിയാകാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് ആനന്ദി ബെന്‍. പോരാത്തതിന് പട്ടേല്‍ സമുദായാംഗവും. അവരെയാണ് ബി ജെ പി കൈയൊഴിഞ്ഞിരിക്കുന്നത്. ആര് പറഞ്ഞാലും നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന മോദി ഇത്തരമൊരു വിട്ടുവീഴ്ചക്ക് തയ്യാറായെന്നത് പ്രശ്‌നത്തിന്റെ സങ്കീര്‍ണത വെളിവാക്കുന്നു. ബി ജെ പിയുടെ പ്രധാന വോട്ട് ബേങ്കായ പട്ടേല്‍ വിഭാഗം സംവരണം ആവശ്യപ്പെട്ട് നടത്തിവരുന്ന പ്രക്ഷോഭം പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പട്ടേല്‍ പ്രക്ഷോഭത്തെ കൈകാര്യം ചെയ്തതില്‍ ആനന്ദി ബെന്‍ പട്ടേല്‍ വലിയ വിമര്‍ശങ്ങളേറ്റു വാങ്ങിയിരുന്നു. സത്യത്തില്‍ അതിന് അവരെ പഴിച്ചിട്ട് കാര്യമില്ല. ആര്‍ എസ് എസ് നേതൃത്വം പറയുന്നു; അവര്‍ അനുസരിക്കുന്നുവെന്നേ ഉള്ളൂ.

സംവരണം എന്ന സംവിധാനത്തിനോട് തന്നെ താത്പര്യമില്ലാത്ത ആര്‍ എസ് എസ്, പട്ടേല്‍ പ്രക്ഷോഭത്തിന് മുന്നില്‍ വഴങ്ങേണ്ടതില്ലെന്ന് മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. സമര നേതാവ് ഹര്‍ദിക് പട്ടേലിനെ പിടിച്ച് ജയിലിലിടുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതോടെ ഹര്‍ദിക്കും സമാന്തരമായി സമരം ചെയ്യുന്ന മറ്റ് പട്ടേല്‍ ഗ്രൂപ്പുകളുടെ നേതാക്കളും വലിയ ജനകീയ പിന്തുണയാര്‍ജിച്ചു. ഇത് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ പട്ടേലുകള്‍ക്ക് പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ചു. പക്ഷേ, ആ ഓര്‍ഡിനന്‍സ് കോടതി റദ്ദാക്കി.

അപ്പോള്‍ തന്നെ ആനന്ദി ബെന്‍ പട്ടേലിന്റെ കസേര ഇളകിയതാണ്. ദളിത് പ്രക്ഷോഭത്തോടെ ആനന്ദിയുടെ ബലി അനിവാര്യമായി മാറുകയായിരുന്നു. പകരം കൊണ്ടു വന്നിരിക്കുന്നത് വിജയ് രൂപാനിയെയാണ്. പട്ടേല്‍ സമുദായത്തില്‍ നിന്നായിരിക്കും പകരക്കാരനെന്നാണ് പൊതുവേ വിലയിരുത്തപ്പെട്ടത്. ആര്‍ എസ് എസ് നേരിട്ട് കാര്യങ്ങള്‍ തീരുമാനിച്ചപ്പോള്‍ അടിമുടി സ്വയം സേവകനായ രൂപാനിക്ക് നറുക്ക് വീണു. ഈ തലമാറ്റം പ്രതിച്ഛായാ പുനര്‍നിര്‍മാണത്തിന്റെ ആദ്യപടിയാണ്. സാഹചര്യങ്ങള്‍ മുതലാക്കാന്‍ കോണ്‍ഗ്രസ് തുടങ്ങിക്കഴിഞ്ഞാല്‍ പിറകേ വരും പലതരം തന്ത്രങ്ങള്‍. കര്‍ണാടകയിലും ഹരിയാനയിലും തമിഴ്‌നാട്ടിലും ദളിത് ആക്രമണങ്ങള്‍ നിരന്തരം നടന്നിട്ടും ബി എസ് പി മേധാവി മായാവതിയെ യു പിയിലെ മുതിര്‍ന്ന നേതാവ് ദയാശങ്കര്‍ സിംഗ് വേശ്യയെന്ന് വിളിച്ച് അധിക്ഷേപിച്ചിട്ടും പാര്‍ലിമെന്റില്‍ ഇക്കാര്യങ്ങള്‍ പ്രതിപക്ഷം ശക്തമായി ഉന്നയിച്ചിട്ടും ഒരക്ഷരം പ്രതികരിക്കാതിരുന്ന മോദി ഇക്കഴിഞ്ഞ ദിവസം വാ തുറന്നത് പരുക്കു തീര്‍ക്കല്‍ പ്രക്രിയയുടെ ഭാഗമാണ്.

‘ദളിതുകളെ ആക്രമിക്കേണ്ടവര്‍ എന്നെ ആക്രമിക്കൂ’ എന്ന് വൈകാരികമായി പറഞ്ഞ പ്രധാനമന്ത്രി വ്യാജ പശു സംരക്ഷകരെ രൂക്ഷമായി കടന്നാക്രമിക്കുകയും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. പക്ഷേ, ഈ കണ്ണുരുട്ടല്‍ പശുവാദി ക്രിമിനല്‍ സംഘങ്ങളോട് കണ്ണിറുക്കി കാണിച്ച ശേഷമാണെന്ന് മതേതര ഇന്ത്യ തിരിച്ചറിയുന്നുണ്ട്. പശു സംരക്ഷണ വേഷമണിഞ്ഞവരെ മുഴുവന്‍ അദ്ദേഹം തള്ളിപ്പറയുന്നില്ല. അതില്‍ നാലില്‍ ഒന്നു പേര്‍ കുഴപ്പക്കാരല്ലെന്ന സാക്ഷ്യപത്രം അദ്ദേഹം നല്‍കുന്നുണ്ട്.

ഇരകളുടെ ഐക്യം
രോഹിത് വെമുലയുടെ സ്വയംഹത്യ ഉയര്‍ത്തി വിട്ട ദളിത് വികാരത്തിന് സാമാന്യ ജനവിഭാഗങ്ങളില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിച്ചില്ല. രോഹിതുമാര്‍ ബൗദ്ധിക രംഗത്ത് അനുഭവിക്കുന്ന വിവേചനം സാധാരണ മനുഷ്യര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകില്ലെന്നത് തന്നെയാണ് പ്രശ്‌നം. എന്നാല്‍, പശു രാഷ്ട്രീയം പകല്‍ പോലെ വ്യക്തതയുള്ളതാണ്. ദളിതന്റെ തൊഴില്‍, ഭക്ഷണം, ഉപജീവനം തുടങ്ങി അസ്ഥിക്ക് തൊടുന്ന പ്രശ്‌നങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് പശുവാദം. ദാദ്രി സംഭവത്തേക്കാള്‍ വിശാലമായ തലം ദളിത് പീഡനത്തിനുണ്ട്. അതുകൊണ്ട് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ എല്ലാ തരം ഇരകളുടെയും ഒന്നിക്കലിന് കളമൊരുക്കുകയാണ് ദളിത് മുന്നേറ്റം ചെയ്യുന്നത്. ഇത് തിരിച്ചറിയാന്‍ മതേതര ലേബലുമായി നില്‍ക്കുന്ന രാഷ്ട്രീയ കക്ഷികള്‍ തയ്യാറാകണം.