റേഡിയേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ മൊബൈല്‍ ഫോണിന് പിന്ന് ചാണകം തേച്ചാല്‍ മതിയെന്ന് ഗോ രക്ഷാ നേതാവ്

Posted on: August 7, 2016 7:01 pm | Last updated: August 7, 2016 at 7:01 pm

shankar-lalആഗ്ര: മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ തടയാന്‍ ഫോണില്‍ ചാണകം തേച്ചാല്‍ മതിയെന്ന് ആര്‍എസ്എസിന്റെ അഖില ഭാരതീയ ഗോരക്ഷാ പ്രമുഖ് ശങ്കര്‍ ലാല്‍. താന്‍ ഓരോ ആഴ്ചയും മൊബൈല്‍ ഫോണിലെ ചാണകം മാറ്റുമെന്നും തന്റെ സംഘത്തിലെ എല്ലാവരും ഇത്തരത്തില്‍ ചെയ്യാറുണ്ടന്നും അദ്ദേഹം പറയുന്നു. തങ്ങള്‍ ഗോമൂത്രവും ചാണകത്തില്‍ നിന്നും സ്വാംശീകരിച്ചെടുക്കുന്ന വസ്തുക്കളും കുടിക്കാറുണ്ട്. അതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നും ഗോരക്ഷാ പ്രമുഖ് പറഞ്ഞു.

ശുദ്ധമായ പശുവിന്‍ ചാണകമാണ് തന്റെ ഫോണിലുള്ളത്. സെല്‍ഫോണിന്റെ ദോഷകരമായ റേഡിയേഷനില്‍ നിന്നും രക്ഷനേടാനാണ് ഇത് ഉപയോഗിക്കുന്നത്. പശു ഞങ്ങളുടെ മാതാവാണ്. അതിന്റെ വിസര്‍ജ്യങ്ങളായ ചാണകത്തിനും മൂത്രത്തിനും മനുഷ്യനെ ഏതു രോഗത്തില്‍ നിന്നും സംരക്ഷിക്കാനുള്ള ശക്തിയുണ്ട്. ചാണകം കൊണ്ട് കാന്‍സര്‍ മാറ്റാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് സെല്‍ഫോണിന്റെ വികിരണങ്ങളില്‍ നിന്നും സംരക്ഷിച്ചുകൂടായെന്നും അദ്ദേഹം ചോദിക്കുന്നു.

സാധാരണ പ്രസവത്തിനായി ഗര്‍ഭിണികള്‍ക്ക് ചാണകവും ഗോമൂത്രവും കഴിക്കാന്‍ നല്‍കാറുണ്ട്. ചാണകം ഉപയോഗിച്ചാണ് തങ്ങള്‍ എല്ലാ രോഗവും ചികിത്സിച്ചു ഭേദമാക്കാറുള്ളത്, ഇന്ത്യന്‍ പശുക്കളുടെ ചാണകത്തിനു മാത്രമാണ് ഈ ഗുണങ്ങളൊക്കെ ഉള്ളതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.