ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആറ് ദിവസത്തെ പുസ്തകോത്സവത്തിന് നാളെ തുടക്കം

Posted on: August 7, 2016 12:00 pm | Last updated: August 7, 2016 at 12:33 pm
SHARE

കോഴിക്കോട്: കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആറ് ദിവസം നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവത്തിന് നാളെ തുടക്കമാവും. വൈകീട്ട് നാലിന് കോഴിക്കോട് പോലീസ് ക്ലബ് ഹാളില്‍ പുരുഷന്‍ കടലുണ്ടി എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയരക്ടര്‍ പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിക്കും. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ‘ആരോഗ്യ വിവരസാങ്കേതികവിദ്യ’ എന്ന പുസ്തകം കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി പി ശശിധരന്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ എം ഡി. ഡോ. കെ ജി അലക്‌സാണ്ടറിന് നല്‍കി പ്രകാശനം ചെയ്യും.
ഡോ. കെ പി മോഹനന്‍ ആശംസകളര്‍പ്പിക്കും. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് റിസര്‍ച്ച് ഓഫീസര്‍ സി അശോകന്‍ പുസ്തക പരിചയം നടത്തും.
വിവരസാങ്കേതിക വിദ്യ ആരോഗ്യമേഖലയില്‍ പ്രാവര്‍ത്തികമാക്കുന്നത് എങ്ങനെയെന്നും ഇ-ഹെല്‍ത്ത്, എം-ഹെല്‍ത്ത്, ടെലിമെഡിസിന്‍, നഴ്‌സിംഗ് ഇന്‍ഫര്‍മാറ്റിക്‌സ്, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് സിസ്റ്റം എന്നിവയെക്കുറിച്ചുള്ള പ്രഭാഷണവും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിക്കും.
ഈമാസം 13 വരെ നീളുന്ന പുസ്തകോത്സവത്തില്‍ നാലായിരത്തിലേറെ ശീര്‍ഷകങ്ങളിലുള്ള പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 9.30 മുതല്‍ വൈകീട്ട് ഏഴ് വരെ നടക്കുന്ന മേളയില്‍ 20 മുതല്‍ 60 വരെ ശതമാനം വിലക്കിഴിവില്‍ പുസ്തകങ്ങള്‍ ലഭ്യമാവും.

LEAVE A REPLY

Please enter your comment!
Please enter your name here