ഹജ്ജ് കര്‍മത്തിന്റെ ലക്ഷ്യങ്ങള്‍ മാറിമറിയുന്നത് ഹജ്ജിന് ഉദ്ദേശിക്കുന്നവര്‍ ഗൗരവമായി കാണണം: ഖലീല്‍ തങ്ങള്‍

Posted on: August 7, 2016 12:17 pm | Last updated: August 7, 2016 at 12:17 pm

KHALEEL THANGALഫറോക്ക്: മുസ്‌ലിംങ്ങളുടെ ആരാധനകളില്‍ പ്രധാനപ്പെട്ട വിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ ലക്ഷ്യങ്ങള്‍ മാറിമറിയുന്നത് ഹജ്ജിന് ഉദ്ധേശിക്കുന്നവര്‍ ഗൗരവമായി കാണണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി കടലുണ്ടി അഭിപ്രായപ്പെട്ടു. ചാലിയം ക്രസന്റ് പബ്ലിക് സ്‌കൂളില്‍ സുന്നീ വെല്‍ഫയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സംസ്ഥാന തല ദിദ്വിന ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രാര്‍ത്ഥന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹജ്ജ് യാത്രയെ സ്റ്റഡി ടൂര്‍ പോലയോ കുടുംബ സന്ദര്‍ശന യാത്രയായോ ഹാജി എന്ന പേര് ലഭിക്കാനോ ആയി കാണരുതെന്നും പ്രപഞ്ച നാഥന്റെ വിളിക്കുത്തരം നല്‍കി അവനെ മാത്രം ലക്ഷ്യം വെച്ചുള്ളതായിരിക്കണമെന്നും ഖലീല്‍ തങ്ങള്‍ പറഞ്ഞു.
ഇസ്‌ലാമിലെ മറ്റു ആരാധന കര്‍മങ്ങളില്‍ നിന്ന് ഹജ്ജ് വ്യത്യസ്തമാകുന്നത് പരസ്യമായ ആരാധന രൂപമായതിനാലാണ്. ഇത് കൊണ്ടുതന്നെയാണ് ഹജ്ജ് കര്‍മങ്ങളിലെ ലക്ഷ്യങ്ങള്‍ മാറിമറിയാന്‍ കാരണമാകുന്നതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. പൂര്‍വികരില്‍ ഒരു വലിയ വിഭാഗം ശവ്വാല്‍ ഒന്ന് മുതല്‍ ഹജ്ജിന് നിയ്യത്ത് ചെയ്ത് തങ്ങളുടെ ലക്ഷ്യവും മാര്‍ഗവും ശരിയായ വഴിയിലാക്കിയിട്ടുണ്ടായിരുന്നെന്നും ഖലീല്‍ തങ്ങള്‍ ഓര്‍മിപ്പിച്ചു.
ചടങ്ങില്‍ കേരള മുസ്‌ലിം ജമാഅത്ത് സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ സെക്രട്ടറി എ പി അബ്ദുല്‍ കരീം ഹാജി അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മൗല അസ്സഖാഫി, ചാലിയം മുദരിസ്സ് പകര മുഹമ്മദ് അഹ്‌സനി, ഖത്വീബ് മുഹമ്മദ് ബശീര്‍ സഖാഫി കാമിലി മാവൂര്‍, എ പി മുഹമ്മദ് കോയ ഹാജി, എം വി ബാവ സാഹിബ്, എം സി എം ഹനീഫ ഹാജി, കേന്ദ്ര ഹജ്ജ് കമ്മറ്റി അംഗം ഇ ടി മുഹമ്മദ് ബശീര്‍, സ്ഥലം എം എല്‍ എ വി കെ സി മുഹമദ് കോയ, എസ് എം അബ്ദുല്‍ ജബ്ബാര്‍, ഡോ. ടി എ അബ്ദുല്‍ അസീസ് എന്നിവര്‍ പ്രസംഗിച്ചു. അക്ബര്‍ ട്രാവല്‍സ് ഹജ്ജ് ട്രൈയ്‌നര്‍ അസിസ് ദാരിമി ക്ലാസെടുത്തു.
ദ്വിദ്വിന ഹജ്ജ് ക്യാമ്പ് ഇന്ന് വൈകിട്ട് അഞ്ചിന് സമാപന സംഗമത്തോടെ സമാപിക്കും.