ബീഹാര്‍ ശരിയുടെ വഴിയില്‍, അല്‍പ്പം കാര്‍ക്കശ്യത്തോടെ

ബീഹാറില്‍ പുതിയ നിയമം വന്നതോടെ മദ്യവും ലഹരി പദാര്‍ഥങ്ങളും ഉപയോഗിക്കുന്നവരെയും കടത്തുന്നവരെയും കാത്തിരിക്കുന്നത് കടുത്ത ശിക്ഷകളാണ്. വീടുകളിലും പരിസരങ്ങളിലും സൂക്ഷിച്ചതായി തെളിഞ്ഞാല്‍ ഇതേക്കുറിച്ച് അറിവുണ്ടായിരുന്ന വീട്ടിലെ മുഴുവന്‍ മുതിര്‍ന്ന അംഗങ്ങള്‍ക്കും പത്ത് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ഉറപ്പാണ്. മദ്യവും ലഹരി വസ്തുക്കളും കടത്താന്‍ വാഹനങ്ങളും ഉപകരണങ്ങളും വിട്ടുനല്‍കുന്നവര്‍ ഇനി രണ്ടുവട്ടം ആലോചിക്കണം. മദ്യം കടത്തിയവരുടെ അതേ ശിക്ഷ വാഹന ഉടമക്കും ലഭിക്കും. മദ്യപാനത്തിന് സൗകര്യം ചെയ്തുകൊടുക്കുന്ന സ്ഥല ഉടമകളും ഉത്തരവാദിയായിരിക്കും. സ്ത്രീകളെയും കുട്ടികളെയും മദ്യം കടത്താനോ സൂക്ഷിക്കാനോ പ്രേരിപ്പിച്ചാല്‍ പ്രേരിപ്പിച്ചവര്‍ക്ക് ജീവപര്യന്തം തടവാണ് ശിക്ഷ.
Posted on: August 3, 2016 6:07 am | Last updated: August 3, 2016 at 12:08 am

artists support ban of liquorബീഹാറില്‍ സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കാനുള്ള നിതീഷ്‌കുമാര്‍ സര്‍ക്കാറിന്റെ തീരുമാനം വിപ്ലവകരമെന്നു വേണം വിശേഷിപ്പിക്കാന്‍. ബീഹാര്‍ പോലെ ദാരിദ്ര്യമനുഭവിക്കുന്ന ഒരു സംസ്ഥാനം 6000 കോടി രൂപയുടെ വരുമാനമാണ് പുതിയ തീരുമാനത്തിലൂടെ വേണ്ടെന്നു വെച്ചത്. ഏപ്രില്‍ ഒന്നു മുതല്‍ നടപ്പിലാക്കിയ ഇന്ത്യന്‍ മദ്യത്തിന്റെ നിരോധത്തിന് സംസ്ഥാന വ്യാപകമായി സ്ത്രീകളും കുട്ടികളും നല്‍കിയ പിന്തുണയാണ് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യങ്ങള്‍ കൂടെ നിരോധിക്കാന്‍ സര്‍ക്കാറിന് പ്രേരണയായത്.
ബീഹാര്‍ പ്രൊഹിബിഷന്‍ ആന്റ് എക്‌സൈസ് ആക്ട് 2016 പ്രകാരം മദ്യവും ലഹരി പദാര്‍ഥങ്ങളും ഉപയോഗിക്കുന്നവരെയും കടത്തുന്നവരെയും കാത്തിരിക്കുന്നത് കടുത്ത ശിക്ഷകളാണ്. വീടുകളിലും പരിസരങ്ങളിലും മദ്യവും ലഹരിപദാര്‍ഥങ്ങളും സൂക്ഷിച്ചതായി തെളിഞ്ഞാല്‍ ഇതേക്കുറിച്ച് അറിവുണ്ടായിരുന്ന വീട്ടിലെ മുഴുവന്‍ മുതിര്‍ന്ന അംഗങ്ങള്‍ക്കും പത്ത് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ഉറപ്പാണ്. മദ്യവും ലഹരി പദാര്‍ഥങ്ങളും കടത്താന്‍ വാഹനങ്ങളും ഉപകരണങ്ങളും വിട്ടുനല്‍കുന്നവര്‍ ഇനി രണ്ടുവട്ടം ആലോചിക്കണം. കാരണം മദ്യം കടത്തിയവരുടെ അതേ ശിക്ഷ വാഹന ഉടമക്കും ലഭിക്കും. മദ്യപാനികള്‍ക്കൊപ്പം മദ്യപാനത്തിന് സൗകര്യം ചെയ്തുകൊടുക്കുന്ന സ്ഥല ഉടമകളും ഉത്തരവാദിയായിരിക്കും. വീടുകളില്‍ മദ്യം കണ്ടെത്തിയാല്‍ വീടുകള്‍ സീല്‍ ചെയ്ത് ഏറ്റെടുക്കാന്‍ ഇത് സര്‍ക്കാറിന് അധികാരം നല്‍കുന്നു. ഒരു പ്രദേശത്തെ ജനങ്ങള്‍ കൂട്ടത്തോടെ മദ്യവും ലഹരി പദാര്‍ഥങ്ങളും ഉപയോഗിക്കുന്നതായി തെളിഞ്ഞാല്‍ ആള്‍ക്കൂട്ടത്തിന് മുഴുവനായോ ഗ്രോമത്തിന് മുഴുവനായോ പിഴ ചുമത്താന്‍ ജില്ലാ കലക്ടര്‍ക്ക് നിയമം അധികാരം നല്‍കുന്നു. സ്ത്രീകളെയും കുട്ടികളെയും മദ്യം കടത്താനോ സൂക്ഷിക്കാനോ പ്രേരിപ്പിച്ചാല്‍ പ്രേരിപ്പിച്ച ആള്‍ക്ക് ജീവപര്യന്തം തടവ് നിയമം ഉറപ്പ്. പത്രമാധ്യമങ്ങള്‍, ചാനലുകള്‍, മറ്റു മാധ്യമങ്ങള്‍ എന്നിവ വഴി മദ്യത്തിന്റെ പരസ്യം നല്‍കിയാല്‍ അഞ്ച് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കും. നിയമം ദുരുപയോഗം ചെയ്യുന്ന പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മൂന്ന് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമടക്കാനുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി നിയമം ദുരുപയോഗം ചെയ്ത് നിരപരാധികളെ പീഡിപ്പിക്കാനുള്ള സാഹചര്യവും ഒഴിവാക്കി.
സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ട് നിതീഷ് സര്‍ക്കാര്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന വര്‍ധിച്ച ജനപിന്തുണയാണ് ഇത്തരമൊരു തീരുമാനത്തിന് ബീഹാര്‍ സര്‍ക്കാറിന് പ്രേരണയായത്. ചെറിയ ക്ലാസുകളില്‍ പഠനം നിറുത്തിയിരുന്ന പെണ്‍കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പോകാന്‍ സൗജന്യമായി സൈക്കിള്‍ നല്‍കിയതോടെ പഠനം തുടരുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കണ്ടത്. സൈക്കിള്‍ വിതരണത്തില്‍ ഉദ്യോഗസ്ഥ അഴിമതി മണത്ത സര്‍ക്കാര്‍ സൈക്കിള്‍ വാങ്ങാനാവശ്യമായ പണം രക്ഷിതാക്കള്‍ക്ക് നേരിട്ടു നല്‍കി. സര്‍ക്കാര്‍ കണക്കു പ്രകാരം ബഹുഭൂരിപക്ഷം രക്ഷിതാക്കളും ഇതിനോട് തങ്ങളുടെ വിഹിതം കൂടെ ചേര്‍ത്ത് കൂടുതല്‍ നല്ല സൈക്കിളുകള്‍ വാങ്ങി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതുവഴി ധ്രുവീകരിക്കപ്പെട്ട സ്ത്രീ വോട്ടര്‍മാരുടെ പിന്തുണയാണ് ബീഹാറില്‍ നരേന്ദ്ര മോദി നേരിട്ടു നേതൃത്വം നല്‍കിയ എന്‍ ഡി എയെ മലര്‍ത്തിയടിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ സ്ത്രീ വോട്ടര്‍മാര്‍ക്ക് മദ്യനിരോധം നടപ്പിലാക്കുമെന്ന് അദ്ദേഹം നല്‍കിയ ഉറപ്പ് ഇപ്പോള്‍ അക്ഷരാര്‍ഥത്തില്‍ നടപ്പിലാക്കിയിരിക്കുന്നു.
ഇന്ത്യയില്‍ സമ്പൂര്‍ണ മദ്യനിരോധം നടപ്പിലാക്കിയ സംസ്ഥാനങ്ങളില്‍ ലക്ഷദ്വീപില്‍ മാത്രമേ യഥാര്‍ഥ നിരോധം നിലവിലുള്ളൂ. അത് നിയമത്തേക്കാളുപരി വിശ്വാസപരമായി മദ്യം നിഷിദ്ധമാണെന്ന് ആളുകള്‍ കണുന്നതു കൊണ്ടാണ്. ഗുജറാത്തിലും മണിപ്പൂരിലും നാഗാലാന്റിലും കരിഞ്ചന്തയില്‍ മദ്യം സുലഭമാണ്. നാഗാലാന്റില്‍ വ്യാജ മദ്യഫാക്ടറികള്‍ വരെയുണ്ട്. നിയമത്തിന്റെ കാര്‍ക്കശ്യക്കുറവാണ് മദ്യത്തിന്റെ ലഭ്യത ഈ സംസ്ഥാനങ്ങളില്‍ ഉണ്ടാകാന്‍ കാരണമെന്നതാണ് ഇത്തരമൊരു കടുത്ത നിയമത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ ഇന്ത്യന്‍ നിര്‍മിത മദ്യത്തിന് ഏര്‍പ്പെടുത്തിയ നിരോധത്തിനു ശേഷം ചെല്ലുന്നിടത്തെല്ലാം സമ്പൂര്‍ണ മദ്യനിരോധത്തിനായുള്ള സ്ത്രീകളുടെ നിവേദനങ്ങളായിരുന്നു നിതീഷ് കുമാറിനെ കാത്തിരുന്നത്. ഇപ്പോഴത്തെ നിയമം നടപ്പാക്കിയതോടെ ബീഹാര്‍ സംസ്ഥാന ബീവറേജസ് കോര്‍പറേഷന്റെ 655 ഔട്ട്‌ലറ്റുകളാണ് ഒറ്റയടിക്ക് പൂട്ടിയത്.
നിയമം ആദ്യമായി നടപ്പിലാക്കേണ്ടത് അത് നിര്‍മിക്കുന്നവരുടെ ഇടയിലാണെന്ന തത്വം മുറുകെപ്പിടിച്ചാണ് ബീഹാര്‍ നിയമസഭയിലെ മുഴുവന്‍ അംഗങ്ങളെക്കൊണ്ടും അദ്ദേഹം മദ്യവും ലഹരി പദാര്‍ഥങ്ങളും ഉപയോഗിക്കില്ലെന്ന് ആദ്യമായി പ്രതിജ്ഞയെടുപ്പിച്ചത്. പിന്നീട് സെക്രട്ടറിയറ്റ് ജീവനക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്ന ക്രമത്തില്‍ പ്രതിജ്ഞയെടുത്തു. വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ മദ്യം കഴിക്കില്ലെന്ന പ്രതിജ്ഞ എഴുതി ഒപ്പിട്ട് അധ്യാപകരെ ഏല്‍പിച്ചു. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും പ്രതിജ്ഞാ ചടങ്ങുകള്‍ നടന്നു. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തില്‍ വലിയ കുറവുണ്ടാക്കുമെങ്കിലും മദ്യവും ലഹരി പദാര്‍ഥങ്ങളും ഉപയോഗിക്കുന്നത് അവസാനിപ്പിക്കുന്നത് മൂലം ഇല്ലാതാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ അതിനേക്കാള്‍ വലുതാണെന്നാണ് സര്‍ക്കാര്‍ നിഗമനം. ബി ജെ പി അടക്കമുള്ള എതിരാളികള്‍ നിയമത്തെ കരിനിയമമെന്ന് ആക്ഷേപിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കാന്‍ ഉറച്ച തീരുമാനമെടുത്ത നിതീഷ്‌കുമാര്‍ വിട്ടുവീഴ്ചക്ക് തയാറായില്ല.
അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് ബദലാകുമെന്നു കരുതുന്ന നിതീഷ്‌കുമാര്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മദ്യ നിരോധനം നടപ്പിലാക്കാന്‍ വെല്ലുവിളിക്കുകയാണ്. നരേന്ദ്ര മോദിയുടെ വരാണസിയിലടക്കം ഉത്തര്‍ പ്രദേശില്‍ ഈ വര്‍ഷം അദ്ദേഹം പങ്കെടുത്ത ആറ് റാലികളിലും വന്‍ ജനക്കൂട്ടമാണെത്തിയത്. ഇത് മദ്യനിരോധ ത്തിലൂടെ സ്ത്രീകള്‍ക്കിടയിലുണ്ടായ പിന്തുണയാണ് സൂചിപ്പിക്കുന്നത്. ഒരു കാലത്ത് കാട്ടുനീതി നിലവിലുണ്ടായിരുന്ന സംസ്ഥാനത്ത് ക്രിമിനലുകള്‍ക്കെതിരെ, അവര്‍ സ്വന്തം പാര്‍ട്ടിക്കാരായാല്‍ പോലും മുഖം നോക്കാതെ നടപടിയെടുക്കുന്നതും നിതീഷ്‌കുമാറിന് ജനപ്രീതി നല്‍കുന്നു.