സലഫി ഭീകരര്‍ യമനിലെ സൂഫി പണ്ഡിതന്റെ മഖ്ബറയും പള്ളിയും തകര്‍ത്തു

Posted on: August 2, 2016 10:30 am | Last updated: August 2, 2016 at 10:30 am
YEMEN
തകര്‍ത്ത സുപ്രസിദ്ധ സൂഫി പണ്ഡിതന്റെ മഖ്ബറയും പള്ളിയും

ആദന്‍: യമനിലെ തായിസില്‍ സുപ്രസിദ്ധ സൂഫി പണ്ഡിതന്റെ മഖ്ബറയും പള്ളിയും സലഫി ഭീകരവാദികള്‍ തകര്‍ത്തു. പതിനാറാം നൂറ്റാണ്ടിലെതെന്ന് കണക്കാക്കപ്പെടുന്ന തായിസിലുള്ള പള്ളിയും മഖ്ബറയുമാണ് റാഡിക്കല്‍ ഇസ്‌ലാമിസ്റ്റുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന സലഫി ഭീകരവാദികള്‍ തകര്‍ത്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സലഫി ഭീകരവാദികളുടെ പ്രാദേശിക നേതാവായി അറിയപ്പെടുന്ന അബൂ അല്‍അബ്ബാസിന്റെ നേതൃത്വത്തിലാണ് പള്ളിക്കും മഖ്ബറക്കും നേരെ ആക്രമണം നടന്നത്. സംഭവം വാര്‍ത്താ മാധ്യമങ്ങളെല്ലാം സ്ഥിരീകരിച്ചിട്ടുണ്ട്. തായിസിലെ ചരിത്രപ്രധാനമായി കണക്കാക്കപ്പെട്ടിരുന്ന പള്ളിക്ക് നേരെ സലഫി ഭീകരര്‍ നടത്തിയ ആക്രമണത്തിനെതിരെ വ്യാപകമായ രോഷം ഉയരുന്നുണ്ട്.

യമനിലെ പുരാവസ്തു വിഭാഗവും മ്യൂസിയം ഡിപ്പാര്‍ട്ട്‌മെന്റും ഹീനമായ ഈ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. ഈ പള്ളിക്കും മഖ്ബറക്കും മുകളിലുണ്ടായിരുന്ന വെളുത്ത വലിയ മിനാരം യമനിലെ ഏറ്റവും വലിയ ഖുബ്ബകളിലൊന്നായാണ് കണക്കാക്കപ്പെട്ടിരുന്നത്. സലഫി ഭീകരവാദികള്‍ അഴിഞ്ഞാടിയ ശേഷമുള്ള മഖ്ബറയുടെയും പള്ളിയുടെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിച്ചിരുന്നു. പാരമ്പര്യ ഇസ്‌ലാമിന്റെ ദര്‍ശനങ്ങളെ തള്ളിക്കളഞ്ഞ് രംഗത്തെത്തിയ സലഫി പ്രസ്ഥാനങ്ങള്‍ സൂഫിസത്തിനെതിരെയും സൂഫി മഖ്ബറകള്‍ക്ക് നേരെയും വ്യാപകമായ തോതില്‍ നേരത്തെയും ആക്രമണം നടത്തിയിരുന്നു. തായിസില്‍ സലഫികള്‍ നടത്തുന്ന അതിക്രമങ്ങളെ സംബന്ധിച്ച് പ്രദേശവാസികള്‍ ആശങ്കയിലാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളുടെയെല്ലാം ആശയ സ്രോതസ്സ് സലഫിസമാണെന്ന് വ്യക്തമായിരിക്കുകയാണ്.