സഊദി ജയിലില്‍ കഴിയുന്ന ഗൃഹനാഥനെ കാത്ത് കണ്ണീരോടെ നിര്‍ധന കുടുംബം

Posted on: July 30, 2016 6:00 am | Last updated: July 30, 2016 at 12:10 am
SHARE
ബിജുവിന്റെ കുടുംബം
ബിജുവിന്റെ കുടുംബം

തിരുവനന്തപുരം: സഊദി അറേബ്യയില്‍ തടവില്‍ കഴിയുന്ന യുവാവിന്റെ മോചനത്തിന് നിറകണ്ണുകളോടെ നിര്‍ധനകുടുംബം അധികതൃതരുടെ കനിവിനായി കേഴുന്നു. ഇന്ത്യന്‍ എംബസി, മുഖ്യമന്ത്രി, എം പി തുടങ്ങി നിരവധി വാതിലുകള്‍ മുട്ടിയെങ്കിലും ഒരു കുടുംബത്തിന്റെ അത്താണിയായിരുന്ന ബിജുവിന്റെ മോചനം ഇതുവരെ സാധ്യമായിട്ടില്ല. രണ്ടര വര്‍ഷം മുമ്പാണ് കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാക്കാന്‍ കൊല്ലം അഞ്ചല്‍ സ്വദേശി തരുവിള വീട്ടില്‍ ബിജു സഊദിയിലേക്ക് ജോലിക്ക് പോയത്.
ആകെയുണ്ടായിരുന്ന ആറ് സെന്റ് സ്ഥലവും വീടും പണയപ്പെടുത്തിയാണ് വിസക്കാവശ്യമായ പണം കണ്ടെത്തിയത്. കൊല്ലത്തെ ഒരു ഏജന്റ് മുഖേനയാണ് 42 കാരമായ ബിജു ഡ്രൈവര്‍ ജോലി തരപ്പെടുത്തിയത്.
ഒരു വര്‍ഷം മുമ്പ് സഊദിയില്‍ വാഹനം ഓടിക്കുന്നതിനിടെയില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് സഊദി സ്വദേശി മരണപ്പെട്ടിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിജുവും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ആശുപത്രി വിട്ടതോടെ ബിജുവിനെ സഊദിയിലെ ജയിലേക്ക് മാറ്റി. പിന്നീടിങ്ങോട്ട് ഭാര്യക്കും കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കും ബിജുവിനോട് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. അപകടത്തില്‍ തകര്‍ന്ന വാഹനത്തിന് നഷ്ട പരിഹാരം നല്‍കിയാല്‍ മാത്രമേ നാട്ടിലേക്ക് കയറ്റി അയക്കുവെന്ന് സ്‌പോണ്‍സറും നിലപാട് കടിപ്പിച്ചതോടെ ഈ കുടുംബത്തിന്റെ ആശയറ്റിരിക്കുകയാണ്.
മോചനത്തിനായി 60 ലക്ഷം രൂപയാണ് സ്‌പോണ്‍സര്‍ ബിജുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി ജയിലില്‍ ബിജു നരകയാതന അനുഭവിക്കുകയാണെന്ന് ഭാര്യ പ്രേമകുമാരി പറയുന്നു. ഹൃദ്രോഗവും, രക്തസമ്മര്‍ദ്ദവും, പ്രമേഹവുമുള്ള ബിജുവിന് ചികിത്സപോലും ലഭിക്കുന്നില്ല. ബിജുവിനൊപ്പം ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത് മുഖേനയാണ് ബിജുവിന്റെ വിവരങ്ങള്‍ നാട്ടിലുള്ള കുടുംബം അറിയുന്നത്. ബിജു ജയിലിലായതോടെ കടമെടുത്ത രൂപ തിരിച്ചടയ്ക്കാനായില്ല. ഇപ്പോള്‍ ബേങ്ക് ജീവനക്കാരും ജപ്തിഭീഷണിയുമായി വരുന്നുണ്ട്. രോഗിയായ ഭര്‍ത്തൃമാതാവ് സരസ്സമ്മയും മക്കളും പ്രേമകുമാരി തൊഴിലെടുത്ത് കിട്ടുന്ന വരുമാനം കൊണ്ടായിരുന്ന പട്ടിണിയില്ലാതെ കഴിഞ്ഞിരുന്നത്.
കശുവണ്ടി മേഖലയിലെ പ്രതിസന്ധിമൂലം ഫാക്ടറികള്‍ അടച്ചിട്ടതോടെ തൊഴില്‍ നഷ്ടപ്പെട്ട ഇവര്‍ പട്ടിണിയകറ്റാനായി മറ്റുള്ളവരുടെ സഹായം കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍. കൊല്ലം അഞ്ചല്‍ വെസ്റ്റ് ഗവണ്‍മെന്റ് സൂകളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ വിവേകിന്റെയും ആറാം ക്ലാസ് വിദ്യാര്‍ഥിയായ പ്രവീണിന്റെയും പഠനം പോലും മുടങ്ങുന്ന സ്ഥിതിയാണുള്ളത്.
ബന്ധപ്പെട്ട അധികൃതര്‍ എത്രയും വേഗം പ്രശനത്തില്‍ ഇടപെട്ട് ബിജുവിനെ നാട്ടിലെത്തിക്കണമെന്നാണ് ഈ കുടുംബം കണ്ണീരോടെ ആവശ്യപ്പെടുന്നത്.