ഗാന്ധിജിയെ വധിക്കുമെന്ന് ഗോള്‍വാക്കര്‍ ഭീഷണി മുഴക്കിയെന്ന് സി ഐ ഡി റിപ്പോര്‍ട്ട്

Posted on: July 28, 2016 11:42 am | Last updated: July 28, 2016 at 11:42 am
SHARE

golwakerന്യൂഡല്‍ഹി:മഹാത്മാഗാന്ധിയെക്കൊന്നത് ആര്‍ എസ് എസുകാരാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരാമര്‍ശം നടത്തിയതിന് വിചാരണ നേരിടുകയോ മാപ്പ് പറയുകയോ ചെയ്യണമെന്ന സുപ്രീംകോടതി നരീക്ഷണത്തിന് പിന്നാലെ ആര്‍എസ്എസ് നേതാവായിരുന്ന ഗോള്‍വാക്കര്‍ മഹാത്മാ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നതായി വ്യക്തമാക്കുന്ന സി ഐ ഡി റിപ്പോര്‍ട്ട് പുറത്തുവന്നു.

ഗാന്ധി കൊല്ലപ്പെടുന്നതിനു മാസങ്ങള്‍ക്കു മുമ്പ് ഡല്‍ഹി പോലീസിലെ കുറ്റാന്വേഷണ വിഭാഗം ഇന്‍സ്പെക്ടര്‍ കരണ്‍സിംഗ് സമര്‍പ്പിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഒരു ദേശീയ മാധ്യമമാണ് കഴിഞ്ഞ ദിവസം പുറത്തു കൊണ്ടുവന്നത്.
1947 ഡിസംബര്‍ എട്ടിന് ആര്‍ എസ് എസ് വളണ്ടിയര്‍ വിഭാഗമായ സേവക് ക്യാമ്പില്‍ വെച്ചാണ് ഗാന്ധിജിയെ വധിക്കാനുള്ള ആഹ്വാനം ഗോള്‍വാക്കര്‍ നടത്തിയെതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

GANDHI MURDERഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഗോള്‍വാക്കര്‍ ഗാന്ധിയെ നിശ്ശബ്ദനാക്കാന്‍ ആര്‍ എസ് എസിനു മുന്നില്‍ വഴികളുണ്ടെന്ന് അവകാശപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വരാനിരിക്കുന്ന പ്രതിസന്ധിയെ സര്‍വശക്തിയുമുപയോഗിച്ച് അഭിമുഖീകരിക്കേണ്ടതുണ്ട്. ഇത് എല്ലാവരുടേയും ഉത്തരവാദിത്തമാണെന്നും പാകിസ്ഥാനെ തീര്‍ക്കാതെ സംഘിന് തൃപ്തിയോടെ വിശ്രമിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ വഴിയില്‍ ആരെങ്കിലും തടസമായി നില്‍ക്കുകയാണെങ്കില്‍ അവരെ തീര്‍ത്തുകളയണം. അത് നെഹ്റു സര്‍ക്കാറായാലും മറ്റേത് സര്‍ക്കാറായാലും. സംഘ് ഒരിക്കലും തോറ്റുകൊടുക്കാന്‍ പാടില്ലെന്നും പ്രസംഗത്തിനിടയില്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊതുജനത്തെ ഭയപ്പെടുത്തുന്നതിനും ആര്‍ എസ് എസിന് അവരുടെ മേല്‍ സ്വാധീനമുറപ്പിക്കുന്നതിനുമായി ഡിസംബര്‍ എട്ടിന് ഡല്‍ഹിയില്‍ രാജ്യത്തെ എല്ലായിടത്തുനിന്നുമുള്ള പ്രതിനിധികളുടെ യോഗം നടക്കുമെന്നും ഭാവി കാര്യങ്ങള്‍ ആ യോഗത്തില്‍ തീരുമാനിക്കുമെന്നും അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ മുസ്ലിംകളെ സംരക്ഷിക്കാന്‍ മഹാത്മാഗാന്ധി താത്പര്യപ്പെടുന്നത് തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിനു അവരുടെ വോട്ടുകൊണ്ട് നേട്ടമുണ്ടാക്കാമെന്ന് ലക്ഷ്യമിട്ടാണ്. പക്ഷേ ആ സമയമാകുമ്പോഴേക്കും ഒരൊറ്റ മുസ്ലിം പോലും ഇന്ത്യയില്‍ ബാക്കിയുണ്ടാവില്ല. അവര്‍ക്ക് ഇവിടെ കഴിയണമെന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാറിനായിരിക്കണം. ഹിന്ദു സമൂഹം ഉത്തരവാദിയായിരിക്കില്ല.

മഹാത്മാഗാന്ധിക്ക് അധികകാലം അവരെ തെറ്റിദ്ധരിപ്പിക്കാനാവില്ല. അദ്ദേഹത്തെപ്പോലുള്ളവരെ നിശ്ശബ്ദനാക്കാനുള്ള വഴിയൊക്കെ നമ്മുടെ കൈയിലുണ്ട്. ഹിന്ദുക്കള്‍ക്ക് എതിരാകരുതെന്നതാണ് നമ്മുടെ പാരമ്പര്യം. പക്ഷേ നിര്‍ബന്ധിതരായാല്‍ ആ മാര്‍ഗം സ്വീകരിക്കേണ്ടിവരും. ഈ രഹസ്യയോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അന്നത്തെ സര്‍ക്കാറിന് അറിവുണ്ടായിരുന്നു എന്നത് ലക്നൗ സിഐഡി മേധാവിയുടെ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.