അംഗീകാരമില്ല, പരിശോധനകളും; ഇത് ജീവന്‍ തട്ടും തട്ടുകടകള്‍

Posted on: July 25, 2016 12:53 pm | Last updated: July 25, 2016 at 12:53 pm
SHARE

thattukadaമലപ്പുറം:ആവി പറക്കും ഭക്ഷണം തേടി തട്ടുകടകളിലേക്ക് പോകുന്നവര്‍ തിരിച്ചുപോകുന്നത് രോഗവുമായി. ഭക്ഷണത്തോടൊപ്പം രോഗാണുക്കളെ കൂടിയാണ് പലയിടങ്ങളില്‍ നിന്നും അകത്താക്കുന്നത്. കോളറ, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമ്പോഴാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ ആയിരക്കണക്കിന് തട്ടുകടകള്‍ പ്രവര്‍ ത്തിക്കുന്നത്. സംസ്ഥാത്തെ 80 ശതമാനം തട്ടുകടകളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അംഗീകാരമില്ലാത്തവയാണ്. ആകെയുള്ള 11,033 തട്ടുകടകളില്‍ 2,255 എണ്ണത്തിന് മാത്രമാണ് അംഗീകാരമുള്ളത്.

തിരുവനന്തപുരം, കാസര്‍കോട് ജില്ലകളിലാണ് അംഗീകാരമില്ലാത്ത തട്ടുകടകള്‍ കൂടുതല്‍. 19.5 ശതമാനം തട്ടുകടകള്‍ മാത്രമാണ് തദ്ദേശ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും അംഗീകാരമുള്ള കടകള്‍ 11.27 ശതമാനം മാത്രമാണ്. കേരളത്തിലെ ഹോട്ടലുകളില്‍ 1771 എണ്ണത്തിന് മാത്രമാണ് അംഗീകാരമുള്ളത്. ആകെ 4762 ഹോട്ടലുകളുണ്ടെന്നാണ് കണക്ക്. 36507 റസ്റ്റോറന്റുകളാണ് സംസ്ഥാനത്താകെയുള്ളത്. ഇതില്‍ 14158 എണ്ണത്തിന് മാത്രമാണ് ശുചിത്വ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളത്.

മലപ്പുറത്ത് കഴിഞ്ഞ ദിവസം കോളറ കണ്ടെത്തിയവര്‍ കുറ്റിപ്പുറത്തെ രണ്ട് ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവരായിരുന്നു. 15 പേരാണ് കോളറ ബാധിതരായി ചികിത്സ തേടിയത്. ഇതേത്തുടര്‍ന്ന് രണ്ട് ഹോട്ടലുകളും ആരോഗ്യ വകുപ്പ് ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് പൂട്ടിയിരിക്കുകയാണ്.

ഭക്ഷണശാലകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തണമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ നിര്‍ദേശമുണ്ടെങ്കിലും പാലിക്കപ്പെടാറില്ല. ഫൂട്പാത്തിലും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവര്‍ത്തിക്കുന്ന തട്ടുകടകളിലേക്ക് കൊണ്ടുവരുന്ന വെള്ളം എവിടെ നിന്നാണെന്ന് പോലും ആരും അറിയാറില്ല. ആറ് മാസത്തിലൊരിക്കല്‍ അംഗീകാരമുള്ള അനലിറ്റിക്കല്‍ ലാബില്‍ വെള്ളം പരിശോധിച്ച് ശുദ്ധമാണെന്ന് ഉറപ്പുവരുത്തണമെന്ന നിബന്ധനകളും യാഥാര്‍ഥ്യമാകുന്നില്ല. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും നടത്തുന്ന ജല പരിശോധന പലപ്പോഴും പേരിന് മാത്രമാണ്.